കണ്ണൂർ: കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗിലെ ചേരിപ്പോര് രൂക്ഷമാകുന്നു. ഗ്രൂപ്പ് പോരിനെ തുടർന്ന് തളിപറമ്പ് മുനിസിപ്പാലിറ്റിയിൽ ലീഗിന്റേയും പോഷകസംഘടനകളുടേയും എല്ലാ കമ്മിറ്റികളും പിരിച്ചുവിടാൻ ജില്ലാ ഭാരവാഹി യോഗം തീരുമാനിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് വനിതാ ലീഗ്, പ്രവാസി ലീഗ് കമ്മിറ്റികളാണ് പിരിച്ചുവിടുന്നത്. എസ്.ടി.യുവിന്റെ വിവിധഘടകങ്ങളെ ഏകോപിപ്പിക്കുവാൻ മുനിസിപ്പൽ തലത്തിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.

മുസ്ലിം ലീഗ് പ്രവർത്തകന്മാർ അഡ്‌മിന്മാരായ വാട്സാപ്പ് ഗ്രൂപ്പുകൾ വിഭാഗീയ പ്രവർത്തനം ലക്ഷ്യം വെച്ച് സംഘടനാ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവ അടിയന്തരമായി പിരിച്ചുവിടേണ്ടതാണെന്നും ജില്ലാ കമ്മിറ്റി നിർദേശിച്ചു.

തളിപറമ്പിൽ പ്രവർത്തിക്കുന്ന ജിന്നാ സാധു സംരക്ഷണസമിതിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. പ്രസ്തുതസംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകരും നേതാക്കളും വിട്ടുനിൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. സംസ്ഥാന ഭാരവാഹികളായ വി.കെ. അബ്ദുൾ ഖാദർ മൗലവി, അബ്ദുൾറഹ്മാൻ കല്ലായി എന്നിവരും യോഗത്തിൽ പങ്കെടുത്തു.