- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
52 പന്തിൽ 67 റൺസ്; ഒറ്റയാൾ പോരാട്ടവുമായി ജോസ് ബട്ലർ; നിറം മങ്ങി സഞ്ജുവും ഹിറ്റ്മെയറും; രാജസ്ഥാന് എതിരെ മുംബൈ ഇന്ത്യൻസിന് 159 റൺസ് വിജയലക്ഷ്യം; മികച്ച തുടക്കമിട്ട് രോഹിതും ഇഷാനും
മുംബൈ: ജോസ് ബട്ലറിന്റെ തകർപ്പൻ ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസിനെതിരെ 159 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. ഓപ്പണർ ജോസ് ബട്ലർ 52 പന്തിൽ 67 റൺസെടുത്തു പുറത്തായി. 48 പന്തുകളിൽനിന്നാണ് ബട്ലർ അർധസെഞ്ചുറി തികച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 16 റൺസെടുത്ത് പുറത്തായി. മുംബൈക്കായി റിലെ മെറിഡിത്തും ഹൃത്വിക് ഷൊക്കീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഭേദപ്പെട്ട തുടക്കമാണ് ബാറ്റിങ്ങിൽ രാജസ്ഥാനു ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 26 റൺസിന്റെ കൂട്ടുകെട്ട്. 15 പന്തിൽ 15 റൺസെടുത്ത് ഓപ്പണർ ദേവ്ദത്ത് പടിക്കൽ പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസണും നിലയുറപ്പിക്കാൻ സാധിക്കാതെ പോയതോടെ രാജസ്ഥാൻ ബാറ്റിങ്ങിന്റെ തീവ്രത കുറഞ്ഞു. ഏഴു പന്തുകളിൽനിന്ന് രണ്ടു സിക്സുൾപ്പെടെ 17 റൺസെടുത്ത സഞ്ജു ആദ്യ മത്സരം കളിക്കുന്ന മുംബൈ സ്പിന്നർ കാർത്തികേയയുടെ പന്തിലാണു പുറത്തായത്.
നാല് ഓവറുകളെറിഞ്ഞ കാർത്തികേയ വെറും 19 റൺസാണ് മധ്യ ഓവറുകളിൽ വിട്ടുകൊടുത്തത്. ഡാരിൽ മിച്ചൽ 20 പന്തിൽ 17 റൺസെടുത്തു മടങ്ങി. ഹൃത്വിക് ഷോകിന്റെ 16ാം ഓവറിൽ തുടർച്ചയായി നാലു സിക്സുകൾ അടിച്ച് ബട്ലർ രാജസ്ഥാൻ സ്കോർ 120 കടത്തിയെങ്കിലും ഇതേ ഓവറിലെ അവസാന പന്തിൽ പുറത്തായി. ഒരു സീസണിൽ രാജസ്ഥാനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും ബട്ലർ ഈ മത്സരത്തോടെ സ്വന്തമാക്കി. സീസണിൽ ഇതുവരെ ബട്ലർ 566 റൺസ് നേടിയിട്ടുണ്ട്.
റിയാൻ പരാഗ് മൂന്നു പന്തിൽ മൂന്ന് റൺസ് മാത്രമെടുത്തു പുറത്തായി. അവസാന ഓവറുകളിൽ റൺസ് കണ്ടെത്തിയ ആർ. അശ്വിൻ ഒൻപതു പന്തിൽ 21 എടുത്തു മടങ്ങി. ഹെറ്റ്മിയറിനു പതിവു ഫോം കണ്ടെത്താൻ സാധിച്ചില്ല. 14 പന്തുകൾ നേരിട്ട താരം ആറു റൺസ് മാത്രമാണു നേടിയത്. മുംബൈ ഇന്ത്യൻസിനു വേണ്ടി ഹൃത്വിക് ഷോകീൻ, റിലെ മെറിഡിത് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഡാനിയൽ സാംസ്, കുമാർ കാർത്തികേയ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.
സ്പോർട്സ് ഡെസ്ക്