ചെന്നൈ: രാജ്യത്തെ അറിയപ്പെടുന്ന സുവിശേഷ പ്രഭാഷകനാണ് പോൾ ദിനകർ. സുവിശേഷവും രോഗശാന്തി ശുശ്രൂഷയും ബിസിനസ് ആക്കി മാറിയ ആൾ. ആദായ നികുതി വകുപ്പിന്റെ പിടിവീണതോടെ പോൾ ദിനകറിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ചുരുങ്ങിയത് 5000 കോടി രൂപയുടെ സ്വത്തുക്കൾ ഇയാൾക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ റെയ്ഡിൽ കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും കണ്ടെടുത്തതായി സൂചനകൾ പുറത്തുവന്നു. നിരവധി ക്രമക്കേടുകളും കണ്ടെത്തിയെന്നാണ് വിവരം. ചട്ടങ്ങൾ ലംഘിച്ചു നേരിട്ടു വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ രേഖകളും ലഭിച്ചു. വിദേശത്തുള്ള പോൾ ദിനകരന്, ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് സമൻസ് അയച്ചു.

ചെന്നൈയിൽ പോൾ ദിനകരന്റെ വസതിയിലാണു സ്വർണം കണ്ടെത്തിയതെന്നും സ്ഥാപനങ്ങൾക്ക് ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും ആദായനികുതി വകുപ്പ് കേന്ദ്രങ്ങൾ അറിയിച്ചു. ഇസ്രയേൽ, സിംഗപ്പൂർ, ബ്രിട്ടൻ, യുഎസ് തുടങ്ങി 12 രാജ്യങ്ങളിൽ വിവിധ കമ്പനികൾ പ്രവർത്തിക്കുന്നതായും കണ്ടെത്തി.

പോൾ ദിനകരന്റെ നേതൃത്വത്തിലുള്ള ജീസസ് കോൾസ് മിനിസ്ട്രിയുമായി ബന്ധപ്പെട്ട 28 ഇടങ്ങളിലാണു 4 ദിവസമായി റെയ്ഡ് നടന്നത്. ഗ്രൂപ്പിനു കീഴിലുള്ള കോയമ്പത്തൂരിലെ കാരുണ്യ കൽപിത സർവകലാശാലയിലും പരിശോധന നടന്നു. ജീസസ് കോൾസ് മിൻസ്ട്രി, കാരുണ്യാ കല്പിത സർവ്വകലാശാല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ശീഷൻ ഇങ്ങനെ നീളുന്നതാണ് ദിനകറിന്റെ സ്വത്തുക്കൾ.

കഴിഞ്ഞ ദിവസം ഇയാളുമായി ബന്ധപ്പെട്ട് ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള 28 കേന്ദ്രങ്ങളിലായിരുന്നു ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പ്രമുഖ സുവിശേഷകനായിരുന്ന ഡിജിഎസ് ദിനകരന്റെ മകനാണ് 58 കാരനായ പോൾ ദിനകരൻ. ചെന്നൈയിലെ ദിനകരന്റെ വസതി, കോയമ്പത്തൂർ കാരുണ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഡീംഡ്) എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു.

750 ഏക്കറിലാണ് കാരുണ്യ സ്ഥിതി ചെയ്യുന്നത്. പതിനായിരത്തോളം വിദ്യാർത്ഥികൾ. ഇന്ത്യയിൽ 29 കേന്ദ്രങ്ങളിലും ഒൻപതു രാജ്യങ്ങളിലും ഇയാൾക്ക് ജീസസ് കോൾസിന്റെ പ്രാർത്ഥനാ ഗോപുരങ്ങളുണ്ട്. ജീസസ് കോൾസ് എന്ന ടിവി ചാനലുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമുള്ള റെയിൻബോ ടിവി ഇയാളുടെയാണ്. ടൊറന്റോയിലെ കാനഡ ക്രിസ്ത്യൻ കോളേജ് നൽകിയ ഓണററി ഡോക്ടറേറ്റ് മുതലാക്കിയാണ് പ്രവർത്തനം.

ഇയാളും പിതാവും ചേർന്നാണ് തമിഴ്‌നാട്ടിൽ മതംമാറ്റ പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്നും ആക്ഷേപമുണ്ട്. ഇതിന്റെ മറവിൽ അമേരിക്ക, കാനഡയടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്ന് വൻതോതിൽ ഫണ്ടും സ്വീകരിച്ചിരുന്നു. വിദേശഫണ്ടിന്റെ കണക്കുകൾ കേന്ദ്രത്തിന് നൽകാറിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളും ഇയാളുടെ വഴിവിട്ട സാമ്പത്തിക പ്രവർത്തനങ്ങളും അല്പകാലമായി ആദായ നികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റിന്റെയും നിരീക്ഷണത്തിലായിരുന്നു. ഇതിനു പുറമേ സുവിശേഷത്തിന്റെ പേരിലും വൻതോതിൽ പണം പിരിച്ചിരുന്നു.