- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പിൽ മുസ്ലിംലീഗ് എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ; മൂന്ന് പേരിൽ നിന്നായി 10 ലക്ഷം രൂപ വീതം തട്ടിയെന്ന പരാതിയിൽ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു; എംസി കമറുദിനെതിരെ ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഏഴ് കേസുകൾ; സമസ്ത നേതാവായ ടികെ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചനക്കുറ്റവും ചുമത്തി കേസെടുത്തു; സ്വർണ്ണക്കടത്തു കേസ് സർക്കാറിനെതിരെ ആയുധമാക്കുന്ന മുസ്ലിംലീഗിനെ വെട്ടിലാക്കുന്ന കാസർകോട്ടെ സ്വർണ്ണക്കേസ് ഇങ്ങനെ
കാസർകോട്: സ്വർണ്ണക്കടത്തു കേസിൽ പിണറായി സർക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ ഇറങ്ങിയ യുഡിഎഫിൽ മുഖ്യമന്ത്രിക്കെതിരെ വലിയ ശബ്ദമൊന്നും ഉയർത്താത്ത കക്ഷിയാണ് മുസ്ലിംലീഗ്. ഇതിന് പിന്നിലെ രസതന്ത്രം എന്താണെന്ന് അറിയാത്തവർ അധികം ഉണ്ടാകില്ല. സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം മുന്നോട്ടു പോകുമ്പോൾ ലീഗുമായി ബന്ധമുള്ള ആളുകൾ അറസ്റ്റിലായ അവസ്ഥ വരെയുണ്ട്. ഇതിനിടെയാണ് ലീഗിനെ വെട്ടിലാക്കുന്ന വിധത്തിൽ മറ്റൊരു കേസും ഉയർന്നുവന്നത്. ജുവല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ടു മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിരെ കേസുകൾ മുറുകുന്നതാണ് ലീഗിനെ ശരിക്കും വെട്ടിലാക്കുന്നത്.
ജൂവലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എംസി കമറുദിനെതിര കൂടുതൽ കേസുകൾ കൂടി രജിസ്റ്റർചെയ്തു. മൂന്ന് പേരിൽ നിന്നായി 10 ലക്ഷം വീതം തട്ടിയെന്ന പരാതിയിൽ ചന്തേര പൊലീസ് ഇന്ന് മൂന്ന് കേസുകൾകൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ജൂവലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഏഴായി. ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ജൂവലറിയിൽ പണം നിക്ഷേപിച്ച അബ്ദുൾഷൂക്കൂർ,എംടിപി സുഹറ,വലിയ പറമ്പ് സ്വദേശി ആരിഫ എന്നിവരുടെ പരാതിയിൽ നേരത്തെ ജൂവലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽക്കും മാനേജിങ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
30 ലക്ഷം രൂപ തട്ടിയെന്ന് അബ്ദുൾഷുക്കൂറും ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് സുഹറയും മൂന്ന് ലക്ഷം തട്ടിയെന്ന് ആരിഫയും ചന്ദേര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നഷ്ടത്തിലായതിനെ തുടർന്ന് ഫാഷൻ ഗോൾഡ് ജൂവലറിയുട 3 ശാഖകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതവും നൽകിയിട്ടില്ല.
അതേസമയം വ്യക്തിപരമായി ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഫാഷൻഗോൾഡ് ഇന്റർനാഷണൽ എന്ന കമ്പനിക്ക് വേണ്ടി നിക്ഷേപം സ്വീകരിക്കുക മാത്രമാണ് ഉണ്ടായതെന്നും എംസി കമറുദ്ദീൻ എംഎൽഎ പറയുന്നത്. വ്യക്തിപരമായി ആരിൽ നിന്നും ഞാൻ പണം സ്വീകരിച്ചിട്ടില്ല. ഫാഷൻഗോൾഡ് ഇന്റർനാഷണൽ ഒരു രജിസ്റ്റേർഡ് ക്മ്പനിയായിരുന്നു. അതിലേക്ക് നിക്ഷേപം സ്വീകരിക്കുക മാത്രമാണുണ്ടായത്. 2004,2006 വർഷങ്ങളിലാണ് കമ്പനിയുടെ കീഴിയിൽ വിവിധയിടങ്ങളിൽ സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ചത്. അന്ന് അതിൽ നിക്ഷേപം നടത്തിയവർക്ക് അവരുടെ നിക്ഷേപ തുകക്ക് അനുസരിച്ചുള്ള ലാഭവിഹിതം 2019 വരെ മുടക്കമില്ലാതെ നൽകിയിട്ടുണ്ട്. ആരെയും പറ്റിച്ചിട്ടുമില്ല. നോട്ട് നിരോധനം വന്നതോടെയാണ് ബിസിനസിൽ പ്രതിസന്ധി രൂക്ഷമായത്. ഈ വർഷം ജനുവരിയിലും കഴിഞ്ഞ വർഷം അവസാനുമായി സ്ഥാപനങ്ങൾ പൂർണ്ണമായി പ്രവർത്തനം അവസാനിപ്പിച്ചിരുന്നതായും എംഎൽഎ പറയുന്നു.
നഷ്ടത്തിലായതോടെയാണ് സ്ഥാപനങ്ങൾ പൂട്ടിയത്. പൂട്ടിപ്പോകുന്നത് വരെ എല്ലാവർക്കും അവരുടെ നിക്ഷേപത്തിനനുസരിച്ചുള്ള ലാഭവിഹിതം നൽകിയിട്ടുണ്ട്. പൂട്ടുന്ന സമയത്ത് ഡിവിഡന്റും നൽകിയിട്ടുണ്ട്. ഇപ്പോഴുണ്ടായ പരാതികൾ രാഷ്ട്രീയ പ്രേരിതമാണ്. ഇത്തരത്തിലുള്ള കേസുകൾ സിവിൽ കേസുകളായാണ് ഉണ്ടാകാറുള്ളത്. അത് കോടതി വഴിയാണ് വരേണ്ടത്. എന്നാൽ ഇവിടെ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചില നിക്ഷേപകർക്ക് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ നിയമോപദേശവും ലഭിച്ചിട്ടുണ്ടായിരുന്നു. എ്ന്നാൽ രാഷ്ട്രീയ പ്രേരിതമായി ചിലർ പൊലീസിൽ പരാതി നൽകുകയും പൊലീസ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊണ്ട് കേസ് എടുക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. വ്യക്തിപരമായി ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്ന നിലയിലാണ് ഞാൻ ഈ കേസിൽ അകപ്പെട്ടിരിക്കുന്നതെന്നും എംസി കമറുദ്ദീൻ എംഎൽഎ പറഞ്ഞു.
അതേ സമയം എംസി കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ എന്ന കമ്പനിയിൽ നിക്ഷേപം നടത്തിയിരുന്ന കൂടുതൽ ആളുകൾ ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. സ്വർണ്ണക്കടക്ക് വേണ്ടി നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിൽ അദ്ദേഹത്തിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു.നിക്ഷേപകരായ മൂന്ന് പേരുടെ പരാതിയിൽ ചന്ദേര പൊലീസാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജൂവലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ആരിഫ, സുഹറ എന്നിവർ നൽകിയ പരാതിയിലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഫാഷൻ ഗോൾഡ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ ജൂവലറി ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു എംസി ഖമറുദ്ദീൻ. കാസർകോഡ്, ചെറുവത്തൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായി മൂന്ന് ബ്രാഞ്ചുകളാണ് ഈ ജൂവലറി ഗ്രൂപ്പിനുണ്ടായിരുന്നത്. കഴിഞ്ഞ ജനുവരിയോടെ തന്നെ മൂന്ന് ബ്രാഞ്ചുകളും അടച്ചു പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയിരുന്നിമില്ല.
മറുനാടന് മലയാളി ബ്യൂറോ