പോത്തൻകോട്: കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയിൽ നിന്നു പുറത്താക്കപ്പെട്ട ജഡായുപ്പാറ ടൂറിസം പ്രൊജക്ട് ലിമിറ്റഡ് ( ജെടിപിഎൽ) കമ്പനിയിലെ പ്രവാസികൾ അടക്കമുള്ള നൂറോളം നിക്ഷേപകർ കമ്പനി മാനേജിങ് ഡയറക്ടർ രാജീവ് അഞ്ചലിന്റെ പോത്തൻകോട്ടെ വീടിനു സമീപം നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. ബിഒടി വ്യവസ്ഥയിലുള്ള അറുപത്തിയഞ്ചു എക്കറിലേറെ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന സംസ്ഥാനത്തെ ആദ്യ ടൂറിസം പദ്ധതിയാണ് വിവാദത്തിലാകുന്നത്. സംസ്ഥാന സർക്കാർ മുപ്പത് വർഷത്തേക്ക് പ്രോജക്റ്റ് അനുവദിച്ച് നൽകിയ രാജീവ് അഞ്ചലും നിക്ഷേപകരും തമ്മിൽ ഉരസിയതോടെയാണ് ജഡായുപ്പാറ ടൂറിസം പദ്ധതി വിവാദത്തിലായത്. ഇതാണ് ഇപ്പോൾ സംഘർഷത്തിലേക്ക് മാറുന്നത്.

രാജീവിനെ അനുകൂലിക്കുന്നവരും പ്രതിഷേധ സംഘവും തമ്മിലായിരുന്നു കയ്യാങ്കളി. ഇട്ടിവ പഞ്ചായത്തിലെ വടക്കേകോട്ടുക്കൽ വാർഡംഗമായിരുന്ന ദീപുവിന് പരുക്കേറ്റു. രാജീവ് അഞ്ചലിന്റെ ബന്ധുക്കളായ സുധികുമാർ, അജി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ജഡായുപ്പാറയിലെത്തിയ പ്രതിഷേധക്കാരെ അവിടെയും പൊലീസ് തടഞ്ഞു. നിക്ഷേപകരായെത്തി മുതലാളിമാരാകാനുള്ള നീക്കം നടത്തിയതിനെ തുടർന്ന് ജെടിപിഎൽ എന്ന കമ്പനിയുടെ ലൈസൻസ് റദ്ദാക്കുകയായിരുന്നുവെന്ന് രാജീവ് അഞ്ചൽ പറയുന്നു. കരാർ ലംഘിച്ച് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ എണ്ണം കൂട്ടുകയും എന്നെ പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. സർക്കാർ നിർദ്ദേശം അനുസരിച്ചാണ് ലൈസൻസ് റദ്ദാക്കിയതെന്നാണ് വിശദീകരണം.

'ജഡായുപ്പാറ ടൂറിസം പദ്ധതിക്കായി കഴിഞ്ഞ അഞ്ചുവർഷമായി കോടികൾ നിക്ഷേപം നടത്തിയവരാണ് ഒരു പൈസ പോലും ലഭിക്കാതെ പുറത്താക്കപ്പെട്ടതെന്ന് പ്രതിഷേധക്കാരും പറയുന്നു. അടുത്ത മുപ്പതു വർഷത്തേക്കാണ് ജെടിപിഎല്ലുമായി ടൂറിസം നടത്തിപ്പിനായി കരാറുണ്ടാക്കിയത്. വായ്പയെടുത്തും ഭൂമി വിറ്റും നിക്ഷേപം നടത്തിയ ഞങ്ങൾക്ക് നൽകാമെന്നു കരാറിൽ പറഞ്ഞിരുന്ന 12% പലിശ പോലും തരാതെ പുറത്താക്കുകയായിരുന്നു. നിയമ നടപടികൾക്കൊപ്പം സമരങ്ങളും ഇനിയുമുണ്ടാകുമെന്നാണ് അവരുടെ വിശദീകരണം.

ടൂറിസം പദ്ധയിലെ വിവിധ കമ്പനികളിൽ ഒന്നായ ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിലെ നിക്ഷേപകരും രാജീവും അഞ്ചലും തമ്മിൽ അഭിപ്രായ വ്യത്യാസം വന്നതോടെയാണ് നിക്ഷേപകർ രാജീവ് അഞ്ചലിന് എതിരെ വിവിധ കോടതികളിൽ കേസിന് പോയത്. രാജീവ് അഞ്ചൽ സാമ്പത്തിക തിരിമറി നടത്തിയെന്ന് നിക്ഷേപകരും നിക്ഷേപം സ്വീകരിക്കാൻ താൻ ശമ്പളം നൽകി നിയമിച്ച ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ തലപ്പത്തിരുന്ന വാസു ജയപ്രകാശും ഭാര്യ സഹോദരന്മാരും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് പദ്ധതി സ്വന്തമാക്കാൻ നടത്തിയ ശ്രമങ്ങളാണ് സർവ കുഴപ്പങ്ങൾക്കും കാരണമെന്നു രാജീവ് അഞ്ചലും ആരോപിക്കുമ്പോൾ ജഡായുപ്പാറ ടൂറിസം പദ്ധതിയുടെ ഭാവി തന്നെ പ്രതിസന്ധിയിലാണ്.

160 നിക്ഷേപകരെ മറയാക്കി വാസു ജയപ്രകാശും ഭാര്യ സഹോദരന്മാരായ അജിത്ത് ബലരാമൻ, അജയ് ബലരാമനും പ്രോജക്റ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് രാജീവ് അഞ്ചൽ ആരോപിക്കുന്നത്. വാസുവുമായി ചേർന്ന് രൂപീകരിച്ച ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പും റവന്യു കളക്ഷനും ഉൾപ്പടെയുള്ള അവകാശം കൊടുത്തത്. നിക്ഷേപകർ ആ കമ്പനിയിൽ ആയിരുന്നതുകൊണ്ടാണ് അങ്ങനെ തീരുമാനം എടുത്തതെന്നാണ് രാജീവ് അഞ്ചൽ പറയുന്നു.

വരുമാനം വന്നു തുടങ്ങിയപ്പോൾ കമ്പനിയുടെ ഡയറക്ടർമാരിൽ ചിലർക്ക് ഞാൻ ഒരു തടസമായി. ബോർഡ് മീറ്റിങ് കൂടി എന്നെ എംഡി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം ആരംഭിച്ചു. മീറ്റിങ്ങിന്റെ അജണ്ട ലഭിച്ചപ്പോൾ ഇക്കാര്യം വ്യക്തമായിരുന്നു. ഇതോടെ അജണ്ടയുടെ കോപ്പി സഹിതം പദ്ധതിയുടെ നോഡൽ ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. ടൂറിസം മന്ത്രിയെയും, ടൂറിസം സെക്രട്ടറിയെയും, ഡയറക്ടറെയും വിവരം അറിയിച്ചു. ഞാൻ സർക്കാരിന്റെ പാട്ടക്കാരനാണ്, അതുകൊണ്ടാണ് ഈ നീക്കം സർക്കാരിനെ അറിയിച്ചതെന്നും രാജീവ് അഞ്ചൽ വിശദീകരിച്ചിരുന്നു.

എന്നാൽ പദ്ധതിക്ക് നിക്ഷേപകരെ കൊണ്ട് വന്നത് തങ്ങൾ രൂപീകരിച്ച ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് വഴിയാണെന്നും ഏഴു കോടി ആവശ്യപ്പെട്ടിട്ട് നാല്പത് കോടി എത്തിച്ചിട്ടും ഈ തുക എഴുപത് കോടിയാക്കി മാറ്റാൻ രാജീവ് അഞ്ചലിന്റെ നിർദ്ദേശം നിക്ഷേപകർ തള്ളിക്കളഞ്ഞതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും വാസു ജയപ്രകാശും പറയുന്നു.