ടെഹ്‌റാൻ: രണ്ടായിരം ആണ്ടിന്റെ തുടക്കത്തിൽ ഇറാന്റെ സൈനിക ആണവപദ്ധതിയുടെ തലവനായിരുന്ന ശാസ്ത്രജ്ഞൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാൻ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മൊഹ്‌സീൻ ഫക്രിസാദെയാണ് കൊല്ലപ്പെട്ട ശാസ്ത്രജ്ഞൻ. ഇറാന്റെ അമദ് അഥവാ പ്രതീക്ഷ എന്ന പേരിലറിയപ്പെട്ടിരുന്ന ആണവപദ്ധതിയാണ് ഫക്രിസാദെ നയിച്ചിരുന്നത്. ഇറാനിൽ ആണവായുധം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അമദ് എന്നായിരുന്നു ഇസ്രയേലിന്റെയും അമേരിക്കയുടെയും ഒക്കെ ആരോപണം. എന്നാൽ, തങ്ങളുടെ ആണവപദ്ധതി സമാധാനപരമെന്നാണ് ഇറാൻ എല്ലായ്‌പ്പോഴും അവകാശപ്പെടുന്നത്.

മൊഹ്സെൻ ഫക്രിസാദെ (63) തലസ്ഥാനമായ ടെഹ്റാനിലാണ് കൊല്ലപ്പെട്ടത്. ഫക്രിസാദെയുടെ കാറിനു നേരെ ആയുധധാരികളായ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. വെടിവയ്പിൽ പരിക്കേറ്റ ഫക്രിസാദെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കിഴക്കൻ ടെഹ്‌റാനിലെ അബ്‌സാർദിലായിരുന്നു സംഭവം. യന്ത്രത്തോക്കുകൾ ഉപയോഗിച്ചാണ് ആക്രമണം ഉണ്ടായത്. ഫക്രിസാദെയുടെ അംഗരക്ഷകരും തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ നിരവധി അക്രമികളും കൊല്ലപ്പെട്ടു. ഫക്രിസാദെയുടെ അംഗരക്ഷകരിൽ പലർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഫക്രിസാദെയുടെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ പ്രതിരോധ മന്ത്രാലയം ഇത് സ്ഥിരീകരിച്ചു.സുരക്ഷാ സേനയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഫക്രിസാദെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആക്രമണ ശേഷം ഭീകരവാദികൾ രക്ഷപ്പെട്ടത് സംബന്ധിച്ച് യാതൊരു വിവരവും അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്പും ഫക്രിസാദെക്കെ നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്

2010 നും 2012 നും ഇടയിൽ നാല് ഇറാനിയൻ ആണവ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങളിൽ ഇസ്രയേലിന് പങ്കുണ്ടെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഫക്രിസാദെ ഇറാനിലെ റെവല്യൂഷണറി ഗാർഡിൽ അംഗമായിരുന്നു. അദ്ദേഹം മിസൈൽ നിർമ്മാണത്തിൽ വിദഗ്ധനുമായിരുന്നു.