- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ ടൂറിസത്തിന്റെ അഭിമാന പദ്ധതി; രാജീവ് അഞ്ചൽ ജീവിതം ഒഴിഞ്ഞുവെച്ച പദ്ധതിയിൽ സാമ്പത്തിക തിരിമറി ആരോപിച്ചു നിക്ഷേപകർ കേസിന് പോയതോടെ ഓഹരി കൈമാറ്റവും പണം സ്വീകരിക്കലും വിലക്കി ഉത്തരവ്; പ്രശ്നക്കാർ ജഡായു ടൂറിസത്തിന്റെ തലപ്പത്തിരുന്ന വാസു ജയപ്രകാശും ഭാര്യ സഹോദരന്മാരുമെന്നു രാജീവ് അഞ്ചൽ; നിക്ഷേപം രാജീവ് അഞ്ചൽ കടലാസ് കമ്പനികളിലേക്ക് വകമാറ്റിയെന്ന് വാസു ജയപ്രകാശും; ജഡായുപ്പാറ ടൂറിസം പദ്ധതിയെ ചൊല്ലിയുടെ തർക്കത്തിന് പിന്നിലെന്ത്? മറുനാടൻ അന്വേഷണം
തിരുവനന്തപുരം: സംസ്ഥാനത്തിനു അഭിമാനമാകേണ്ടിയിരുന്ന ജഡായു പാറ ടൂറിസം പ്രോജക്റ്റ് നിയമക്കുരുക്കിൽപ്പെട്ടു വലയുന്നു. പദ്ധതി പൂർത്തിയായിട്ടില്ലാത്ത അവസ്ഥയിൽ തന്നെ പൊന്തി വന്ന കേസുകൾ ആയിരം കോടിയുടെ ഈ ടൂറിസം പദ്ധതിയുടെ ഭാവി തന്നെ കരിനിഴലിലാക്കുകയാണ്. ബിഒടി വ്യവസ്ഥയിലുള്ള അറുപത്തിയഞ്ചു എക്കറിലേറെ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന സംസ്ഥാനത്തെ ആദ്യ ടൂറിസം പദ്ധതിയാണ് നിയമക്കുരുക്കിൽപ്പെട്ടു വലയുന്നത്. സംസ്ഥാന സർക്കാർ മുപ്പത് വർഷത്തേക്ക് പ്രോജക്റ്റ് അനുവദിച്ച് നൽകിയ രാജീവ് അഞ്ചലും നിക്ഷേപകരും തമ്മിൽ ഉരസിയതോടെയാണ് ജഡായുപ്പാറ ടൂറിസം പദ്ധതി വിവാദത്തിലായത്.
വഞ്ചിയൂർ കോടതിയിലും ഹൈക്കോടതിയിലും നാഷണൽ കമ്പനി ലോ ബോർഡിലുമായി വിവിധ കേസുകളാണ് ഈ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു ഇപ്പോൾ നിലനിൽക്കുന്നത്. ഈ ടൂറിസം പദ്ധയിലെ വിവിധ കമ്പനികളിൽ ഒന്നായ ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിലെ നിക്ഷേപകരും രാജീവും അഞ്ചലും തമ്മിൽ അഭിപ്രായ വ്യത്യാസം വന്നതോടെയാണ് നിക്ഷേപകർ രാജീവ് അഞ്ചലിന് എതിരെ വിവിധ കോടതികളിൽ കേസിന് പോയത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഓഹരി കൈമാറ്റവും, പണം സ്വീകരിക്കലും ഉൾപ്പടെയുള്ള കാര്യങ്ങൾ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ വിലക്കിയിട്ടുണ്ട്. ഈ ടൂറിസം പദ്ധതിയിലെ ആറു കമ്പനികൾക്കും ഈ ഉത്തരവ് ബാധകമാണ്. നിക്ഷേപകർ ഹൈക്കോടതിയിൽ നൽകിയ ഒരു കേസിന്റെ വിധിയും നാളെ വന്നേക്കും. ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് ജഡായുപ്പാറയിൽ നിന്നും മാറ്റരുത് എന്നാവശ്യപ്പെട്ടു നിക്ഷേപകർ നൽകിയ കേസിന്റെ വിധി വരാനിരിക്കയുമാണ്. ഈ കേസിന്റെ വിധി വന്നാലും മറ്റു കേസുകൾ നിലനിൽക്കുന്നതിനാൽ അടുത്തെങ്ങും ഈ ടൂറിസം പദ്ധതി നിലം തൊടില്ലെന്ന സൂചനകൾ തന്നെയാണ് ദൃശ്യമാകുന്നത്.
രാജീവ് അഞ്ചൽ സാമ്പത്തിക തിരിമറി നടത്തിയെന്ന് നിക്ഷേപകരും നിക്ഷേപം സ്വീകരിക്കാൻ താൻ ശമ്പളം നൽകി നിയമിച്ച ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ തലപ്പത്തിരുന്ന വാസു ജയപ്രകാശും ഭാര്യ സഹോദരന്മാരും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് പദ്ധതി സ്വന്തമാക്കാൻ നടത്തിയ ശ്രമങ്ങളാണ് സർവ കുഴപ്പങ്ങൾക്കും കാരണമെന്നു രാജീവ് അഞ്ചലും ആരോപിക്കുമ്പോൾ ജഡായുപ്പാറ ടൂറിസം പദ്ധതിയുടെ ഭാവി തന്നെ അവതാളത്തിലാവുകയാണ്. ഒരു വ്യാഴവട്ടം താൻ വിയർപ്പൊഴുക്കി രൂപീകരിച്ച ഈ ടൂറിസം പദ്ധതി നിക്ഷേപം സ്വീകരിക്കാൻ താൻ ക്ഷണിച്ച് വരുത്തിയ ചിലർ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നും ഇത് കോടതി നടപടികളിൽ കുരുക്കിയിട്ടെന്നും രാജീവ് അഞ്ചൽ പറയുമ്പോൾ പദ്ധതിയുടെ ഭാവി ഇരുളടയാതിരിക്കാൻ സർക്കാർ ഇടപെടലുകൾ ആവശ്യമാണ് എന്ന് തന്നെയാണ് വ്യക്തമാകുന്നത്. 160 നിക്ഷേപകരെ മറയാക്കി വാസു ജയപ്രകാശും ഭാര്യ സഹോദരന്മാരായ അജിത്ത് ബലരാമൻ, അജയ് ബലരാമനും പ്രോജക്റ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് രാജീവ് അഞ്ചൽ ആരോപിക്കുന്നത്. വാസുവുമായി ചേർന്ന് രൂപീകരിച്ച ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പും റവന്യു കളക്ഷനും ഉൾപ്പടെയുള്ള അവകാശം കൊടുത്തത്. നിക്ഷേപകർ ആ കമ്പനിയിൽ ആയിരുന്നതുകൊണ്ടാണ് അങ്ങനെ തീരുമാനം എടുത്തത്. പക്ഷെ അപ്പോഴും ആ കമ്പനിയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഞാനാണ്.
വരുമാനം വന്നു തുടങ്ങിയപ്പോൾ കമ്പനിയുടെ ഡയറക്ടർമാരിൽ ചിലർക്ക് ഞാൻ ഒരു തടസമായി. ബോർഡ് മീറ്റിങ് കൂടി എന്നെ എംഡി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം ആരംഭിച്ചു. മീറ്റിങ്ങിന്റെ അജണ്ട ലഭിച്ചപ്പോൾ ഇക്കാര്യം വ്യക്തമായിരുന്നു. ഇതോടെ അജണ്ടയുടെ കോപ്പി സഹിതം പദ്ധതിയുടെ നോഡൽ ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. ടൂറിസം മന്ത്രിയെയും, ടൂറിസം സെക്രട്ടറിയെയും, ഡയറക്ടറെയും വിവരം അറിയിച്ചു. ഞാൻ സർക്കാരിന്റെ പാട്ടക്കാരനാണ്, അതുകൊണ്ടാണ് ഈ നീക്കം സർക്കാരിനെ അറിയിച്ചത്. അവരുടെ ഓഫീസ് കുടിയൊഴിപ്പിക്കാനുള്ള ഈ തീരുമാനം വന്നത് എനിക്ക് അനുകൂലമാണ്. കരാറിലെ വ്യവസ്ഥകളുടെ ലംഘനം കാണിച്ച് വക്കീൽ നോട്ടീസയച്ചിട്ടും പിൻവലിക്കാതിരുന്നതോടെയാണ് ജെടിപിഎൽ എന്ന കമ്പനിയുമായുള്ള കരാർ റദ്ദാക്കിയത്. എന്റെ സ്വപ്ന പദ്ധതിയിൽ നിന്ന് എന്നെ കുടിയൊഴിപ്പിച്ച് ഈ കമ്പനി പിടിച്ചടക്കാനാണ് ഇവർ നീക്കം നടത്തിയത്. അതെങ്ങനെ ശരിയാകും. സർക്കാർ എനിക്ക് നൽകിയ പദ്ധതിയാണ്. അവരെ നിക്ഷേപ സമാഹരണത്തിനു ക്ഷണിച്ചതാണ്. ശമ്പളവും വാങ്ങുന്നുണ്ട്. ഇതവർ ഓർമ്മിക്കേണ്ടതല്ലേ. ഇവരുടെ നീക്കം വന്നതോടെ ഞാനും സർക്കാരും തമ്മിലുള്ള കരാറിന്റെ ലംഘനം ഈ നീക്കം വഴി വന്നു. ഇതോടെയാണ് ഇവരെ പദ്ധതിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്. രാജീവ് അഞ്ചൽ പറയുന്നു. എന്നാൽ പദ്ധതിക്ക് നിക്ഷേപകരെ കൊണ്ട് വന്നത് തങ്ങൾ രൂപീകരിച്ച ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് വഴിയാണെന്നും ഏഴു കോടി ആവശ്യപ്പെട്ടിട്ട് നാല്പത് കോടി എത്തിച്ചിട്ടും ഈ തുക എഴുപത് കോടിയാക്കി മാറ്റാൻ രാജീവ് അഞ്ചലിന്റെ നിർദ്ദേശം നിക്ഷേപകർ തള്ളിക്കളഞ്ഞതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും വാസു ജയപ്രകാശ് മറുനാടനോട് പറഞ്ഞു.
പ്രശ്നങ്ങൾ കോടതി കയറിയപ്പോൾ കേരള ടൂറിസത്തിന്റെ അഭിമാന പദ്ധതിയാണ് പാതി വഴിയിൽ നിലയ്ക്കാൻ പോകുന്നത്. ഇനിയും പണം വേണം. നിക്ഷേപങ്ങൾ സമാഹരിക്കാൻ തങ്ങൾ രൂപീകരിച്ച ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിനു ഉത്തരവാദിത്തമുണ്ട്. പണം ഇല്ലാതെ പ്രോജക്റ്റ് മുന്നോട്ട് പോകില്ല. ബിഒടി വ്യവസ്ഥയിൽ മുപ്പത് വർഷത്തേക്ക് ആണ് പ്രോജക്റ്റ്. നാല്പത് കോടി രൂപ പ്രോജക്ടിൽ മുടക്കി കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ഇവിടെ തന്നെയുണ്ട്. ഇനിയും പണം കണ്ടത്തെണ്ട ഉത്തരവാദിത്തം ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിനാണ്. പണം നൽകാതെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി താൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന് നിക്ഷേപകർക്കിടയിൽ വാസു ജയപ്രകാശും കൂട്ടരും തെറ്റിദ്ധാരണ പരത്തി. അവർ തെറ്റിദ്ധാരണകൾ സൃഷ്ടിക്കരുത്. വാസു ജയപ്രകാശും ഭാര്യ സഹോദരനും കമ്പനിയിൽ നിന്നും ശമ്പളം പറ്റുന്നവരാണ്. അവർ ശമ്പളം വാങ്ങുന്നത് നിക്ഷേപം കൊണ്ടുവരാനും നിക്ഷേപകർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണ്. ഇവർ തന്നെ നിക്ഷേപകർക്കിടയിൽ അഭിപ്രായവ്യത്യാസത്തിനു ശ്രമിക്കുമ്പോൾ എങ്ങനെ പ്രോജക്റ്റ് മുന്നോട്ടു നീങ്ങും. ഇതുകൊണ്ട് തന്നെയാണ് ഈ കമ്പനിയെ പദ്ധതിയിൽ നിന്നും ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് ഇവരുടെ ഓഫീസ് പദ്ധതിയിൽ നിന്നും പുറത്തേക്ക് മാറ്റാൻ നോഡൽ ഓഫീസറോട് ആവശ്യപ്പെട്ടത്. ഇവരെ കുടിയൊഴിപ്പിക്കാൻ നോഡൽ ഓഫീസർ തീരുമാനിച്ചപ്പോൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണ് വാസുവും കൂട്ടരും ചെയ്തത്. എല്ലാം നിക്ഷേപകരുടെ പേരിൽ എന്നാണ് ഇവർ പറയുന്നത്. മൂന്നു പേർ 160 നിക്ഷേപകരുടെ പേരിൽ പ്രശ്നം സൃഷ്ടിക്കുകയാണ്. ഇതിന്റെ അലയൊലികളാണ് പ്രോജക്ടിന്റെ ഭാവിയിൽ പ്രശ്നം സൃഷ്ടിക്കുന്നത്.
ഞങ്ങൾക്ക് മാത്രം പങ്കാളിത്തമുള്ള ടൂറിസം പ്രോജക്ടിന് വേണ്ടി സൃഷ്ടിച്ച ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ എന്റെ മുൻതൂക്കം ഇല്ലാതാക്കാൻ വാസു ജയപ്രകാശ് നാല് ഡയരക്ടർമാരെയാണ് നിയമിച്ചത്. എന്തിനു ഡയരക്ടർമാരെ നിയമിക്കണം. ഈ കമ്പനി പിടിച്ചടക്കാൻ ഇവർ നടത്തുന്ന ശ്രമമാണ് ഇത്. ആവശ്യമില്ലാത്ത നീക്കം ഇവർ സൃഷ്ടിച്ചതോടെ ജഡായുപ്പാറയിലെ പ്രധാന കമ്പനിയായ തന്റെ സ്ഥാപനമായ ഗുരുചന്ദ്രിയും സർക്കാരും തമ്മിൽ ഉണ്ടാക്കിയ കരാറിന്റെ ലംഘനം സംഭവിച്ചു. ഇതുകൊണ്ടാണ് ഇവരുടെ കമ്പനിയെ ഒഴിവാക്കിയത്--രാജീവ് അഞ്ചൽ മറുനാടനോട് പറഞ്ഞു. പക്ഷെ കമ്പനി നിയമപ്രകാരം ഞങ്ങൾ നടത്തിയ നീക്കം മാത്രമാണ് നാല് പുതിയ ഡയരക്ടർമാരെ കൊണ്ടുവന്നത്. ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡും രാജീവ് അഞ്ചലും തമ്മിൽ നിക്ഷേപം സ്വീകരിക്കുന്നതും കമ്പനി നടത്തിപ്പും സംബന്ധിച്ച ഉടമ്പടിയുണ്ടാക്കിയിട്ടുണ്ട്. രാജീവ് അഞ്ചൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് നിക്ഷേപകർ ഇടഞ്ഞത്. ഡിവിഡന്റ് നൽകിയിട്ടില്ല. നിക്ഷേപകർക്ക് അസ്വസ്ഥതയുണ്ട്. ഏഴു കോടിക്ക് പകരം നാല്പത് കോടി നിക്ഷേപം കൊണ്ടുവന്നു. ഇത് പോര ഇനിയും മുപ്പത് കോടി വേണം എന്നാണ് പറയുന്നത്. നിക്ഷേപകരെ പറഞ്ഞു നിർത്തുക പ്രയാസമാണ്. ഇ കമ്പനിയെ പ്രോജക്റ്റിൽ നിന്നും ഒഴിവാക്കാൻ രാജീവ് അഞ്ചലിന് നിയമപ്രകാരം കഴിയില്ല. മുപ്പത് വർഷത്തേക്ക് ഞങ്ങൾക്ക് നടത്തിപ്പ് അവകാശം തന്നിരിക്കുന്നത്. പിന്നെങ്ങിനെ പാതി വഴിയിൽ ഞങ്ങളെ ഒഴിവാക്കാൻ കഴിയും. അതിനാലാണ് നിയമ നടപടിയിലേക്ക് നീങ്ങിയത്- വാസു ജയപ്രകാശ് മറുനാടനോട് പറഞ്ഞു.
ജഡായുപ്പാറ സ്വപ്ന പദ്ധതി; നടന്നത് എന്നെ പുറത്താക്കാനുള്ള ശ്രമങ്ങൾ: രാജീവ് അഞ്ചൽ
ഒരു വ്യാഴവട്ടമായുള്ള എന്റെ പരിശ്രമമാണ് ഈ പദ്ധതി. പിൻവാതിലിലൂടെയല്ല മുൻ വാതിൽ വഴി തന്നെയാണ് സർക്കാർ എന്നെ ഈ പ്രോജക്ടിലേക്ക് നിയമിച്ചത്. മുപ്പത് വർഷത്തേക്ക് സർക്കാർ എനിക്ക് നടത്തിപ്പ് അവകാശം തന്നതാണ്. ബിഒടി വ്യവസ്ഥയിൽ നിക്ഷേപം സ്വീകരിക്കാൻ അവകാശവും തന്നിട്ടുണ്ട്. അങ്ങനെ നിക്ഷേപം സ്വീകരിക്കാൻ ഞാൻ ക്ഷണിച്ച് വരുത്തിയതാണ് വാസു ജയപ്രകാശിനെ. വാസു കമ്പനിയിൽ ശമ്പളം പറ്റുന്ന ജീവനക്കാരൻ കൂടിയാണ്. വാസുവിന്റെ ഭാര്യ സഹോദരനാണ് പദ്ധതിയിലേക്ക് നിക്ഷേപം സ്വീകരിക്കാൻ രൂപീകരിച്ച ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ. ഇദ്ദേഹവും കമ്പനിയിൽ നിന്ന് ശമ്പളം പറ്റുന്നുണ്ട്. വരുമാനം വരാൻ തുടങ്ങിയതോടെ നിക്ഷേപകരായ 160 പേരെ മറയാക്കി വാസു ജയപ്രകാശും ഭാര്യ സഹോദരന്മാരും കമ്പനി പിടിച്ചടക്കാൻ ശ്രമിച്ചു. ഇങ്ങനെ കമ്പനി പിടിക്കാൻ കഴിയില്ല.പ്രധാന കമ്പനി ഗുരുചന്ദ്രിക എന്ന എന്റെ കമ്പനിയാണ്. ഈ കമ്പനിക്കാണ് സർക്കാർ അവകാശം രേഖാമൂലം തന്നിരിക്കുന്നത്. ടൂറിസം പദ്ധതിയിലേക്ക് നിക്ഷേപം സ്വീകരിക്കാൻ മാത്രമാണ് വാസു ജയപ്രകാശ് ഉൾപ്പെടെയുള്ളവരെ കൂട്ടി പുതിയ കമ്പനി തുടങ്ങിയത്. ഇവർ കമ്പനി സ്വന്തമാക്കാനും ഈ കമ്പനിയിൽ നിന്ന് എന്നെ ഒഴിവാക്കാനും ശ്രമിച്ചു. നിയമപരമായ അവകാശം എനിക്ക് ആയതിനാൽ ഇവരെ ഞാൻ ഒഴിവാക്കി. ഇതോടെ ഇവർ കോടതിയെ സമീപിച്ചു. ഇതോടെ പ്രശ്നങ്ങൾ തുടങ്ങി.
2009 മുതൽ ഞാൻ ഈ ടൂറിസം പദ്ധതിയിക്ക് ഒപ്പമുണ്ട്. അന്ന് പ്രയാർ ഗോപാലകൃഷ്ണൻ ആയിരുന്നു എംഎൽഎ. കെ.ജി.മോഹൻലാൽ ഇക്കോ ടൂറിസം പ്രോജക്റ്റ് മേധാവിയും. ഈ ഘട്ടത്തിലാണ് റവന്യൂ വകുപ്പിന്റെ 65 ഏക്കർ ടൂറിസത്തിനു കൈമാറി പദ്ധതിക്ക് തുടക്കമിട്ടത്. ഇവിടെ ആകർഷകമായ ഒരു ജഡായുവിന്റെ പ്രതിമ സ്ഥാപിക്കണം എന്ന തീരുമാനം വന്നു. ജഡായു വീണ സ്ഥലം ആയതിനാൽ ഇവിടെ ഒരു ക്ഷേത്രമുണ്ട് ഇതും കൂടി ചേർത്താണ് ടൂറിസം പ്രോജക്റ്റ്. ഈ ഘട്ടത്തിലാണ് ജഡായുവിന്റെ പ്രതിമ വേണം എന്ന തീരുമാനം വരുന്നത്. ഇതിനാൽ സർക്കാർ 2009-ൽ ഒരു പാനൽ ഉണ്ടാക്കി. പത്തോ പന്ത്രണ്ടോ ശിൽപ്പികളെ ക്ഷണിക്കാൻ തീരുമാനിച്ചു. അഞ്ചൽ സ്വദേശിയായതിനാൽ എനിക്ക് ജഡായു പദ്ധതിയോട് താത്പര്യമുണ്ട്. അന്ന് ഒരു മത്സരം വന്നിരുന്നു. ഞാൻ ഒരു പ്രതിമയുണ്ടാക്കി. അവർക്ക് പ്രതിമ ബോധിച്ചു അങ്ങനെ പാനൽ യോജിച്ചാണ് എന്നെ പ്രോജക്ടിലേക്ക് ക്ഷണിച്ചത്.
മത്സരത്തിലൂടെ സർക്കാർ. എന്നെ തിരഞ്ഞെടുത്തതാണ്. പക്ഷെ പദ്ധതി മുന്നോട്ടു നീങ്ങിയപ്പോൾ ഫണ്ട് എവിടെയും എത്തുന്നില്ല. അങ്ങനെ അത് ബിഒടിയാക്കാൻ തീരുമാനിച്ചു. ഈ ബിഒടി ഞാൻ തന്നെ ഏറ്റെടുത്തു. സർക്കാരിനു വിഹിതം നൽകാം എന്ന തീരുമാനത്തിൽ. അങ്ങിനെ ഞാൻ ഒരു കമ്പനിയുണ്ടാക്കി ഗുരുചന്ദ്രിക ബിൽഡെഴ്സ് ആൻഡ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്. ആ കമ്പനി സർക്കാരുമായി ഉടമ്പടിയുണ്ടാക്കി. ഈ ഉടമ്പടിക്ക് വിധേയമായാകും എല്ലാ തീരുമാനങ്ങളും. ഇത് സർക്കാർ ഭൂമിയാണ്. മുപ്പത് വർഷമാണ് കരാർ. മുപ്പത് വർഷത്തേക്ക് എനിക്ക് ആണ് സർക്കാർ പദ്ധതി നൽകിയിരിക്കുന്നത്. എനിക്ക് നിക്ഷേപം സ്വീകരിക്കാം. കരാർ ഉണ്ടാക്കാം. പക്ഷെ ഒരു കരാറും സർക്കാരുമായി ഉണ്ടാക്കിയ കരാറിനെ ബാധിക്കരുത്. കരാർ സർക്കാരിനെ കാണിക്കണം. അനുമതി വാങ്ങണം.അങ്ങനെ നാല് കമ്പനികൾ ഉണ്ടാക്കി. പലപ്പോഴായി വിവിധ കമ്പനികൾ ഉണ്ടാക്കി. ആയുർവേദം, അഡ്വഞ്ചർ തുടങ്ങി വിവിധ കമ്പനികൾ രൂപീകരിച്ചിട്ടുണ്ട്.
ഭൂമി ഇക്കോ ടൂറിസത്തിനു അനുസൃതമായി മാറ്റിയെടുക്കണം. എന്നാണ് കരാറിൽ പറഞ്ഞ കാര്യം. ഇവിടെ നാല്പത് ഏക്കറിൽ നിറയെ പാറയാണ്. ക്വാറിക്ക് നൽകിയാൽ സർക്കാരിനു ആയിരം കോടി രൂപ വരുമാനം ലഭിക്കും. ഏതൊക്കെ ഒഴിവാക്കിയാണ് ഇത് ടൂറിസം പദ്ധതിയാക്കിയ്ത്. ഇതിൽ പ്രമാണമുണ്ടാക്കി രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. .കാശ് ഇല്ലാത്തതിനാൽ ചെറിയ കമ്പനികൾ രൂപീകരിച്ചു. നടത്തുന്ന കാലത്തെ ലാഭം മാത്രമാണ് എനിക്ക് എടുക്കാൻ കഴിയുക. പാട്ട കാലാവധി കഴിഞ്ഞാൽ എല്ലാം സർക്കാരിന്റെത് ആയി മാറും. ഇതിൽ ചെറിയ നിക്ഷേപങ്ങൾ വന്നു. കമ്പനികളുടെ തലപ്പത്ത് ഞാൻ തന്നെയാണ്. കരാർ പ്രകാരം എനിക്ക് മാത്രമാണ് അവകാശമാണ് ഉള്ളത്. അപ്പോഴും കാശ് പ്രശ്നം വന്നു. പ്രോജക്റ്റ് ഇഴഞ്ഞു. നോർത്ത് ഇന്ത്യൻ കമ്പനി വന്നു കേബിൾ കാർ ഉണ്ടാക്കി. അവരുടെ കാശ് മുടക്കിയാണ് ഇത് വന്നത്. വരുമാനത്തിന്റെ പകുതി അവർക്ക്. ഇത് കാരണം നഷ്ടമില്ല. ഇവരുമായി കരാർ ഉണ്ട്. മൂന്നു കമ്പനികളിലെ കാശ് തീർന്നു. ശിൽപ്പത്തിനു വേണ്ടി കമ്പനിയുണ്ടാക്കി.കാശ് തീർന്നു. അതിൽ 12 പേർ ഡയരക്ടർമാർ ഉണ്ട്. ഒരു അറബി ടൂറിസം പ്രോജക്ടിന് കാശ് നൽകാം എന്ന് പറഞ്ഞു. ലാഭ വിഹിതം നൽകാം എന്ന് പറഞ്ഞാണ് വന്നത്. ഒരു വർഷം അറബിയുടെ പിന്നാലെ പോയി.ക്ഷേത്രം ഉണ്ട് എന്ന കാരണം പറഞ്ഞു അറബി പിന്മാറി. കടം കൂടി. ഇങ്ങനെയാണ് വാസു ജയപ്രകാശിന്റെ വരവ്.
പുതിയ നിക്ഷേപകർ വന്നപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു
പ്രതിസന്ധി ഘട്ടത്തിലാണ് എൻആർഐ നിക്ഷേപകരായി വാസു ജയപ്രകാശ് എത്തുന്നത്. 2011ലാണ് ബിഒടിയാക്കുന്നത്. 2014വരെ ഞാൻ ഇത് നടത്തിയതാണ് അതും ഓർക്കണം. ഇവർ എത്തുന്നത് 2014 ലാണ്. ഗൾഫിലെ എന്റ സുഹൃത്തിന്റെ സുഹൃത്താണ് വാസു. വാസുവിന്റെ ഭാര്യ സഹോദരന്മാർ അജിത്ത് ബലരാമൻ, അജയ് ബലരാമൻ. ഇവരും പദ്ധതിയിലേക്ക് വന്നു. നിക്ഷേപത്തിന്റെ ചർച്ച നടന്നു. അപ്പോഴേക്ക് ഗൾഫിലും പ്രശ്നം തുടങ്ങിയിരുന്നു. നാട്ടിൽ ഒരു ബിസിനസ് അവസരം വന്നപ്പോൾ അവർ കാശ് മുടക്കാൻ തീരുമാനിച്ചു. കാശ് ഇവരുടെ കയ്യിലില്ല. നിക്ഷേപം ഇവർ ക്ഷണിച്ചു വരുത്തും എന്നാണ് പറഞ്ഞത്. കമ്പനിയുണ്ടാക്കണം. ഞങ്ങളെ ഡയരക്ടർമാർ ആക്കണം എന്നാണ് ഇവർ പറഞ്ഞത്.. പ്രോജക്റ്റ് മുന്നോട്ടു പോകും എന്ന് ഞാൻ കരുതി. അവർക്ക് ശമ്പളവും നൽകി. വാസു ജയപ്രകാശിനു അമ്പതിനായിരം രൂപയാണ് ശമ്പളം ഫിക്സ്ചെയ്ത് നൽകിയത്. ഇൻവെസ്റ്റർ റിലേഷൻസ് ഡയരക്ടർ പോസ്റ്റ് നൽകി. ഭാര്യ സഹോദരനെ അജിത്ത് സിഇഒയാക്കി. എല്ലാ സൗകര്യങ്ങളും ചെയ്ത് നൽകി. ഈ കമ്പനിയിലാണ് കാശ് വരുന്നത്. റവന്യൂ കളക്ഷൻ ഈ കമ്പനിയിലാക്കി. 160 പേരോട് ഷെയർ പിരിച്ചു. അഞ്ച് വർഷം കൊണ്ട് ഈ പണം തിരികെ നൽകും. ബാക്കി വർഷം ലാഭവിഹിതം എന്നാണ് പറഞ്ഞത്. കമ്പനിയുടെ നടത്തിപ്പ് ഇവരാണ് ചെയ്തത്. സാമ്പത്തികം ഇവർ നോക്കും. സർക്കാർ കാര്യങ്ങൾ ഞാൻ നോക്കും. . സിഎംഡി ഞാനും എന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയത്.
മഹാവെള്ളപ്പൊക്ക സമയത്താണ് ജഡായുപ്പാറ ഓപ്പൺ ആക്കുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ട പ്രോജക്റ്റ് ആയിരുന്നു. ഉദ്ഘാടനം മുടങ്ങി. എംപിമാരും മന്ത്രിമാരും ആരും വന്നില്ല. ഒരു കോടിയോളം നഷ്ടമായി. രണ്ടാം വർഷവും വെള്ളപ്പൊക്കം. കളക്ഷൻ വന്നില്ല. ബിൽ തുകകൾ നൽകാൻ വന്ന വരുമാനം എടുത്തു. നിക്ഷേപകർക്ക് ഡിവിഡന്റ് നൽകാൻ കഴിഞ്ഞില്ല. നടത്തിപ്പിന്റെ പ്രശ്നം കൊണ്ടാണ് കാശ് നൽകാൻ കഴിയാത്തത് എന്ന് വാസു അടക്കമുള്ളവർ പ്രചാരണം നടത്തി. എന്റെ കഴിവുകേട് കൊണ്ട് പ്രോജക്റ്റ് മുടങ്ങുന്നു എന്ന് വരുത്താൻ വേണ്ടിയാണ് ഇവർ ഈ രീതിയിൽ പ്രചരണം നടത്തിയത്. ടേക്ക് ഓവർ ചെയ്യാനുള്ള ശ്രമമാണ് ഇവർ നടത്തിയത്. എന്നെ അനഭിമതനാക്കാനാണ് ശ്രമം വന്നത്. 27 കോടി രൂപ അവർ നിക്ഷേപമായി കൊണ്ടുവന്നു. നിക്ഷേപകർക്ക് ഇടയിൽ പക്ഷെ ഇവർ തന്നെ പരിഭ്രാന്തി പടർത്തി. കമ്പനിയിലേക്ക് നാല് പേരെ ഇവർ പുതിയ ഡയരക്ടർമാർ ആയി കൊണ്ടുവന്നു. ഇതോടെ എനിക്ക് മേധാവിത്തം നഷ്ടമായി.
അത് പക്ഷെ സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ലംഘനമാണ്. അത് അവർ ചെവികൊണ്ടില്ല. അവർ അജണ്ടയുണ്ടാക്കി. എന്നെ പുറത്താക്കാൻ, ഞാൻ ഇതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. പുതിയ കമ്പനിയുമായി ഉണ്ടാക്കിയ ഉടമ്പടി കാൻസൽ ചെയ്യപ്പെട്ടു. അത് ഓട്ടോമാറ്റിക് ആയി സംഭവിച്ചതാണ്. അവർ തന്നെ കളഞ്ഞു കുളിച്ചു. കളക്ഷൻ വന്നാൽ മാത്രമേ ലാഭം വരൂ. സർക്കാർ എന്നെയാണ് ഇരുത്തിയിരിക്കുന്നത്. ഞാൻ നോട്ടീസ് നൽകി. അവർ ജില്ലാ കോടതിയിൽ കേസ് കൊടുത്തു തള്ളി. അത് വഞ്ചിയൂർ കോടതിയിൽ വേറെ കേസ് നൽകി. കേസ് ആർബിട്രേഷന് വിടും. പക്ഷെ അവർക്ക് അതിൽ താത്പര്യം ഇല്ല. ഇവരുടെ കമ്പനിയുടെ ഓഫീസ് പുറത്തേക്കു മാറ്റാൻ നോഡൽ ഓഫീസർക്ക് കത്ത് നൽകി. പുറത്താക്കാൻ സർക്കാർ അനുവാദം നൽകി. പുറത്താക്കാൻ പാടില്ല എന്ന് പറഞ്ഞു അവർ ഹൈക്കോടതിയെ സമീപിച്ചു. നാളെ വിധി വരും. പക്ഷെ മറ്റു കോടതി നടപടികൾ നടക്കുന്നു-രാജീവ് അഞ്ചൽ പറയുന്നു.
വാസു ജയപ്രകാശ് മറുനാടനോട് പറഞ്ഞത്
പ്രവാസി നിക്ഷേപകരാണ് ഞങ്ങൾ. ടൂറിസം പദ്ധതിയിലേക്ക് നിക്ഷേപം കൊണ്ടുവരാൻ ഈ പദ്ധതിയിലെക്ക് വന്നതാണ്. ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാരാക്കിയാണ് രാജീവ് അഞ്ചൽ ഞങ്ങളെ മാറ്റിയത്. ശരിക്കും ഞങ്ങൾ ഡയരക്ടർമാർ ആകേണ്ടിയിരുന്നത് രാജീവ് അഞ്ചൽ രൂപീകരിച്ച മാതൃകമ്പനിയായ ഗുരു ചന്ദ്രികയുടെ ഡയരക്ടർ ബോർഡിലാണ് ശരിക്കും ഞങ്ങൾ വരേണ്ടിയിരുന്നത്. പക്ഷെ ഞങ്ങൾ ഡയരക്ടർമാർ ആയത് പദ്ധതിക്ക് പണം കണ്ടെത്താൻ വേണ്ടി രൂപീകരിച്ച ജഡായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ്. ഏഴു കോടി പറഞ്ഞപ്പോൾ ഞങ്ങൾ കൊണ്ടുവന്നത് നാല്പത് കോടിയോളം രൂപയാണ്. ഈ നാല്പത് കോടി രൂപ പദ്ധതിയിൽ രാജീവ് തന്നെ രൂപീകരിച്ച മറ്റു കടലാസ് കമ്പനികളിലേക്ക് ഒഴുക്കുകയാണ് ചെയ്തത്. ഇത് നിക്ഷേപകർ കണ്ടുപിടിച്ചു. ഈ പണം തിരികെ ഞങ്ങളുടെ കമ്പനിയിലേക്ക് തന്നെ തിരിച്ചു വിടണം.
രാജിവ് അഞ്ചലിന്റെ പദ്ധതി മനസിലായപ്പോൾ ഇനിയും മുപ്പത് കോടി വേണം എന്ന് പറഞ്ഞപ്പോൾ നിക്ഷേപകർ ഉടക്കി. ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ പദ്ധതിയിൽ നിന്നും ഈ കമ്പനിയെ ഒഴിവാക്കുകയാണ് രാജീവ് അഞ്ചൽ ചെയ്തത്. ഏഴു കോടിയുടെ പദ്ധതി നീങ്ങിയത് എഴുപത് കോടിയിലേക്ക് ആണ് എന്നത് ഓർക്കണം. ഞങ്ങൾ ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ആ കരാർ രാജീവ് അഞ്ചൽ പാലിക്കണം. കരാറിലെ മുഴുവൻ വ്യവസ്ഥകളും പാലിക്കാൻ ഞങ്ങൾ റെഡിയാണ്. എന്നാൽ കരാർ ലംഘിച്ച നടപടികൾ രാജീവിന്റെ ഭാഗത്ത് നിന്നും വന്നതാണ് ഞങ്ങൾ കോടതിയെ സമീപിക്കാൻ കാരണം. കമ്പനിയിൽ ഡയറക്ടർമാരായി പുതിയ നാല് പേരെ നിയമിച്ചത് നിക്ഷേപകരുടെ തീരുമാനം പ്രകാരമാണ്. ഞങ്ങളുടെ കമ്പനിയെ ഒഴിവാക്കും എന്ന് നിബന്ധനയും വെച്ചിട്ടില്ല. നിക്ഷേപകരുടെ പണം ഇതിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പിന്നെ എങ്ങനെ കമ്പനിയെ പ്രോജക്ടിൽ നിന്നും എങ്ങനെ ഒഴിവാക്കും-വാസു ജയപ്രകാശ് ചോദിക്കുന്നു.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.