- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശിൽ 'ഇലക്ഷൻ സ്പെഷ്യൽ' റെയ്ഡുകൾ തുടരുന്നു; സമാജ്വാദി പാർട്ടി നേതാവ് പുഷ്പരാജ് ജെയ്നിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന; പുഷ്പരാജിനെ കേന്ദ്ര ഏജൻസികൾ നോട്ടമിട്ടത് 'സമാജ്വാദി ഇത്ത്ര' എന്ന പേരിൽ ഒരു പുതിയ പെർഫ്യൂം പുറത്തിറക്കിയതിന് പിന്നാലെ
ലഖ്നൗ: ഉത്തർപ്രദേശിലെ പ്രമുഖ ബിസിനസുകാരനും സമാജ്വാദി പാർട്ടി നിയമസഭാംഗവുമായ പുഷ്പരാജ് ജെയ്നിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. തെരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തിൽ തിരഞ്ഞു പിടിച്ചുള്ള റെയ്ഡ് നടപടികളാണ് ഇക്കാര്യത്തിൽ നടക്കുന്നത്. ഉത്തർപ്രദേശിലെ 50 ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. വൻ തോതിലുള്ള നികുതി വെട്ടിപ്പ് നടത്തിയതായുള്ള വിവരത്തിന്റെ പുറത്താണ് റെയ്ഡെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫെർഫ്യൂം ബിസിനസ് നടത്തുന്ന ചില ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
യു.പിയിലെ സമാജ്വാദി പാർട്ടിയുടെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ് പുഷ്പരാജ് ജെയിൻ പാമ്പി. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ മാസം അദ്ദേഹം 'സമാജ്വാദി ഇത്ത്ര' എന്ന പേരിൽ ഒരു പുതിയ പെർഫ്യൂം പുറത്തിറക്കിയിരുന്നു. അതേസമയം കനൗജ് ആസ്ഥാനമായുള്ള 'മുഹമ്മദ് യാക്കൂബ് പെർഫ്യൂം' എന്ന സ്ഥാപനത്തിലും പുലർച്ചെ റെയ്ഡ് നടത്തിയിരുന്നു.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവന്നതോടെ ബിജെപിക്കെതിരെ വിമർശനവുമായി സമാജ്വാദി പാർട്ടി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് പാർട്ടി ആരോപിച്ചു. കഴിഞ്ഞ തവണത്തെ വൻ പരാജയത്തിന് ശേഷം, ബിജെപിയുടെ ഇഷ്ടക്കാരായ ഇൻകംടാക്സ് ഡിപാർട്മെന്റ് എസ്പി എം.എൽ.സി പുഷ്പരാജ് ജെയിന്റേയും കനൗജിലെ മറ്റ് പെർഫ്യൂം വ്യാപാരികളുടെ സ്ഥാപനങ്ങൽും റെയ്ഡ് നടത്തുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയം ഭയന്ന ബിജെപി കേന്ദ്ര ഏജൻസികളെ പരസ്യമായി ദുരുപയോഗം ചെയ്യുന്നത് യു.പി തെരഞ്ഞെടുപ്പിൽ സാധാരണമാണ്.
ജനങ്ങൾ എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, അവർ ഇതിനുള്ള ഉത്തരം വോട്ടുകൊണ്ട് നൽകും, സമാജ്വാദി പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രതികരിച്ചു. ഈ മാസം ആദ്യം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി ഇന്റലിജൻസ് (ഡി.ജി.ജി.ഐ) കാൺപൂർ ആസ്ഥാനമായുള്ള സുഗന്ധദ്രവ്യ വ്യാപാരി പിയൂഷ് ജെയ്നിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. 197 കോടിയിലധികം പണവും 23 കിലോ സ്വർണവും 6 കോടി രൂപ വിലമതിക്കുന്ന സാധനങ്ങളുമായിരുന്നു കാൺപൂരിലെയും കനൗജിലെയും സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്.
ഇതിന് പിന്നാലെ പിയൂഷ് ജെയിന് സമാജ്വാദി പാർട്ടിയുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളെയെല്ലാം തള്ളുകയായിരുന്നു അഖിലേഷ് യാദവ്. ഐ.ടി റെയ്ഡുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. സമാജ്വാദി പാർട്ടി അധികാരത്തിലിരുന്നപ്പോൾ ഉത്തർപ്രദേശിലുടനീളം അഴിമതിയുടെ സുഗന്ധം വിതറിയെന്നായിരുന്നു മോദിയുടെ പരിഹാസം.
മറുനാടന് മലയാളി ബ്യൂറോ