യു.എസ് പിൻവാങ്ങിയ അഫ്ഗാനിൽ മധ്യസ്ഥ റോളിൽ ഇറാൻ; ടെഹ്‌റാനിൽ തിരക്കിട്ട സർക്കാർ- താലിബാൻ ചർച്ച; വാഷിങ്ടന്റെ ബദ്ധവൈരിയായ ഇറാൻ ചർച്ചക്കിറങ്ങുന്നത് യു.എസ് നേതൃത്വത്തിലെ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ
- Share
- Tweet
- Telegram
- LinkedIniiiii
കാബൂൾ: രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശത്തിനിടെ പരമാവധി നശിപ്പിച്ച് യു.എസ് മടങ്ങുന്ന അഫ്ഗാനിസ്താനിൽ സമാധാനം ലക്ഷ്യമിട്ട് ഔദ്യോഗിക സർക്കാറും താലിബാനും തമ്മിലെ ചർച്ചകൾ ടെഹ്‌റാനിൽ. യു.എസ് കാർമികത്വത്തിലെ ചർച്ചകളിൽ തീരുമാനാമാകാത്ത സാഹചര്യത്തിലാണ് വാഷിങ്ടന്റെ ബദ്ധവൈരിയായ ഇറാൻ അയൽരാജ്യത്തെ പ്രശ്‌നങ്ങളിൽ മധ്യസ്ഥന്റെ വേഷമണിയുന്നത്. കഴിഞ്ഞ ദിവസം താലിബാൻ- അഫ്ഗാൻ സർക്കാർ പ്രതിനിധികൾ ഇറാനിൽ ചർച്ചകളിൽ പങ്കാളികളായി. യു.എസ് ഭരണകൂടത്തോട് ചേർന്നു നിൽക്കുന്ന ഔദ്യോഗിക സർക്കാറിനെ ചർച്ചക്കായി ഇറാനിലെത്തിച്ചത് നയതന്ത്ര വിജയമായി താലിബാനും ഇറാനും കണക്കാക്കുന്നു.
ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിന്റെ നേതൃത്വത്തിൽ ടെഹ്‌റാനിലെ അഫ്ഗാൻ ചർച്ചകൾ ശുഭ സൂചനകൾ നൽകുന്നുണ്ട്. ആഭ്യന്തര സംഘട്ടനത്തിന്റെ വഴി അവസാനിപ്പിക്കണമെന്ന് രണ്ടു ദിവസത്തെ ചർച്ചകൾക്കു ശേഷം ഇരു വിഭാഗവും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുൻ വൈസ് പ്രസിഡന്റ് മുഹമ്മദ് യൂനുസ് ഖാനൂനി, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അബ്ദുൽ സലാം റഹീമി തുടങ്ങിയവർ ഔദ്യോഗിക പക്ഷത്തെയും മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി താലിബാൻ സംഘത്തെയും നയിച്ചു.
അതേസമയം യു.എസ് ഉൾപെടെ രാജ്യാന്തര സേനയുടെ പിന്മാറ്റം അഫ്ഗാനിൽ അന്തിമ ഘട്ടത്തിലാണ്. ഓഗസ്റ്റ് അവസാനത്തോടെ പിന്മാറ്റം പൂർത്തയാക്കുമെന്നും ഇനിയും യു.എസ് സൈനികരെ കുരുതി കൊടുക്കാനില്ലെന്നും പ്രസിഡന്റ് ജോ ബൈഡൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ