ടെഹ്‌റാൻ: സിറിയയിലെ അമേരിക്കൻ ക്യാമ്പുകൾക്ക് സമീപം ഇറാന്റെ മിസൈൽ ആക്രമണം നടന്നതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. താൻ അധികാരത്തിലിരിക്കുന്നിടത്തോളം കാലം ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ജോ ബൈഡൻ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ഇസ്രയേലി പ്രസിഡന്റ് ര്യുവെൻ റീവിനുമായുള്ള യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇസ്രയേലിന്റെ സുരക്ഷയിൽ അമേരിക്കയ്ക്ക് ഉള്ള ഉത്തരവാദിത്തം വളരെ വലുതാണെന്നും ബൈഡൻ പറഞ്ഞു.

ഇറാന്റെ പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പുകൾ അടുത്തയിടെ അമേരിക്കൻ സൈനിക ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഈ വിഭാഗക്കാരുടെ സിറിയയിലും ഇറാഖിലുമുള്ള ക്യാമ്പുകൾക്ക് നേരെ അമേരിക്ക ആക്രമണം അഴിച്ചുവിട്ടത്. ഈ ആക്രമണം നടന്ന് 24 മണിക്കൂർ കഴിയുന്നതിനു മുൻപാണ് സിറിയയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് സമീപം ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 7:44 ന് ആയിരുന്നു ആക്രമണം. ആർക്കും പരിക്കുപറ്റിയതായോ എന്തെങ്കിലുമ്നാശനഷ്ടങ്ങൾ ഉണ്ടായതായോ അറിവില്ല.

ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘടനകളായിരിക്കാം ആക്രമണത്തിനു പുറകിലെന്ന് അമേരിക്കൻ സൈനിക വക്താവ് അറിയിച്ചു. എന്നാൽ, എവിടെനിന്നാണ് ഇത് തൊടുത്തുവിട്ടത് എന്നകാര്യത്തിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. ഇറാനിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ പ്രസിഡണ്ട് അധികാരം ഏറ്റെടുത്തിരിക്കുന്നത് ഇറാനുമായുള്ള ആണവകരാറുമായി മുന്നോട്ട് പോകാൻ നല്ലൊരു അവസരമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്ന സാഹചര്യത്തിലാണ് ബൈഡന്റെ ഏറേ പ്രകോപനപരമായ പ്രസ്താവന വന്നിരിക്കുന്നത്.

വിശാലമായ എണ്ണപ്പാടങ്ങളുള്ള ഗ്രീൻ വില്ലേജ് എന്ന സ്ഥലത്തിനരികെയാണ് ആക്രമണം നടന്നത്. ഏകദേശം 900 അമേരിക്ക സൈനികരാണ് ഇവിടെയുള്ള താവളത്തിൽ ഉള്ളത്. അതേസമയം ഇറാഖ്-സിറിയ അതിർത്തിയിൽ തമ്പടിച്ച തീവ്രവാദി ക്യാമ്പിനു നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ ഏഴോളം തീവ്രവാദികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.ഇറാഖുംഈ ആക്രമണത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ബൈഡൻ അധികാരമേറ്റതിനു ശേഷം ഇത് രണ്ടാം തവണയാണ് തീവ്രവാദി ക്യാമ്പുകൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ഒരു യുദ്ധത്തിൽ എല്ലാം കലാശിക്കുമോ എന്ന ആശങ്കയ്ക്ക് കടുപ്പമേറിയിട്ടുണ്ട്. കറ്റ ഇബ് ഹെസ്ബൊള്ള, കറ്റ ഇബ് സയ്യിദ് അൽ ഷുഹാദ എന്നിവയുടെ ക്യാമ്പുകളാണ് ആക്രമിച്ചത്. ഇതിൽ രണ്ടെണ്ണം സിറിയയിലും ഒന്ന് ഇറാഖിലും ആയിരുന്നു.