- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളം എന്ന് കരുതി ഫോർമാലിൻ അബദ്ധത്തിൽ മദ്യത്തിൽ ചേർത്തു? ഇരിങ്ങാലക്കുടയിൽ രണ്ടുപേർ മരിക്കാൻ ഇടയായ സംഭവം അബദ്ധം മൂലമെന്ന നിഗമനത്തിൽ പൊലീസ്; അപായപ്പെടുത്താൻ മനഃപൂർവം ആരെങ്കിലും നൽകിയതോ എന്നും സംശയം; അന്വേഷണം തുടരുന്നു
ഇരിങ്ങാലക്കുട: ഇരിഞ്ഞാലക്കുടയിൽ ഫോർമാലിൻ കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തിന്റെ ദുരൂഹത അഴിക്കാൻ പൊലീസ് ശ്രമം തുടരുന്നു.നിലവിൽ വെള്ളമെന്നു കരുതി ഫോർമാലിൻ അബദ്ധത്തിൽ മദ്യത്തിൽ ഒഴിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട ചന്തക്കുന്നിൽ നിശാന്ത് (43), പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ബിജു (42) എന്നിവരാണ് മരിച്ചത്.
ഫോർമാലിൻ ഉള്ളിൽ ചെന്നാണ് മരണമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.ഇരുവരുടെയും ആന്തരിക അവയവങ്ങൾ വെന്തനിലയിലായിരുന്നു. കോഴിക്കട ഉടമയാണ് നിശാന്ത്. കോഴിക്കട ഉടമയായ നിശാന്തിന്റെ പക്കൽ ഫോർമാലിൻ എങ്ങനെ വന്നുവെന്നാണ് പൊലീസ് അന്വേഷിച്ചിരുന്നു. ഇതിനായി ജീവനക്കാരെ ചോദ്യം ചെ്‌യ്തു.കോഴി മാലിന്യത്തിന്റെ ദുർഗന്ധം പോകാൻ ഫോർമാലിൻ ഉപയോഗിക്കാറുണ്ടെന്ന് ജീവനക്കാർ പൊലീസിനോട് പറഞ്ഞു.
കുടിവെള്ള കുപ്പിയിലാണ് ഫോർമാലിൻ സൂക്ഷിച്ചിരുന്നത്. മദ്യം കഴിക്കാൻ ഒഴിച്ച വെള്ളത്തിന് പകരം തെറ്റി ഫോർമാലിൻ ഒഴിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. മരുന്നു കടയിൽ നിന്ന് വാങ്ങിയതാണ് ഫോർമാലിനെന്ന് പൊലീസിന് സൂചന കിട്ടി.
അപായപ്പെടുത്താൻ മനഃപൂർവം ആരെങ്കിലും നൽകിയതാകാനുള്ള സാധ്യതയില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിന്റെ കോഴിക്കടയിൽ വച്ച് ഇരുവരും മദ്യപിച്ചിരുന്നു. അസ്വസ്ഥത തോന്നിയതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോയി. വഴി മധ്യേ നിശാന്ത് ബൈക്കിൽ നിന്ന് കുഴഞ്ഞു വീണു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ബിജുവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരണം സംഭവിച്ചു.
നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസിന് ലഭിച്ചിരുന്നു. ഇരിങ്ങാലക്കുട ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ