- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ അനുശോചിച്ചു കുടുങ്ങി കോൺഗ്രസ് നേതാക്കൾ; ഫലസ്തീന് ഐക്യദാർഢ്യവുമായി മുസ്ലിംലീഗ് നേതാക്കളും; ഫലസ്തീൻ ജനതക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിക്കണമെന്ന് പാണക്കാട് തങ്ങൾ; പെരുന്നാൾ വീടുകളിൽ ഐക്യദാർഢ്യ സംഗമം
കോഴിക്കോട്: ഇസ്രയേൽ- ഫലസ്തീൻ വിഷയം കേരളത്തിൽ ഒരു വോട്ടുബാങ്ക് രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു. ഇസ്രയേലിൽ ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ മലയാളിയായ സൗമ്യയെ അനുശോചിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടു ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ശരിക്കും വെട്ടിലായപ്പോൾ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിംലീഗ് പെരുന്നാൾ ദിനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയുമായി രംഗത്തത്തി.
വീടുകളിൽ ഫലസ്തീൻ ജനതയ്ക്ക് വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു ബോർഡുകൾ കൈയിലേന്തി പാണക്കാട് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വീടുകളിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങൾ നടത്തി. ഫലസ്തീൻ അനുകൂല നിലപാട് ഇന്ത്യ സ്വീകരിക്കണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് വിശ്വാസികളുടെ ഈ ചെറിയ പെരുന്നാൾ ദിനം കടന്ന് പോകുന്നത്. ഫലസ്തീന് മേൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന അഖിലേന്ത്യാ നേതൃയോഗമാണ് പെരുന്നാൾ ദിനമായ ഇന്ന് ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങൾ നടത്താൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തത്. കോവിഡ് സാഹചര്യത്തിൽ വീടുകളിൽ കോവിഡ് മാനദണ്ഡം പാലിച്ചാണ് സംഗമങ്ങൾ നടന്നത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, പി. ഉബൈദുള്ള തുടങ്ങിയവരും പങ്കെടുത്തു. ഫലസ്തീൻ ജനതക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിക്കണമെന്നും പ്രശ്നപരിഹാരത്തിന് നടപടികളുണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇസ്രയേലിൽ ഹമാസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന് സൗമ്യയ്ക്കഅ അനുശോചനവും ലീഗ് നേതാക്ഖൾ രേഖപ്പെടുത്തി.
അതേസമയം സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ഊർജ്ജിതമാക്കി. ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ ഇതിനോടകം പൂർത്തിയായി. ഇസ്രയേൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ക്ലിയറൻസ് കൂടി ലഭിച്ചാൽ മൃതദേഹം ഇന്ത്യയിലേക്ക് അയ്ക്കാനുള്ള നടപടികൾ തുടങ്ങും. നിലവിൽ സൗമ്യയുടെ മൃതദേഹം ടെൽ അവിവിലെ ഫോറൻസിക് ലാബിൽ സൂക്ഷിച്ചിരിക്കുകയാണ്.
സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ അറിയിച്ചിരുന്നു. ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി നോർക്ക ബന്ധപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ അകാലവിയോഗത്തിൽ കുടുംബത്തിന് സഹായകരമാകുന്ന വിധമുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇസ്രയേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്.
ഇതിനിടെ പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക രംഗത്തുവന്നു. സ്വയംപ്രതിരോധത്തിന് ഇസ്രയേലിന് അവകാശമുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ടു. അതേസമയം അറബ് യഹൂദ വംശജർ ഇടകലർന്നു കഴിയുന്ന പല ഇസ്രയേലി നഗരങ്ങളിലും ജനം പരസ്പരം ഏറ്റമുട്ടുകയാണ്.
ഇസ്രയേൽ വ്യോമാക്രമണവും ഹമാസിന്റെ പ്രത്യാക്രമണവും കഴിഞ്ഞരാത്രിയിലും മാറ്റമില്ലാതെ തുടർന്നു. ഗസ്സയിൽ നിന്നെത്തിയ ആയിരത്തോളം റോക്കറ്റുകളെ ഇസ്രയേൽ പ്രതിരോധസംവിധാനം തകർത്തു.എഴുപതിനടുത്ത് ഫലസ്തീനികൾക്കും ആറ് ഇസ്രയേലികൾക്കും മൂന്നുദിവസത്തിനുള്ളിൽ ജീവൻ നഷ്ടമായി. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 16 പേർ കുഞ്ഞുങ്ങളാണ്. ഇസ്രയേലിൽ ജീവൻ നഷ്ടപ്പെട്ടവരിൽ അഞ്ചുവയസുകാരനും ഉൾപ്പെടുന്നു. സംഘർഷം ജനങ്ങൾക്കിടയിലേക്ക് വ്യാപിച്ചതോടെ പല ഇസ്രയേൽ നഗരങ്ങളിലും ആഭ്യന്തരയുദ്ധത്തിന് സമാനമാണ് സ്ഥിതി.
അറബ് യഹൂദ വംശജർ ഇടകലർന്ന് കഴിയുന്ന ലോദ് പോലുള്ള നഗരങ്ങളിൽ ജനം പരസ്പരം ഏറ്റുമുട്ടുകയാണ്. സിനഗോഗുകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും തീയിട്ടു. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. നെതന്യാഹുവമായി ഫോണിൽ സംസാരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആയിരക്കണക്കിന് റോക്കറ്റുകൾ പറന്നെത്തുമ്പോൾ സ്വയം പ്രതിരോധത്തിന് ഇസ്രയേലിന് അവകാശമുണ്ടെന്ന് പറഞ്ഞു. മലയാളി സൗമ്യ സന്തോഷിന്റെ ദാരുണ മരണം യുഎന് രക്ഷാസമിതിയെ അറിയിച്ച ഇന്ത്യ ഗസ്സയിൽ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ അപലപിച്ചു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഇസ്രയേൽ വ്യോമാക്രമണത്തിൽ പതിനാറ് പ്രധാന നേതാക്കൾ കൊല്ലപ്പെട്ടുതിനുപിന്നാലെ കിഴക്കൻ ഇസ്രയേലിൽ റോക്കറ്റ് വർഷം നടത്തി തിരിച്ചടിച്ച് ഹമാസ്. ഗസ്സയിലെ ബ്രിഗേഡ് കമാൻഡർ ബാസിം ഇസയും മിസൈൽ ടെക്നോളജി തലവൻ ജോമ തഹ്ലയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഫലസ്തീനിൽ ഇതുവരെ പതിനാല് കുട്ടികളുൾപ്പടെ 67 പേരും ഇസ്രയേലിൽ 7 പേരും കൊല്ലപ്പെട്ടു.
2014ന് ശേഷം ഹമാസിന് നഷ്ടമാവുന്ന ഏറ്റവും മുതിർന്ന നേതാവാണ് ബാസിം ഇസ്സ. സൈബർ വിഭാഗം മേധാവി കൂടിയാണ് ഇസയ്ക്കൊപ്പം കൊല്ലപ്പെട്ട ജോമ തഹ്ല. ഹമാസ് സൈനികവിഭാഗമായ ഖ്വാസം ബ്രിഗേഡ്സിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണണം. ഗസ്സയിലെ ഹമാസ് ഭരണത്തിന്റെ ആണിക്കല്ലാണ് ഖ്വാസം ബ്രിഗേഡ്സ്. ഗസ്സയിലെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേലി സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ടെൽ അവീവ്, അഷ്കലോൺ, ലോട് നഗരങ്ങൾ ലക്ഷ്യമിട്ടാണ് ഹമാസിന്റെ റോക്കറ്റ് ആക്രമണം. സംഘർഷം ആളിപ്പടർന്നതോടെ ഇസ്രയേൽ ഫലസ്തീൻ അതിർത്തി നഗരങ്ങളിൽ ജനങ്ങൾ തെരുവിൽ ഏറ്റുമുട്ടുകയാണ്. ഇസ്രയേൽ അധിനിവേശ നീക്കങ്ങൾ നിർത്തിവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ