മോർഗൻഹിൽ(കലിഫോർണിയ) ന്മ ഡ്യൂട്ടിക്കിടയിൽ തോക്കുധാരി തന്നെ പതിയിരുന്നാക്രമിച്ചുവെന്ന് അധികാരികൾക്ക് വാസ്തവവിരുദ്ധ റിപ്പോർട്ട് സമർപ്പിച്ച സാന്റാ ക്ലാര കൗണ്ടി ഷെറിഫ് ഡെപ്യൂട്ടി സുക്ദീപ് ജില്ലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജനുവരി 29നാണ് ഇയാൾ നൽകിയ റിപ്പോർട്ട് തെറ്റായിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റു ചെയ്തത്. ആക്രമണത്തിന്റെ പുറകിൽ വംശീയത ഉണ്ടോയെന്ന് ആദ്യം സംശയിച്ചിരുന്നു.

2020 ജനുവരി 31 നായിരുന്നു സംഭവം. മോർഗൻ ഹില്ലിൽ പട്രോളിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ഒരു അക്രമി പതിയിരുന്ന് തന്റെ നേർക്ക് നിറയൊഴിക്കുകയായിരുന്നുവെന്നും ബോഡി ക്യാമറയിൽ ബുള്ളറ്റ് തറച്ചതിനാൽ അപകടമുണ്ടായില്ലെന്നും ഇയാൾ റിപ്പോർട്ട് ചെയ്തു. തുടർന്നു നടന്ന വിശദ അന്വേഷണത്തിൽ അങ്ങനെ ഒരു വെടിവെയ്പ് ഉണ്ടായിട്ടില്ലെന്നും സ്വയം മെനഞ്ഞ ഒരു കഥയാണെന്നും അധികൃതർ കണ്ടെത്തി.

2015 മുതൽ ഷെറിഫ് ഓഫീസിൽ പ്രവർത്തിച്ചുവരികയായിരുന്നു ജിൽ. സിക്ക് സമുദായാംഗമായതിനാൽ ടർബനും താടിയും വെച്ച് ഡ്യൂട്ടി ചെയ്യുന്നതിന് ഇദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നു. കമ്യൂണിറ്റിയെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഉത്തരവാദിത്വമുള്ളവർ വിശ്വസ്തരായിരിക്കണമെന്ന് ഷെറിഫ് ഓഫീസ് അറിയിച്ചു. ജില്ലിനെ ഇങ്ങനെ തെറ്റായ റിപ്പോർട്ട് നൽകാൻ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ല.