മഞ്ചേശ്വരം: മരമിൽ ഉടമ ഇസ്മയിലിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിലെ അവസാന പ്രതിയും അറസ്റ്റിലായി. ഉള്ളാൾ ബയൽ മെഗേറു ജീ പൈന തറുത്തല ഗുഡെയിലെ ഇസ്മാഈൽ എന്ന ബദ്റുദ്ദീൻ (36) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ തലപ്പാടിയിൽ വച്ചാണ് മഞ്ചേശ്വരം ഐ പി സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

നേരത്തെ മറ്റൊരു പ്രതിയായ മംഗളുറു കോട്ടേക്കാറിലെ നാസിർ ഹുസൈനെ (35) കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അവസാന പ്രതിയെയും പിടികൂടിയത്. കൊല്ലപ്പെട്ട ഇസ്മാഈലിന്റെ ഭാര്യ ആഇശ (42), കാമുകനെന്ന് പറയുന്ന അയൽവാസിയായ മുഹമ്മദ് ഹനീഫ് (35), അറഫാത് (32) എന്നിവർ അറസ്റ്റിലായിരുന്നു കേസിൽ ഉടൻ കുറ്റപത്രം നൽകാനുള്ള ശ്രമത്തിലാണ് പൊലീസ്.

കേസിന്റെ നാൾവഴികൾ:

2020 ജനുവരി 19ന് അർധ രാത്രി 12 മണിയോടെ മര മിൽ ഉടമയായ ഇസ്മാഈലിനെ ഭാര്യയും കാമുകനും കാമുകന്റെ സുഹൃത്തുക്കളും ചേർന്ന് കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മദ്യപിച്ച് കിടപ്പറയിൽ ഉറങ്ങിക്കിടന്ന ഇസ്മാഈലിനെ കൊലപ്പെടുത്താനായി മംഗളൂറിൽ നിന്നും കൊലയാളി സംഘത്തെ വരുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയും ഹനീഫും പുറത്തിറങ്ങി നിൽക്കുകയും കൂട്ടാളികൾ മുറിക്കുള്ളിൽ കയറി ഉറങ്ങി കിടക്കുകയായിരുന്ന ഇസ്മാഈലിനെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കർണാടകയിൽ ചില കേസുകളിൽ പ്രതികളാണ് കൊലയാളി സംഘത്തിൽപെട്ടവർ.

10,000 രൂപയാണ് ഇസ്മയിൽയിനെ കൊലപ്പെടുത്തുന്നതിനായി ആയിഷ കാമുകൻ വഴി കൊലയാളികൾക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിന്റെ പിറ്റേ ദിവസം രാവിലെ ആയിഷ തന്നെയാണ് അയൽവാസികളെയും ബന്ധുക്കളെയും വിളിച്ച് ഭർത്താവ് മരിച്ചുകിടക്കുന്ന വിവരം അറിയിച്ചത്. കൊല്ലപ്പെട്ട ഇസ്മയിലിന്റെ സഹോദരനും ബന്ധുക്കളുമെത്തി നോക്കിയപ്പോൾ കഴുത്തിന് പിന്നിൽ കയർ കുരുങ്ങിയതു പോലുള്ള പാട് കണ്ടതോടെ സംശയമുണ്ടാവുകയും ഇക്കാര്യം ചോദിച്ചപ്പോൾ ഇസ്മയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്നും താനും അയൽവാസി മുഹമ്മദ് ഹനീഫും കെട്ടഴിച്ച് താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചതായും പോസ്റ്റുമോർടെം ഒഴിവാക്കാനാണ് മരണവിവരം പൊലീസിൽ അറിയിക്കാതിരുന്നതെന്നുമാണ് ആഇശ വെളിപ്പെടുത്തിയത്.

ആയിഷയുടെ പെരുമാറ്റത്തിലുംഇസ്മയിലിന്റെ കഴുത്തിന് പിറകിൽ കയർ കുരുങ്ങിയതിന്റെ പാട് കണ്ടതിനാലും സംശയം പ്രകടിപ്പിച്ച് സഹോദരൻ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ആയിഷയും അയൽവാസി മുഹമ്മദ് ഹനീഫയും തമ്മിൽ അവിഹിത ബന്ധം പുലർത്തിവന്നിരുന്നുവെന്നും ഇക്കാര്യം ഇസ്മയിൽ ചോദ്യം ചെയ്തതോടെ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നുവെന്നും ഇത് പുറത്തറിയാതിരിക്കാനാണ്ഇസ്മയിലിനെ വകവരുത്താൻ ആയിഷ യും കാമുകനും ചേർന്ന് പദ്ധതി തയ്യാറാക്കിയതെന്നുമാണ് പൊലീസ് റിപ്പോർട്ട്

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയമായ തെളിവെടുപ്പാണ് പൊലീസ് നടത്തിയത്. പോസ്റ്റുമോർടെം നടത്തിയ പൊലീസ് സർജനും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് ആൺമക്കളും ഒരു മകളുമുള്ള ഇസ്മയിൽ മദ്യപിച്ച് വന്ന് തന്നെ ഉപദ്രവിക്കുന്നതിനാലാണ് കൊല നടത്താൻ അയൽവാസിയുടെ സഹായം തേടിയതെന്നാണ് ആയിഷ പൊലീസിന് മൊഴി നൽകിയത്.ആയിഷ യും ഹനീഫും അവിഹിത ബന്ധം നിഷേധിച്ചിരുന്നു.

ഇൻസ്പെക്ടർ സന്തോഷ് കുമാറിനെ കൂടാതെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രശേഖരൻ, ഡ്രൈവർ പ്രവീൺ, വനിതാ സിവിൽ പൊലീസ് ഓഫീസർ ലിജോ, ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗം ഗോകുൽ തുടങ്ങിയവർ പ്രതി ഇസ്മാഈലിനെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

അവസാന പ്രതികളെയും അറസ്റ്റ് ചെയ്തത് മഞ്ചേശ്വരം ഐ പി സന്തോഷിന്റെ മിടുക്ക്

കേസിലെ മുഖ്യപ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പൊലീസിന് കുറ്റപത്രം നൽകാൻ സാധിച്ചിരുന്നില്ല. മുഴുവൻ പ്രതികളെയും പിടികൂടതെ ഭാഗികമായ കുറ്റപത്രം നൽകിയാൽ പ്രതികൾ രക്ഷപ്പെടുന്ന സഹചര്യം ഉണ്ടാകുമെന്ന വിലയിരുത്തലിൽ മുഴുവൻ പ്രതികളെയും പിടികൂടാനുള്ള തന്ത്രങ്ങൾ മഞ്ചേശ്വരം ഐ പി സന്തോഷ് തയാറാക്കിയത്. പ്രതികളെ കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നതോടെ പ്രതി ബന്ധപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരന്തരം പരിശോധന നടത്തി. ഇത് ഇവർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്, ഇതോടെ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുക എന്നുള്ളത് പ്രതിയുമായി ബന്ധപ്പെട്ടവരുടെയും ബാധ്യതയായി മാറി.

പുകച്ചു പുറത്തു ചാടിക്കുക എന്ന ഐ പി സന്തോഷിന്റെ തന്ത്രം ഏറ്റതോടെ കോട്ടേക്കാറിലെ നാസിർ ഹുസൈനെ കുറിച്ചുള്ള വിവരങ്ങൾ ലഭികുകയും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബദ്റുദ്ദീനെ തന്ത്രപൂർവം മഞ്ചേശ്വരത്ത് എത്തിക്കുകയും പിടികൂടുകയുമായിരുന്നു. മഞ്ചേശ്വരം ഐ പിയായി സന്തോഷ് ചാർജ് എടുത്തതിന് പിന്നാലെ മറ്റു നിരവധി കേസുകളിലെ പിടികിട്ടാപുള്ളികളെയും പിടികൂടിയിരുന്നു.