- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്രയേലിൽ രാഷ്ട്രീയ പ്രതിസന്ധി; നാടകീയ നീക്കങ്ങളുമായി പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്; തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ നീക്കം; ഭൂരിപക്ഷം ഉറപ്പിക്കാൻ ബെന്നറ്റിനെ സ്വാധീനിക്കാൻ ശ്രമവുമായി നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും;ഭരണപ്രതിസന്ധി ഉണ്ടായാൽ വീണ്ടും തിരഞ്ഞെടുപ്പിന് സാധ്യത
ജറുസലേം: ഇസ്രയേലിൽ അധികാരം പിടിക്കാൻ നാടകീയ രാഷ്ട്രീയ നീക്കങ്ങളുമായി പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്. തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കമാണ് യെയർ ലാപിഡ് നടത്തുന്നത്.
യെയർ ലാപിഡ് സർക്കാർ രൂപീകരണത്തിന് നഫ്താലി ബെന്നറ്റുമായി സർക്കാർ രൂപീകരണത്തിന് ധാരണയിലെത്തിയതായാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ രൂപീകരണത്തിന് യെയർ ലാപിഡിന് ബുധനാഴ്ച വരെ സമയമുണ്ട്.
അതേ സമയം അധികാരത്തിൽ തുടരുന്നതിനായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവസാനവട്ട ശ്രമങ്ങൾ നടത്തുന്നുണ്ട്.
ഇസ്രയേൽ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം തുടർന്ന നെതന്യാഹുവിന് മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനായിരുന്നില്ല.
12 വർഷത്തോളമായി ഇസ്രയേൽ പ്രധാനമന്ത്രിയായി തുടരുന്നുണ്ട് നെതന്യാഹു. സർക്കാർ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച് ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താൻ നെതന്യാഹുവിന് ആയില്ല.
ലാപിഡിന്റെ യെഷ് ആതിഡ് പാർട്ടിയായിരുന്ന രണ്ടാം സ്ഥാനത്ത്. ഇവർക്ക് രൂപീകരിക്കുന്നതിന് നൽകിയ 28 ദിവസം ജൂൺ രണ്ടോടെയാണ് അവസാനിക്കുക.
ഇതിനിടെയാണ് ലാപിഡ് സർക്കാർ രൂപീകരിക്കുന്നതിനുള്ള സഖ്യം രൂപപ്പെടുത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സഖ്യം ഏത് വിധേനയും തകർക്കാനുള്ള നീക്കങ്ങളാണ് നെതന്യാഹു നടത്തികൊണ്ടിരിക്കുന്നത്.
മുൻ പ്രതിരോധ മന്ത്രിയായിരുന്ന ബെന്നറ്റിന്റെ നിലപാടിനനുസരിച്ചായിരിക്കും ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവി. അധികാരം പങ്കിടാൻ ബെന്നറ്റ് സമ്മതിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്.
ഗസ്സയിൽ അടുത്തിടെ നടന്ന 11 ദിവസത്തെ സംഘർഷത്തെ തുടർന്ന് സർക്കാർ രൂപീകരണത്തിനായുള്ള ലാപിഡിന്റെ ചർച്ചകൾ വഴിമുട്ടിയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന സഖ്യകക്ഷിയായ അറബ് ഇസ്ലാമിസ്റ്റ് റാം പാർട്ടി ആക്രമണം കാരണം ചർച്ചകൾ അവസാനിപ്പിച്ചിരുന്നു. അറബ് വംശജർ താമസിക്കുന്ന ഇസ്രയേൽ നഗരങ്ങളിൽ ആഭ്യന്തര സംഘർഷമുണ്ടായിരുന്നു.
ഇതിനിടെ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി കൂടുതൽ വാഗ്ദ്ധാനങ്ങൾ നൽകി ബെന്നറ്റിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും സജീവമായി നടത്തിവരികയാണ്. എന്നാൽ നെതന്യാഹു നൽകിയ വാഗ്ദ്ധാനങ്ങൾ അദ്ദേഹം നിരസിച്ചുവെന്നാണ് അവസാന റിപ്പോർട്ടുകൾ.
ബുധനാഴ്ചയ്ക്കുള്ളിൽ ലാപിഡിനും സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ ഇസ്രയേൽ ഈ വർഷാവസാനത്തോടെ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകും. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാല് പാർലമെന്റ് തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലിൽ നടന്നത്.
ആനുപാതിക പ്രതിനിധ്യമുള്ള ഇസ്രയേലിന്റെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ ഒരു കക്ഷിക്ക് സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം നേടിയെടുക്കുക എന്നത് പ്രയാസകരമാണ്. സർക്കാർ രൂപീകരണത്തിന് ചെറുപാർട്ടികളെ ഒപ്പം കൂട്ടൽ ആവശ്യമാണ്.
ന്യൂസ് ഡെസ്ക്