- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്ആർഒയുടെ ആദ്യ ഓഫീസ് തുമ്പയിലെ സെന്റ് മേരീസ് പള്ളി; അബ്ദുൾ കലാമും കൂട്ടരും ഉറക്കമിളച്ച് പണി എടുത്തത് ബിഷപ്പ് ഹൗസിൽ; പള്ളി വിട്ടുതരാൻ സമ്മതിച്ചത് ബിഷപ് പീറ്റർ ബർനാർഡ് പെരേര; ഇന്ന് നോക്കൂകൂലി ചോദിക്കുന്നത് ലത്തീൻ സഭയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയും
തിരുവനന്തപുരം: ഇല്ലായ്മകളിൽ നിന്ന് വളർന്ന് പന്തലിച്ചതാണ് രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ ഐഎസ്ആർഒ. ഡോ. വിക്രം സാരാഭായിയുടെ സ്വപ്നങ്ങളും ഡോ. ഹോമി ഭാഭയുടെ പിന്തുണയും ചേർന്ന് അടിത്തറ പാകിയ ബഹിരാകാശ ഏജൻസി. ഐഎസ്ആർഒയുടെ സ്വപന്ങ്ങൾ മുളച്ച് പടർന്നത് കേരളത്തിലെ ഒരുകൊച്ചുഗ്രാമത്തിലായിരുന്നു. തുമ്പയിൽ ഒരു കുന്നുപുറത്തെ ദേവാലയത്തിൽ. ഇസ്രോയുടെ കൂറ്റൻ കാർഗോയ്ക്ക് വേളി ലേബർ വെൽഫെയർ സർവീസ് സൊസൈറ്റി നോക്കുകൂലി ചോദിച്ചെന്ന വാർത്ത കേൾക്കുമ്പോഴോ കാണുമ്പോഴോ ആണ് ആ പഴയനല്ല കാലം തെളിഞ്ഞുവരുന്നത്. കാലം മാറിയപ്പോൾ കഥ മാറി എന്ന് ഭംഗ്യന്തരേണ പറയാമെങ്കിലും.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് കേരളത്തിലെ തുമ്പയെന്ന ചെറുഗ്രാമത്തിലേക്കു വിക്രം സാരാഭായിയുടെ കണ്ണെത്താൻ കാരണം.
ഭൗമാന്തരീക്ഷ പഠനങ്ങൾക്കു പ്രാധാന്യമുള്ള ഇടമാണ് തുമ്പ. ഇവിടത്തെ സെന്റ് മേരീസ് പള്ളിയിലും അതിനോടു ചേർന്നുള്ള അരമനയിലും സാരാഭായിയുടെ കണ്ണെത്തി. അതു ബഹിരാകാശ ഗവേഷണത്തിനു വിട്ടുതരണമെന്ന് വിക്രം സാരാഭായി അഭ്യർത്ഥിച്ചപ്പോൾ പൂർണമനസ്സോടെ ബിഷപ് പീറ്റർ ബർനാർഡ് പെരേര സമ്മതിച്ചു. ഐഎസ്ആർഒയുടെ ആദ്യ ഓഫീസ് പ്രവർത്തിച്ചിരുന്നത് ഈ പള്ളിയിലായിരുന്നു. ഇവിടത്തെ ബീച്ചായിരുന്നു ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ തറ.
സൈക്കിളിൽ പേലോഡ്, പഴയൊരു ജീപ്പിൽ റോക്കറ്റും വിക്ഷേപണത്തറയിലേക്കു ഘോഷയാത്രയായി നീങ്ങുന്ന ആൾക്കൂട്ടവും ആയിരുന്നു അന്നത്തെ കാഴ്ച. ഇന്നോ നോക്കുകൂലിക്ക് വേണ്ടി ഐഎസ്ആർഒയുടെ വാഹനം തടയുന്ന കാഴ്ചയും. തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനോടു (ടേൾസ്) ചേർന്നുള്ള വിക്ഷേപണത്തറയിൽനിന്ന് അമേരിക്കൻ നിർമ്മിത നൈക്ക് അപ്പാച്ചേ ഉയർന്നത് 1963 നവംബർ 21ന് ആയിരുന്നു.
ഐഎസ്ആർഒയുടെ ആദ്യ ഓഫീസ് സെന്റ് മേരീസ് പള്ളി ആയിരുന്നു. ശാസ്ത്രജ്ഞർ താമസിച്ചിരുന്നത് ബിഷപ്പിന്റെ വസതിയിലായിരുന്നു. ഇന്ന് തുമ്പ വി എസ്എസ്സി കേന്ദ്രത്തിലേക്കുള്ള ആദ്യ പടവുകൾ എത്ര ലളിതമായിരുന്നു എന്നോർക്കുമ്പോൾ അദ്്ഭുതം തോന്നാം. രാാപകലില്ലാതെ ബിഷപ് ഹൗസിലിരുന്ന് അബ്ദുൾ കലാം അടക്കമുള്ള ആദ്യകാല ശാസ്ത്രജ്ഞർ തല പുകച്ചു. റോക്കറ്റ് സാങ്കേതിക വിദ്യയിൽ തങ്ങൾ കണ്ട സ്വ്പനങ്ങൾ പരാജയങ്ങളിലൂടെ വിജയമാക്കി. അങ്ങനെ രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനത്തോട് നോക്കുകൂലി ചോദിക്കുന്നത് കളങ്കം എന്നല്ലാതെ എന്തുപറയാൻ.
കാലം മാറി കഥ മാറി
തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്ററിലേയ്ക്ക് ഉപകരണങ്ങളുമായി എത്തിയ ഐഎസ്ആർഒയുടെ വാഹനം സൗത്ത് തുമ്പയിൽ തടഞ്ഞു നിർത്തി എന്ന വാർത്തയാണ് ഞായറാഴ്ച രാവിലെ കേട്ടത്. വേളി ലേബർ വെൽഫെയർ സർവീസ് സൊസൈറ്റി പ്രവർത്തകരാണ് വാഹനം തടഞ്ഞത്. വാഹനം കടത്തിവിടണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് എത്തിയ പൊലീസുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു.
ലത്തീൻ സഭയുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് വേളി ലേബർ വെൽഫെയർ സർവീസ് സൊസൈറ്റി. വളരെ കാലമായി ഇവർ വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തുന്ന ചരക്ക് വാഹനങ്ങളിൽ നിന്നും നോക്കുകൂലി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം മിനി ട്രെയിൻ പദ്ധതിക്കായി കൊണ്ടു വന്ന ബോഗികൾക്ക് കൂടുതൽ കൂലി ആവശ്യപ്പെട്ടത് പ്രശ്നത്തിന് ഇടയാക്കിയിരുന്നു
മിനിയേച്ചർ ട്രെയിനിന്റെ എഞ്ചിനും മൂന്ന് ബോഗികളും ഇറക്കാൻ 65,000 രൂപയാണ് തൊഴിലാളികൾ ചുമട്ടുകൂലിയായി ആവശ്യപ്പെട്ടത്. ഐഎൻടിസിയുസി, സിഐടിയു, ബിഎംസ് തുടങ്ങി ഏഴ് തൊഴിലാളി യൂണിയനുകളാണ് എതിർപ്പുമായി രംഗത്തെത്തിയത്. തൊഴിലാളികൾ നേരിട്ടല്ല, ക്രെയിൻ ഉപയോഗിച്ചാണ് ബോഗികൾ ഇറക്കുന്നത്. അതിനാൽ കൂലി നൽകാനാവില്ലെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നിലപാടെടുത്തു. കമ്പനി സ്വന്തം നിലയിൽ ക്രെയിൻ ഉപയോഗിച്ച് ബോഗികൾ ഇറക്കാനും തീരുമാനിച്ചു. ഇതോടെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.
ക്രെയിൻ ഉപയോഗിച്ച് ഇറക്കുന്നതിന് തൊഴിലാളികൾക്ക് കൂലി നൽകാൻ വ്യവസ്ഥയില്ല. എന്നാൽ ലോഡിറക്കാൻ അനുവദിക്കില്ലെന്ന തൊഴിലാളികൾ ഉറച്ചുനിന്നും.
ആരുപറഞ്ഞാലും കേൾക്കില്ല
നോക്കുകൂലി തുടച്ചുനീക്കണമെന്ന് ഹൈക്കോടതി പറഞ്ഞിട്ട് രണ്ടുദിവസം ആകുന്നതേയുള്ളു. പത്രങ്ങൾ എഡിറ്റോറിയലുകൾ എഴുതുന്നു. ഒരു കാര്യവും ഇല്ലെന്നതാണ് കേരളത്തിലെ സ്ഥിതി. ജോലി ചെയ്യാതെ നോക്കുകൂലി. ചെറിയ തുകയല്ല, നാടിന്റെ അഭിമാനമായ ഐഎസ്ആർഒയോട് ചോദിച്ചത്. വി എസ്എസ്സിയിലേക്ക് ഉപകരണങ്ങളുമായെത്തിയ ചരക്ക് വാഹനം പ്രദേശവാസികൾ തടഞ്ഞിരിക്കുകയാണ്. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വി എസ്എസ്സി അധികൃതർ പറഞ്ഞു.
പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികൾ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് അധികൃതർ പറയുന്നു. പ്രതിഷേധക്കാരോട് കൃത്യമായി സംസാരിച്ചതാണെന്നും ജോലി ഇല്ലാതെ കൂലി കൊടുക്കാൻ കഴിയില്ലെന്നും പ്രോജക്ട് കൺസൾട്ടന്റ് രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു. പൂർണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്, മൂന്നു പേരുടെ തൊഴിൽ സേവനം മാത്രമാണ് ആവശ്യമെന്ന് ഇവർ വ്യക്തമാക്കി.
നിലവിലെ സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നും ഇനിയും പ്രതിഷേധം ഉണ്ടാവുകയാണെങ്കിൽ വാഹനം ഉപേക്ഷിച്ചു പോവുകയല്ലാതെ വേറെ നിവർത്തിയില്ലെന്നുമാണ് പ്രോജക്ട് കൺസൾട്ടന്റ് പറയുന്നത്
ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിക്കായാണ് കാർഗോ മുംബൈയിൽ നിന്നെത്തിയത്. 184 ടണ്ണിന്റെ ലോഡാണ് വാഹനത്തിലുള്ളത്. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാഹനം തടഞ്ഞത്. പ്രദേശവാസികൾ ഒത്തുകൂടിയതോടെ ലോക്ഡൗൺ ദിനമായ ഞായറാഴ്ച സ്ഥലത്ത് സംഘർഷാവസ്ഥയായി.
നോക്കുകൂലിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെ കർശന മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിലാണ് ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്.സംഭവം വിവാദമായതിന് പിന്നാലെ തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിഷയത്തിൽ ഇടപെട്ടു. അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ മാസം 18 നാണ് കാർഗോ വാഹനം മുംബൈയിൽ നിന്ന് കപ്പൽ വഴി കൊല്ലത്തെത്തിയത്. അന്ന് മുതൽ റോഡിലൂടെ ദിവസേന എട്ട് മണിക്കൂർ സഞ്ചരിച്ചാണ് തലസ്ഥാനത്ത് എത്തിയത്.