ബാംബോലിം: ഐഎസ്എല്ലിൽ ശനിയാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ ബെംഗളൂരു എഫ്.സിയെ തകർത്ത് മുംബൈ സിറ്റി എഫ്.സി. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു മുംബൈയുടെ വിജയം. സുനിൽ ഛേത്രി പെനാൽറ്റി നഷ്ടപ്പെടുത്തിയത് ബെംഗളൂരുവിന് തിരിച്ചടിയായി.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇഗോൾ അംഗൂളോ മുംബൈയെ മുന്നിലെത്തിച്ചു. ബോക്സിൽ വെച്ച് എട്ടാം മിനിറ്റിൽ ബെംഗളൂരു താരം അലൻ കോസ്റ്റയുടെ കൈയിൽ പന്ത് തട്ടിയതിനായിരുന്നു പെനാൽറ്റി. ബോക്സിൽ മുർത്താത ഫാളിനൊപ്പം പന്തിനായുള്ള ശ്രമത്തിനിടെയാണ് കോസ്റ്റയുടെ കൈയിൽ പന്ത് തട്ടിയത്. 20-ാം മിനിറ്റിൽ ക്ലെയ്റ്റൺ സിൽവയിലൂടെ ബെംഗളൂരു ഒപ്പമെത്തി. ബ്രസീൽ താരമെടുത്ത ഫ്രീ കിക്ക് മുംബൈ ഗോളി മുഹമ്മദ് നവാസിന് യാതൊരു അവസരവും കൊടുക്കാതെ വലയിലെത്തുകയായിരുന്നു.

31-ാം മിനിറ്റിൽ ക്ലെയ്റ്റൺ സിൽവയുടെ ഗോളെന്നുറച്ച ഒരു ഹെഡർ ബെംഗളൂരു ഗോളി ഗുർപ്രീത് സിങ് സന്ധു രക്ഷപ്പെടുത്തി.പിന്നാലെ 44-ാം മിനിറ്റിൽ മത്സരത്തിൽ മുന്നിലെത്താനുള്ള അവസരമാണ് ഛേത്രിയുടെ പെനാൽറ്റി നഷ്ടത്തിലൂടെ ബെംഗളൂരുവിന് നഷ്ടമായത്. എഡ്മണ്ട് ലാൽറിൻഡിക്കയ്ക്കെതിരായ മന്ദർ റാവു ദേശായിയുടെ ഫൗളാണ് പെനാൽറ്റിക്ക് കാരണമായത്. കിക്കെടുത്ത ഛേത്രി പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്കടിച്ചു. കൃത്യമായി ആ ദിശയിലേക്ക് ചാടിയ നവാസ് പന്ത് തട്ടിയകറ്റുകയായിരുന്നു. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ഛേത്രി പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്.

തുടർന്ന് 54-ാം മിനിറ്റിൽ മുർത്താത ഫാൾ മുംബൈയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. അഹമ്മദ് ജാഹു എടുത്ത ഫ്രീ കിക്ക് ഫാൾ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. 69-ാം മിനിറ്റിലും ഗുർപ്രീത് മികച്ചൊരു സേവ് നടത്തി. റയ്നിയർ ഫെർണാണ്ടസിന്റെ ഗോളെന്നുറച്ച ഷോട്ടാണ് ഗുർപ്രീത് രക്ഷപ്പെടുത്തിയത്. പിന്നാലെ 85-ാം മിനിറ്റിൽ യഗോൾ കറ്ററ്റാവുവിലൂടെ മുംബൈ മൂന്നാം ഗോളും വിജയവും സ്വന്തമാക്കി.