- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐ പി എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; പ്ലേ ഓഫ് ഉറപ്പിക്കാൻ ഡൽഹിയും ആദ്യ നാലിലുറപ്പിക്കാൻ കൊൽക്കത്തയും; പഞ്ചാബിനും മുംബൈക്കും ഇന്ന് നിർണായകം
ഷാർജ: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വൈകിട്ട് 3.30ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി കാപിറ്റൽസിനെയും അബുദാബിയിൽ രാത്രി 7.30ന് തുടങ്ങുന്ന മത്സരം മുബൈ ഇന്ത്യൻസ് കിങ്ങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും.
ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനാണ് ഡൽഹി ഇറങ്ങുന്നത്. പ്ലേ ഓഫ് ബർത്തിനായുള്ള പോരാട്ടത്തിൽ പിന്നിലാകാതിരിക്കാനാണ് കൊൽക്കത്ത ഇറങ്ങന്നുന്നത്. ഷാർജയിൽ ഇന്ന് ജയിച്ചാൽ സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാകാം ക്യാപ്പിറ്റൽസിന്.കഗിസോ റബാഡ, ആന്റിച്ച് നോർകിയ, ആർ അശ്വിൻ, അക്സർ പട്ടേൽ, ആവേശ് ഖാൻ എന്നിവരുൾപ്പെട്ട ബൗളിങ് നിര സീസണിലെ തന്നെ ഏറ്റവും മികച്ചത്. സ്റ്റോയിനിസിന് പരിക്കേറ്റപ്പോൾ മൂന്ന് വിദേശതാരങ്ങളെ മാത്രം ഇറക്കിയതിൽ അറിയാം ഡൽഹിയുടെ ആത്മവിശ്വാസം.
ചെന്നൈക്കെതിരെ അവസാനപന്തിൽ തോൽവി വഴങ്ങിയെങ്കിലും മികച്ച നെറ്റ് റൺറേറ്റ് ഉള്ള കൊൽക്കത്ത ലക്ഷ്യമിടുന്നത് അഞ്ചാം ജയം. ഫീൽഡിംഗിനിടെ പരിക്കേറ്റ ആന്ദ്രേ റസൽ അന്തിമ ഇലവനിലെത്തുമോയെന്ന് ഉറപ്പില്ല. ഇരുടീമുകളും ആദ്യഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ , ഡൽഹിയാണ് ജയിച്ചത്. പരിക്കേറ്റ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നർ കുൽദീപ് യാദവ് നാട്ടിലേക്ക് മടങ്ങി. യുഎഇയിൽ ഫീൽഡിങ് പരിശീലനത്തിനിടെയാണ് കുൽദീപിന് പരിക്കേറ്റത്. കാൽമുട്ടിന് ഗുരുതര പരിക്കേറ്റ കുൽദീപിന് ആഭ്യന്തര സീസണും നഷ്ടമായേക്കും.
പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് കൊൽക്കത്ത. 10 മത്സരങ്ങളിൽ എട്ട് പോയിന്റാണ് അവർക്കുള്ളത്. ഡൽഹിക്ക് ഇത്രയും മത്സരങ്ങളിൽ 16 പോയിന്റുണ്ട്. ജയിച്ചാൽ ചെന്നൈയെ മറികടന്ന് ഒന്നാമതെത്താം.
രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനും പഞ്ചാബ് കിങ്സിനും ഏറെ നിർണ്ണായകമാണ് മത്സരം. മധ്യനിരയുടെ മോശം പ്രകടനമാണ് മുംബൈയെ വലയ്ക്കുന്നത്. ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് കൂടി ആശങ്കയാവുകയാണ് മുംബൈ ബാറ്റർമാർ. ആർസിബിക്കെതിരെ പുറത്തായ ഈ ഷോട്ട് മാത്രം മതി സൂര്യകുമാർ യാദവിന്റ ആത്മവിശ്വാസക്കുറവ് മനസ്സിലാക്കാൻ.സീസണിലെ 10 കളിയിലായി നേടിയത് 189 റൺസ് മാത്രം. 2018ലെ സീസണിൽ 512ഉം 2019ൽ 424ഉം കഴിഞ്ഞ വർഷം 480ഉം റൺസ് നേടിയ സൂര്യകുമാറിന്റെ സ്ട്രൈക്ക് റേറ്റ് ഇക്കുറി 130ലും താഴെയാണ്.
സൂര്യകുമാറിനേക്കാൾ ആശങ്ക ഉയരുന്നത് ഇഷാൻ കിഷന്റെ ഫോമിൽ. രോഹിത്തിന്റെ ഉറച്ച പിന്തുണ ഉള്ള ഇഷാൻ എട്ട് ഇന്നിങ്സിൽ നേടിയത് 107 റൺസ് മാത്രം. ഒരിക്കൽ പോലും 30 കടന്നില്ല. മൂന്നാമായി കീസിലെത്തുന്ന ഇഷാന്റെ സ്ട്രൈക്ക് റേറ്റ് ഞെട്ടിക്കും. ആർസിബിയുമായുള്ള മത്സരത്തിന് ശേഷം ദീർഘസമയം കോലിയുമായി സംസാരിക്കുമ്പോൾ ഇഷാൻ സമ്മർദ്ദത്തിലെന്ന് തോന്നിക്കയും ചെയ്തു. പണ്ഡ്യ സഹോദരന്മാരുടെ പ്രകടനവും ശരാശരിയിലും താഴെ. കൃണാൽ 10 ഇന്നിങ്സിൽ 121ഉം ഹാർദിക്ക് 8 കളിയിൽ 55ഉം റൺസ് മാത്രമാണ് എടുത്തിട്ടുള്ളത്.
പഞ്ചാബ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളിൽ എട്ട് പോയിന്റാണ് അവർക്കുള്ളത്. ഇന്ന് പരാജയപ്പെട്ടാൽ പ്ലേഓഫ് സാധ്യതകൾക്ക് വിള്ളൽ വീഴും.
സ്പോർട്സ് ഡെസ്ക്