- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
റമദാനിൽ ഫലസ്തീനികളുടെ കൂടിച്ചേരൽ ഇസ്രയേൽ തടയാൻ ശ്രമിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ഷേഖ് ജറയ്ക്ക് സമീപം പ്രതിഷേധിച്ച ഫലസ്തീനികൾക്കെതിരായ പൊലീസ് നടപടി സ്ഥിതിഗതികൾ രൂക്ഷമാക്കി; ഹമാസ് ആക്രമണത്തിൽ പൗരന്മാർ കൊല്ലപ്പെട്ടതോടെ ഉരുളക്കുപ്പേരി പോലെ ഇസ്രയേൽ മറുപടി; മിസൈലുകൾ തീമഴ പെയ്തു ഇസ്രയേൽ-ഫലസ്തീൻ സംഘർഷം
ടെൽ അവീവ്: മിസൈലുകൾ വീണ്ടു തീമഴയായി പെയ്യുകയാണ് ഗസ്സയിൽ. മസ്ജിദുൽ അഖ്സയിലും ജറൂസലമിലും ഇസ്രയേൽ പൊലീസ് കൈക്കൊണ്ട നടപടികൾ സംഘർഷത്തിന് വഴിമാറിയതിന് പിന്നാലെ ഹമാസ് ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം നടത്തി. അഞ്ച് ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടതോടെ ഉരുളക്കുപ്പേരി എന്ന നിലയ്ക്കാണ് ഇസ്രയേൽ മറുപടി നൽകുന്നത്. ഹമാസിനെ തകർക്കുമെന്ന് ശപഥം ചെയ്തു കൊണ്ടാണ് ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഹമാസ് മിസൈൽ ആക്രമമത്തിൽ ഇന്ത്യക്കാരിയും കൊല്ലപ്പെട്ടതോടെ മാനസികമായി ഇന്ത്യക്കാരുടെ പിന്തുണ നേടാനും ഇസ്രയേലിനായിട്ടുണ്ട്.
ഇടക്കാലം കൊണ്ട് സമാധാനപരമായിരുന്നു ജെറുസലേമിൽ വീണ്ടും സംഘർഷം തുടങ്ങിയത് റമാദാനിലെ നിയന്ത്രണങ്ങൾ ഇസ്രയേൽ കടുപ്പിച്ചതോടെയാണ്. യഹൂദന്മാർക്കും മുസ്ലിംകൾക്കും ഒരു പോലെ വൈകാരികമായ ജറുസലേം നഗരത്തിലും പരിസരത്തും ഫലസ്തീൻ പ്രതിഷേധക്കാരും ഇസ്രയേൽ പൊലീസും ഏറ്റുമുട്ടൽ പതിവായിരുന്നെങ്കിലും ഇക്കുറി കാര്യങ്ങൾ യുദ്ധസമാനമായ അവസ്ഥയിലേക്കാണ് നീങ്ങിയിരിക്കുന്നത്.
ഹമാസ് മിസൈൽ ആക്രമണം തുടങ്ങിയതോടെയാണ് ഇസ്രയേലും ആക്രമണം ശക്തമാക്കിയത്. ഇസ്രയേൽ തിരിച്ചടിയിൽ ഇതിനോടകം നാൽപ്പതോളം പേർ കൊല്ലപ്പെട്ടുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുദ്ധത്തിന് ഒരുങ്ങുകയാണ് ഇസ്രയേലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഭിപ്രായപ്പെടുന്നത്. ഹമാസിന്റെ നേതൃത്വത്തിൽ ഫലസ്തീൻ പ്രതിഷേധക്കാർ നടത്തുന്ന റോക്കറ്റാക്രമണത്തിൽ അഞ്ചു ഇസ്രയേലുകാരും കൊല്ലപ്പെട്ടതോടെയാണ് ആയാശയുദ്ധം ശക്തമാക്കിയിരിക്കുന്നത്. ഇപ്പോൾ പ്രദേശത്ത് തീമഴ പെയ്യുന്ന പ്രതീതിയാണ്.
ഫലസ്തീനികളുടെ കൂടിച്ചേരൽ തടഞ്ഞത് പ്രകോപനം
റമദാനിന്റെ തുടക്കത്തിൽ ഫലസ്തീനികളുടെ ചില കൂടിച്ചേരലുകൾ തടയാൻ ഇസ്രയേൽ നീക്കം നടത്തിയതോടെണ് പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചത്. ഏപ്രിൽ പകുതിയോടൊയായിരുന്നു ഇത്. ഫലസ്തീനികൾക്ക് നേരെ ഇസ്രയേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. ഫലസ്തീൻ പ്രതിഷേധക്കാരും ഇസ്രയേൽ പൊലീസും രാത്രി ഏറ്റുമുട്ടലുകൾ തുടർന്നിരുന്നു. ഇവിടെ സംഘർഷത്തിൽ നിരവധിപേർ കൊല്ലപ്പെട്ടെന്ന വിവരങ്ങളും പുരത്തുവന്നു. ഇതിനിടെ ഡമാസ്കസ് ഗേറ്റിന് പുറത്ത് ഇസ്രയേൽ പൊലീസ് തടസ്സങ്ങൾ സൃഷ്ടിച്ചത് സംഘർഷം രൂക്ഷമാക്കി.
മുസ്ലിങ്ങൾ പരമ്പരാഗതമായി നോമ്പിന്റെ വൈകുന്നേരങ്ങളിൽ ഒത്തുകൂടിയിരുന്ന പ്രദേശത്താണ് ഇസ്രയേൽ പൊലീസ് തടസ്സങ്ങളുണ്ടാക്കിയത്. ഒത്തുചേരാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ആരോപിച്ച് മെയ് ഏഴിന് റമദാനിലെ അവസാന വെള്ളിയാഴ്ച ഷേഖ് ജറയ്ക്ക് സമീപം പ്രതിഷേധം നടത്തിയ ഫലസ്തീനികൾക്ക് നേരെ ഇസ്രയേൽ പൊലീസിന്റെ നടപടിയുണ്ടായി. റബ്ബർ ബുള്ളറ്റുകളും ഗ്രനേഡുകളുമായിട്ടാണ് ഇസ്രയേൽ പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്. കിഴക്കൻ ജറുസലേമിന്റെ അയൽപ്രദേശമായ ഷേഖ് ജറയിൽനിന്ന് ഫലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന ഭീഷണിയും പ്രതിഷേധത്തിന് കാരണമായി. 1967-ൽ ജറുസലേം പിടിച്ചെടുത്തതിന്റെ ഓർമയ്ക്കായുള്ള ജറുസലേം ദിനം എന്നറിയപ്പെടുന്ന തിങ്കളാഴ്ച നടന്ന വാർഷിക ആഘോഷവും സംഘർഷത്തിന് മൂർച്ച കൂട്ടി.
ഷേഖ് ജറയും സമീപ പ്രദേശങ്ങളിൽ ഇസ്രയേൽ-ഫലസ്തീൻ പൗരന്മാർ തമ്മിൽ ദീർഘകാലമായി നിയമപ്രശ്നങ്ങൾ നലനിൽക്കുന്നുണ്ട്. മെയ് ഒമ്പതിന് ഫലസ്തീനികളെ ഈ പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ സുപ്രീം കോടതി വിധി പുറപ്പെടുവിക്കാനിരുന്നതായിരുന്നു. കുടിയൊഴിപ്പിക്കൽ ഭീഷണി മുന്നിൽ കണ്ട് നടത്തിയ പ്രതിഷേധത്തെ തുടർന്ന് കോടതി വിധി പറയുന്നത് മാറ്റിവെച്ചു. ഫലസ്തീനികൾ കുടിയൊഴിപ്പിക്കൽ ഭീതിയിലായതോടെയാണ് സംഘർഷം കൂടുതൽ ശക്തമായിരിക്കുന്നത്.
ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ സ്ഥലമാണ് മസ്ജിദുൽ അഖ്സ. കിഴക്കൻ ജറുസലേമിൽ സ്ഥിതി ചെയ്യുന്ന അൽ അഖ്സ പള്ളിയിലും പരിസരത്തും തിങ്കളാഴ്ച സംഘർഷം നടന്നു. ഇസ്രയേൽ പൊലീസ് പള്ളിക്കുള്ളിൽ നടത്തിയ റെയ്ഡിനെ തുടർന്ന് പള്ളിവളപ്പിൽനിന്ന് ഇസ്രയേൽ സൈന്യത്തെ ഇറക്കി വിടണമെന്ന് ഹമാസ് അന്ത്യശാസനം നൽകി. അൽ അഖ്സ പള്ളിയിൽ അടുത്ത കാലത്തായി പൊലീസ് അകമ്പടിയോടെ യഹൂദ മതവിശ്വാസികളും പ്രാർത്ഥനയ്ക്കെത്താറുണ്ട്. പള്ളി ഇസ്രയേൽ പിടിച്ചടക്കുമെന്നും വിഭജിക്കുമെന്നുമുള്ള ഭയത്തിൽ ഇതിനെ ഫലസ്തീനികൾ എതിർക്കാറാണ് പതിവ്. ജറുസലേമിലും അൽ അഖ്സ പള്ളിയിലും നടക്കുന്ന സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ് ചെയ്യാറുള്ളത്.
കിഴക്കൻ ജറുസലേമിൽ ജനിച്ച യഹൂദന്മാരെല്ലാം ഇസ്രയേലി പൗരന്മാരാണ്. എന്നാൽ അവിടെ നിന്നുള്ള ഫലസ്തീനികൾക്ക് സ്ഥിരമായ ഒരു വാസസ്ഥലം നൽകിയിട്ടുണ്ട്. അവർ നഗരത്തിന് പുറത്ത് ദീർഘകാലം താമസിച്ചാൽ ആ സൗകര്യം റദ്ദാക്കപ്പെടും. അവർക്ക് പൗരത്വത്തിനായി അപേക്ഷിക്കാൻ കഴിയും, പക്ഷേ ഇത് വളരെ നീണ്ടതും അനിശ്ചിതവുമായ പ്രക്രിയയാണ്. ഇസ്രയേൽ നിയന്ത്രണം അവർ അംഗീകരിക്കാത്തതിനാൽ മിക്കവരും ഇത് തിരഞ്ഞെടുക്കാറില്ല.
ഇപ്പോഴത്തേത് 2014-ന് ശേഷമുള്ള ഏറ്റവും വലിയ സംഘർഷം
ഗസ്സ ഭരിക്കുന്ന ഇസ്ലാമിക ഗ്രൂപ്പായ ഹമാസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇസ്രയേലിനെതിരെ തുടർച്ചയായുള്ള റോക്കാറ്റ് ആക്രമണമാണ് ഹമാസ് നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഹമാസ് തൊടുത്തുവിടുന്ന റോക്കറ്റുകളിൽ ഭൂരിപക്ഷവും തകർക്കുകയാണ് ചെയ്യുന്നത്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. വ്യോമാക്രമണത്തിൽ ഗസ്സയിലെ 12 നിലകളുള്ള കെട്ടിടമടക്കം തകർന്നു. സംഘർഷം രൂക്ഷമാകുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തതോടെ ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. 2014-ന് ശേഷമുള്ള ഏറ്റവും സംഘർഷമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇസ്രയേൽ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് ലോഡിൽ നടന്ന പ്രതിഷേധമാണ് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചത്. ടെൽ അവീവിനടത്തുള്ള ലോദ് എന്ന നഗരത്തിൽ ഇസ്രയേലിലെ അറബ് വംശജരുടെ നേതൃത്വത്തിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കലാപം രൂക്ഷമായതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു ദിവസം മുമ്പ് നടന്ന സംഘർഷത്തിൽ മരിച്ച ഇസ്രയേലി അറബ് വംശജന്റെ സംസ്കാര ചടങ്ങിന് പിന്നാലെയാണ് പ്രതിഷേധം തുടങ്ങിയത്. അറബ് വംശജർ കൂടുതലുള്ള ഇസ്രയേലിലെ മറ്റു നഗരങ്ങളിലേക്കും സംഘർഷം വ്യാപിച്ചിട്ടുണ്ട്.
2014നു ശേഷം ഗസ്സയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തിൽ ഗസ്സയിലെ ബഹുനില ജനവാസ കെട്ടിടം പൂർണമായി തകർത്തു. അപ്പാർട്ട്മെന്റുകൾക്ക് പുറമെ മെഡിക്കൽ ഉൽപാദന സ്ഥാപനങ്ങൾ, ഡെന്റൽ ക്ലിനിക് എന്നിവയും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർത്തത്. സമാനമായി, ഹമാസ് ഭീകരവാദികളുടെ വീടുകളും ഓഫീസുകളും പ്രവർത്തിച്ച 13 നില കെട്ടിടവും ഇസ്രയേൽ ബോംബിട്ടുതകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഹെബ്രോണിൽ ഫലസ്തീനികൾ താമസിച്ചുവന്ന അൽഫവാർ അഭയാർഥി ക്യാമ്പും ഇസ്രയേൽ തകർത്തു. ഹമാസ് ഇസ്രയേലിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ മൂന്നു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേർ മരിച്ചതായി ഇസ്രയേലി പത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. ഒരു കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്.
സമവായത്തിന് ഇല്ലെന്ന് ഇസ്രയേൽ സേന, ലോഡ് നഗരത്തിൽ അടിയന്തിരാവസ്ഥ
ഇസ്രയേൽ സേനയും ഹമാസും തമ്മിൽ റോക്കറ്റാക്രമണം തുടരവെ നിലവിൽ സമവായത്തിനില്ലെന്ന് ഇസ്രയേൽ സേനയും വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയും ഈജിപ്തും മുന്നോട്ട് മധ്യസ്ഥ ചർച്ച ഇസ്രയേൽ തിരസ്കരിച്ചെന്നാണ് റിപ്പോർട്ടുകൾ. മലയാളി യുവതിയുൾപ്പെടെ അഞ്ച് പേരാണ് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ജനവാസ മേഖലകളിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിക്കാതെ വെടി നിർത്തലിനില്ലെന്നാണ് ഇസ്രയേൽ സൈനിക സീനിയർ ഉദ്യോഗസ്ഥൻ ഇസ്രയേൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇസ്രയേൽ മധ്യസ്ഥ ശ്രമം തിരസ്കരിച്ചോ എന്ന ചോദ്യത്തിന് ഇദ്ദേഹം മറുപടി നൽകിയില്ല. ഇതിനിടെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസി ചർച്ച നടത്തി. പൗരന്മാർക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി ചർച്ചയിൽ പറഞ്ഞു.
ഹമാസിന്റെ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വകവകരുത്തിയതായി ഇസ്രയേൽ സേന അറിയിച്ചിട്ടുണ്ട്. ഹമാസിന്റെ മിലിട്ടറി ഇന്റലിജൻസ് സെക്യൂരിറ്റി വിഭാഗത്തിന്റെ തലവനായ ഹസ്സൻ കോഗിയും ഹമാസിന്റെ രഹസ്യാന്വേഷണ വിഭാദഗത്തിന്റെ തലവനായ വെയ്്ൽ ഇസ്സയെയും ആണ് വകവരുത്തിയത്. ഇതിന്റെ വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം ലോഡ് നഗരത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നഗരത്തിലെ മൂന്ന് യഹൂദ പള്ളികളും, നിരവധി കടകളും വാഹനങ്ങളും ഫലസ്തീൻ ഭീകരർ തീയിട്ട് നശിപ്പിച്ചതിനെ തുടർന്നാണ് അടിയന്തിരാവസ്ഥയ്ക്ക് ആഹ്വാനം നൽകിയത്.
ആശങ്കയോടെ മലയാളി സമൂഹം
ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട വാർത്ത കൂടി പുറത്തുവന്നതോടെ ഇസ്രാലേയിലെ മലയാളി സമൂഹം കടുത്ത ആശങ്കയിലാണ്. നിരവധി മലയാളികൾ ഇസ്രയേലിൽ ജോലി ചെയ്യുന്ന സ്ഥലമാമ് അഷ്കലോൺ. ഭർത്താവിനോട് വിഡീയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് റോക്കറ്റ് വീണത്.
അപ്രതീക്ഷതമായി ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിക്കുകയായിരുന്നു. സുരക്ഷ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സൗമ്യക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രോയേൽ വനിതക്കും ലഭിച്ചില്ല. വീൽചെയറിലായിരുന്ന വനിതയെ വർഷങ്ങളായി പരിചരിച്ചിരുന്നത് സൗമ്യയാണ്. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്കലോണിൽ കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. ഇസ്രായോൽ പാലീസ്തീൻ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഈ മേഖലയിൽ ചെയ്യുന്ന മലയാളിസമൂഹം വലിയ ആശങ്കയിലാണ്.
ഇസ്രയേൽ ചോരയിലൂടെ പിറന്ന രാഷ്ട്രം
ഫലസ്തീനുമായുള്ള നിത്യസംഘർഷം തീർത്താണ് ഇസ്രയേൽ രാഷ്ട്രം പിറന്നു വീണത്. 1948ൽ ഇസ്രയേൽ എന്ന രാജ്യം നിലവിൽ വന്ന് ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബനോന്റെയും സംയുക്ത ആക്രമണം ഇസ്രയേലിനു നേരെ ഉണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങൾക്ക്. പിറന്നു വീണു ദിവസങ്ങൾക്കകം പല രാജ്യങ്ങൾ ചേർന്ന ഒരു വലിയ സൈനിക ശക്തിക്കു മുമ്പിൽ പൊരുതേണ്ടി വരുക ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു.
എന്നാൽ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ യഹൂദന്മാർക്ക് മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു. രണ്ടും കൽപ്പിച്ചു യഹൂദന്മാർ പൊരുതിയപ്പോൾ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല എന്ന് മാത്രമല്ല ഇസ്രയേൽ ഈജിപ്തിന്റെയും സിറിയയയുടെയും ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 48ലെ യുദ്ധത്തിന് മുമ്പ് 54 ശതമാനം ഭുമി മാത്രമാണ് ഇസ്രയേലിന്റെ കൈവശം ഉണ്ടായിരുന്നെങ്കിൽ യുദ്ധാന്തരം അത് 77 ശതമാനമായി ഉയർന്നു. അറബികൾ ഒന്നിച്ച് മുട്ടിയിട്ടും ഇത്തിരക്കുഞ്ഞനായ ഇസ്രയേൽ ജയിച്ചുകയറി ഭൂ വിസ്തൃതി വർധിപ്പിച്ചു. ഇപ്പോഴും ഭൂവിസ്ത്രിതി വർദ്ധിപ്പിക്കാനുള്ള ഇസ്രയേൽ ശ്രമങ്ങളാണ് മേഖലയിൽ തീകോരിയിടുന്നത്.
മറുനാടന് ഡെസ്ക്