- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കന്നി ഐപിഎൽ സെഞ്ചുറിയുമായി ബട്ലർ; വെടിക്കെട്ട് ഇന്നിങ്ങ്സിൽ നേടിയത് 64 പന്തിൽ 124; ഹൈദരാബാദിന് 221 റൺസ് വിജയലക്ഷ്യം
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) തന്റെ കന്നി സെഞ്ചുറിയുമായി തകർത്തടിച്ച ഇംഗ്ലിഷ് താരം ജോസ് ബട്ലറിന്റെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ തുടക്കം മുതൽ തകർത്തടിച്ച ബട്ലറിന്റെ സെഞ്ചുറിക്കരുത്തിൽ രാജസ്ഥാൻ ഹൈദരാബാദിനു മുന്നിൽ ഉയർത്തിയത് 221 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 220 റൺസെടുത്തത്. ഓപ്പണറായെത്തിയ ബട്ലർ 64 പന്തിൽ 11 ഫോറും എട്ടു സിക്സും സഹിതം 124 റൺസെടുത്തു. നേരത്തെ, 56 പന്തിൽ 10 ഫോറും അഞ്ച് സിക്സും സഹിതമാണ് ബട്ലർ സെഞ്ചുറി പൂർത്തിയാക്കിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 13 പന്തിൽ രണ്ടു ഫോറുകൾ സഹിതം 12 റൺസെടുത്ത ഓപ്പണർ യശ്വസ്വി ജയ്സ്വാൾ മൂന്നാം ഓവറിൽത്തന്നെ പുറത്തായി. അപ്പോൾ രാജസ്ഥാൻ സ്കോർ 17 റൺസ് മാത്രം.പിന്നീടാണ് രാജസ്ഥാന്റെ തലവരമാറ്റിയ കൂട്ടുകെട്ട് പിറന്നത്. നാലാം ഓവറിൽ ഒരുമിച്ച സഞ്ജു സാംസൺ ജോസ് ബട്ലർ സഖ്യം തകർത്തടിച്ചു മുന്നേറുകയായിരുന്നു.ഏഴാം ഓവറിൽ രാജസ്ഥാൻ 50 കടന്നു. വെറും 29 പന്തിൽനിന്ന് സഞ്ജു ബട്ലർ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടും കടന്നു. അവിടെനിന്ന് സെഞ്ചുറി കൂട്ടുകെട്ടു പൂർത്തിയാക്കാൻ വേണ്ടിവന്നത് 34 പന്തുകൾ. 16ാം ഓവറിൽ രാജസ്ഥാനെ ഇരുവരും ചേർന്ന് 150 കടത്തി. ആകെ 82 പന്തുകൾ ക്രീസിൽനിന്ന സഞ്ജുവും ബട്ലറും രാജസ്ഥാൻ സ്കോർ ബോർഡിലെത്തിച്ചത് 150 റൺസ്!
സ്കോർ 167ൽ നിൽക്കെ സഞ്ജു സാംസണിനെ പുറത്താക്കി വിജയ് ശങ്കറാണ് കൂട്ടുകെട്ട് പൊളിച്ചത്. വിജയ് ശങ്കറിനെതിരെ സിക്സറിനുള്ള സഞ്ജുവിന്റെ ശ്രമം ബൗണ്ടറിക്കരികെ അബ്ദുൽ സമദിന്റെ തകർപ്പൻ ക്യാച്ചിൽ അവസാനിച്ചു. 33 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 48 റൺസെടുത്താണ് സഞ്ജു മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ യുവതാരം റിയാൻ പരാഗിനെ സാക്ഷിയാക്കി ജോസ് ബട്ലർ സെഞ്ചുറി പൂർത്തിയാക്കി.റിയാൻ പരാഗ് എട്ടു പന്തിൽ ഒരു സിക്സർ സഹിതം 15 റൺസോടെയും ഡേവിഡ് മില്ലർ അവസാന പന്തിലെ സിക്സർ സഹിതം മൂന്നു പന്തിൽ ഏഴു റൺസോടെയും പുറത്താകാതെ നിന്നു.
സൺറൈസേഴ്സിനായി റാഷിദ് ഖാൻ നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കർ മൂന്ന് ഓവറിൽ 42 റൺസ് വഴങ്ങിയും സന്ദീപ് ശർമ നാല് ഓവറിൽ 50 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.ഐപിഎലിൽ സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം ഇംഗ്ലണ്ട് താരമാണ് ബട്ലർ. കെവിൻ പീറ്റേഴ്സൻ, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ എന്നിവരാണ് മുൻഗാമികൾ. ഇതിൽ സ്റ്റോക്സ് രണ്ടു തവണ സെഞ്ചുറി നേടിയിട്ടുണ്ട്.
വാർണർ ഉൾപ്പെടെ കഴിഞ്ഞ മത്സരത്തിൽ കളിച്ച മൂന്നു പേരെയാണ് ഈ മത്സരത്തിൽ സൺറൈസേഴ്സ് പുറത്തിരുത്തിയത്. സ്പിന്നർ സുചിത്, സിദ്ധാർഥ് കൗൾ എന്നിവരാണ് ഇന്ന് പുറത്തിരിക്കുന്നത്. പകരം അഫ്ഗാൻ താരം മുഹമ്മദ് നബി, ഭുവനേശ്വർ കുമാർ, അബ്ദുൽ സമദ് എന്നിവർ കളിക്കുന്നു. രാജസ്ഥാൻ നിരയിലും രണ്ടു മാറ്റങ്ങളുണ്ട്. ജയ്ദേവ് ഉനദ്കട്ടിനു പകരം കാർത്തിക് ത്യാഗി കളിക്കുമ്പോൾ, ശിവം ദുബെയ്ക്കു പകരം അനൂജ് റാവത്ത് അരങ്ങേറ്റം കുറിച്ചു.
സ്പോർട്സ് ഡെസ്ക്