ദുബായ്: രാജസ്ഥാൻ റോയൽസിനെതിരേ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഫീൽഡിങ് തിരഞ്ഞെടുത്തു. ഇരുടീമുകളും കഴിഞ്ഞ കളിയിൽ ഇറങ്ങിയ അന്തിമ ഇലവനിൽ ഒരു മാറ്റം വരുത്തിയാണ് പോരാട്ടത്തിന് ഇറങ്ങിയത്. ബാംഗ്ലൂരിൽ കൈൽ ജാമിസണ് പകരം ജോർജ് ഗാർട്ടൺ കളിക്കും. ഗാർട്ടന്റെ ഐ.പി.എൽ അരങ്ങേറ്റ മത്സരമാണിത്.

രാജസ്ഥാൻ നിരയിൽ ജയ്ദേവ് ഉദനദ്കട്ടിന് പകരം കാർത്തിക്ക് ത്യാഗി ടീമിൽ ഇടം നേടി.നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തകർത്താണ് ബാംഗ്ലൂർ വരുന്നത്. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ബാംഗ്ലൂർ ഇറങ്ങുന്നതെങ്കിൽ വിജയവഴിയിൽ തിരിച്ചെത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കാനാണ് സഞ്ജു സാംസണിന്റെ നേതൃത്വിത്തിൽ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്.

10 മത്സരങ്ങൾ വീതം കളിച്ച രാജസ്ഥാൻ റോയൽസിന് എട്ടു റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 12 ഉം പോയന്റാണുള്ളത്. ക്യാപ്റ്റൻ സഞ്ജു സാംസണും മഹിപാൽ ലോമറോറുമൊഴികെ ബാറ്റിങ് നിരയിൽ ആരും ഫോമിലല്ലെന്നതാണ് രാജസ്ഥാന് തിരിച്ചടിയാകുന്നത്. എവിൻ ലൂയിസും ലിയാം ലിവിംസ്റ്റണും പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല ഇതുവരെ. മധ്യനിരയിൽ റിയാൻ പരാഗും രാഹുൽ തിവാത്തിയ നിറം മങ്ങി.

മറുവശത്ത് കരുത്തരായ മുംബൈ ഇന്ത്യൻസിനെ തകർത്താണ് ബാംഗ്ലൂർ ഇറങ്ങുന്നത്. ക്യാപ്റ്റൻ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ഗ്ലെൻ മാക്‌സ്വെല്ലും ഫോമിലാണ്. എ ബി ഡിവില്ലിയേഴ്‌സ് ഇതുവരെ ഫോമിലെത്തിയിട്ടില്ലെന്നത് മാത്രമാണ് ബാംഗ്ലൂരിന്റെ ഏക തലവേദന.