ഉപ്പള: മരം കോച്ചുന്ന തണുപ്പിൽ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ തെരുവിൽ നരകിക്കുന്ന അനാഥർക്കും, വീട്ടിൽ നിന്നും ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾക്കും സാന്ത്വനത്തിന്റെ തെളിനീര് പകർന്ന് മംഗൽപാടി ഗ്രാമ പഞ്ചായത്ത് മെമ്പറും, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സണുമായ ഇർഫാന ഇഖ്ബാൽ വീണ്ടും മാതൃകയാവുന്നു. മംഗൽപാടി പഞ്ചായത്തിലെ ബന്ദിയോടിലാണ് 50 അഗതികളെ പാർപ്പിച്ചു തുടക്കം കുറിക്കുന്ന സ്ഥാപനത്തിന് ഇർഫാന തുടക്കം കുറിക്കുന്നത്.

യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പേരിലാണ് അഗതി മന്ദിരം ആരംഭിക്കുന്നത്. ഏപ്രിലിൽ തുടക്കം കുറിക്കുന്ന സ്ഥാപനത്തിൽ തന്റെ പഞ്ചായത്ത് പരിധിയിലെ ആരും തിരിഞ്ഞു നോക്കാനില്ലാത്ത വായോധികരെ മെമ്പർ ഏറ്റെടുത്തു സംരക്ഷിക്കും. ആവശ്യമായ ഭക്ഷണം, മരുന്ന്, ആവശ്യ വസ്തുക്കൾ എന്നിവ സൗജന്യമായി നൽകും. വിദഗ്ധ ഡോക്ടർമാരുടെ സംഘം എല്ലാ ആഴ്ചയിലും വായോധികരെ പരിശോധന നടത്തി ആരോഗ്യം ഉറപ്പ് വരുത്തും.

രാജ്യത്തിന് തന്നെ മാതൃകയായ ഈ സൽപ്രവൃത്തിയെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയും നാട്ടുകാരും മുന്നോട്ട് വന്നതോടെ മുസ്ലിം ലീഗ് പ്രതിനിധി കൂടിയായ രണ്ടാം വാർഡ് മെമ്പർ ഇർഫാന ഇഖ്ബാൽ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമാണ്. അടുത്തിടെ തെക്കൻ ജില്ലയിൽ സ്വന്തം മാതാവിനെ അതി ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടതോടെയാണ് ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥത്വം തിരിച്ചറിഞ്ഞ ഇർഫാന ഇങ്ങനെയൊരു തീരുമാനത്തിന് തുടക്കം കുറിച്ചത്.

ഒപ്പം യുഎ ഇ രാഷ്ട്ര ശില്പി ഷെയ്ഖ് സായിദിന്റെ ഉദാത്ത സാമൂഹ്യ സേവനവും, തന്റെ പ്രജകളോടുള്ള സ്‌നേഹസാമിപ്യവും പ്രചോദനമായതുകൊണ്ട് അദ്ദേഹത്തിന്റെ പേരിൽ ആണ് വൃദ്ധസദനം ആരംഭിക്കുന്നത്. പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് തന്നെ തന്റെ അഞ്ചു വർഷത്തെ മുഴുവൻ ശമ്പളവും മഞ്ചേശ്വരം താലൂക് ആശുപത്രിയിലെ പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി നൽകി ഇവർ ശ്രദ്ദേയയായിരുന്നു. സ്വാന്തന പ്രവർത്തികൾ കിടയിലും വാർഡിലെ മികവുറ്റ വികസന പ്രവർത്തനം കാഴ്ച വെക്കുന്നും ഇർഫാനക്ക് സാധിക്കുന്നുണ്ട്. മഞ്ചേശ്വരം കടമ്പാർ കല്ലക്കട്ട കുടുബത്തിലെ പരേതരായ അബ്ദുല്ല- ഫാത്തിമ ദമ്പതികളുടെ മകളാണ് ഇർഫാന. മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ഉപാധ്യക്ഷൻ കെ എഫ് ഇഖ്ബാൽ ഭർത്താവാണ്.വിദ്യാർത്ഥികളായ ഷെയ്ഖ് അഹ്മദ് ഇമാസ്, ഇസ്സ നഫീസ, ഇഫ ഫാത്തിമ എന്നിവർ മക്കളാണ്.