- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബഹിരാകാശത്തിന്റെ അതിരുകളോളം സ്വപ്നം കണ്ട് രണ്ടു മലയാളികൾ; ഇൻസ്പേസ്, ഇസ്രോ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മലയാളികളായ എസ് സോമനാഥ്, പി. കുഞ്ഞിക്കൃഷ്ണൻ എന്നിവർക്ക് മുൻതൂക്കം
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ മലയാളികളെത്തുന്നു. ബഹിരാകാശ സ്ഥാപനങ്ങളെ നയിക്കാൻ മേധാവി സ്ഥാനത്തേക്ക് മലയാളികൾ എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇൻസ്പേസ്, ഇസ്രോ ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്കാണ് രണ്ടു പേരെ നിയമിക്കുക. നിയമനം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ മൂന്നംഗ കേന്ദ്ര കാബിനറ്റ് സമിതിയാണ്. അടുത്ത മാസം തീരുമാനമുണ്ടാകും.
നിലവിൽ ഇസ്രോ നിർദ്ദേശിച്ച മൂന്ന് ശാസ്ത്രജ്ഞരിൽ രണ്ട് പേർ മലയാളികളാണ് എന്നതും വലിയ പ്രത്യേകതയാണ്. വി എസ്എസ്സി ഡയറക്ടർ എസ് സോമനാഥ്, യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ പി. കുഞ്ഞിക്കൃഷ്ണൻ എന്നിവരാണ് മലയാളികൾ. ഇസ്രോ ഇനീഷ്യൽ സിസ്റ്റംസ് യൂണിറ്റ് ഡയറക്ടർ സാം ദയാൽ ദേവ് ആണ് മൂന്നാമത്തെ ശാസ്ത്രജ്ഞൻ.പട്ടികയിലെ മൂന്ന് പേരിൽ എസ്. സോമനാഥിനും പി. കുഞ്ഞിക്കൃഷ്ണനും തന്നെയാണ് നിലവിൽ സാധ്യത കൂടുതൽ.
ഈ സാഹചര്യത്തിൽ ഒരാൾ ഇൻസ്പേസ് ചെയർമാനും മറ്റൊരാൾ ഇസ്രോ ചെയർമാൻ ആകാനുമാണ് സാധ്യത. രണ്ടു സ്ഥാനത്തേക്കും മലയാളികൾ വന്നാൽ ഇന്ത്യൻ ബഹിരാകാശ സ്ഥാപനങ്ങളെല്ലാം മലയാളികൾ നയിക്കും.നിലവിലെ ഇസ്രോ ചെയർമാൻ ഡോ. കെ.ശിവൻ വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇൻസ്പേസ് ചെയർമാനായി പി.കുഞ്ഞികൃഷ്ണനെ നിർദ്ദേശിച്ചത്.കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയായ പി കുഞ്ഞികൃഷ്ണൻ തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ നിന്നാണ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ബിരുദം നേടിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഡയറക്ടറായിരുന്നു. നിലവിൽ യു.ആർ.റാവു സ്പേസ് സെന്റർ ഡയറക്ടാണ്. റോക്കറ്റ് വിക്ഷേപണ പരിചയമാണ് പുതിയ പദവിയിലേക്ക് പരിഗണിക്കാൻ കാരണം. ലെവൽ 16 റാങ്കിലുള്ള ശാസ്ത്രജ്ഞനായ കുഞ്ഞി കൃഷ്ണൻ അടുത്ത ജൂണിൽ വിരമിക്കും. ഭാര്യ ഗിരിജ വി എസ്.എസ്. സി.യിൽ ശാസ്ത്രജ്ഞയാണ്.
ചന്ദ്രയാൻ 2 പദ്ധതിയിൽ നിർണായക പങ്കു വഹിച്ച വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ കൂടിയായ എസ്.സോമനാഥ് ആലപ്പുഴക്കാരനാണ്.കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദത്തിനു ശേഷം മാസ്റ്റേഴ്സ് ബിരുദം ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് പൂർത്തിയാക്കി.1985ൽ വി എസ്എസ്സിയിൽ ചേർന്നു. പിഎസ്എൽവി ദൗത്യങ്ങളുടെ കാലമായിരുന്നു അത്. ആദ്യത്തെയും രണ്ടാമത്തെയും വിക്ഷേപണങ്ങളുടെ രൂപകൽപനയിൽ പങ്കാളിയായിരുന്നു.പിന്നെ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി.
ആദ്യ ദൗത്യത്തിൽ റോക്കറ്റ് രൂപകൽപന ചെയ്ത പ്രോജക്ട് ഡയറക്ടറായിരുന്നു.ചന്ദ്രയാൻ 2ൽ റോക്കറ്റ് നിർമ്മാണത്തിന്റെയും വിക്ഷേപണത്തിന്റെയും പ്രധാന ചുമതലകളുണ്ട്.ഇതിന്റെ ഒട്ടേറെ ഭാഗങ്ങൾ വി എസ്എസ്സിയാണു നിർമ്മിച്ചത്. എൻജിൻ രൂപകൽപനയും സോമനാഥിന്റെ ചുമതലയിലായിരുന്നു.2019 ഡിസംബറിൽ എസ്.സോമനാഥിന് ലെവൽ 17ലേക്ക് പ്രൊമോഷൻ നൽകിയിരുന്നു. ലെവൽ 17ൽ സോമനാഥും നിവലിലെ ചെയർമാൻ കെ.ശിവനും മാത്രമാണുള്ളത്. സോമനാഥ് 2023 ജൂലായിലാണ് വിരമിക്കുക. ഒരു വർഷം നീട്ടി മൂന്ന് വർഷത്തേക്ക് ചെയർമാനാക്കാനാണ് ആലോചന.മലയാളി ഗവഷകനായ എസ്. സോമനാഥ് ഇസ്രോ മേധാവി ആയേക്കുമെന്ന് തന്നെയാണ് മലയാളികൾ കരുതുന്നത്.ഭാര്യ വത്സല പൂച്ചാക്കൽ സ്വദേശിനിയാണ്. തിരുവനന്തപുരത്തു ജിഎസ്ടി വകുപ്പിൽ ജോലി ചെയ്യുന്നു. മകൾ മാലിക എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സിനു പഠിക്കുന്നു. മകൻ മാധവും എൻജിനീയറിങ് വിദ്യാർത്ഥിയാണ്.
നിലവിലെ ഐ.എസ്.ആർ.ഒ ചെയർമാനായി ഡോ.കെ.ശിവനെ 2018ൽ മൂന്ന് വർഷത്തേക്കാണ് നിയമിച്ചത്. കാലാവധി ജനുവരി 15ന് അവസാനിക്കും. 2017ൽ വിരമിച്ച കെ.ശിവന് ആദ്യം രണ്ടു വർഷത്തേക്കും പിന്നീട് ഒരു വർഷത്തേക്കും നീട്ടി നൽകി. വീണ്ടും ഒരു വർഷം കൂടി നീട്ടണമെന്ന നിർദ്ദേശമുണ്ടെങ്കിലും പുതിയ കീഴ്വഴക്കം സൃഷ്ടിക്കുമെന്നതിനാൽ അംഗീകരിച്ചേക്കില്ല. മാത്രമല്ല, ജൂണിൽ സ്ഥാപിതമായ ഇൻസ്പേസിന് നിലവിൽ മേധാവി ഇല്ല. പ്രധാനമന്ത്രി, സ്പേസ് മന്ത്രാലയം സഹമന്ത്രി ജിതേന്ദ്രസിങ്, ഡോ. ശിവൻ എന്നിവരടങ്ങിയ ഡയറക്ടർ ബോർഡിനാണ് ചുമതല. ഭരണത്തിനായി അഡി.സെക്രട്ടറി, ഇന്റർനാഷണൽ കോ ഓപ്പറേഷൻ ജോയിന്റ് സെക്രട്ടറി തസ്തികളിലേക്ക് ഉടൻ നിയമനം നടത്തും. ജനുവരിയിൽ ചെയർമാനെയും നിയമിക്കും.