- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാൻ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗത്തിൽ; സമാധാനപരമായ അധികാര മാറ്റത്തിനായുള്ള ദോഹ കരാർ പാലിക്കുന്നില്ല; 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം 'ഓപ്പറേഷൻ ദേവീശക്തി' നേരിടുന്നത് കടുത്ത വെല്ലുവിളികൾ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ ദേവീശക്തി നേരിടുന്നത് കടുത്ത വെല്ലുവിളികൾ. താലിബാൻ ഇന്ത്യയുമായി പലപ്പോഴും സഹകരിക്കാത്ത നിലപാട് സ്വീകരിക്കുന്നതാണ് രക്ഷാ ദൗത്യത്തെ പ്രതിരോധത്തിൽ ആക്കുന്നത്. താലിബാൻ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹിയിൽ ചേരുന്ന സർവ കക്ഷി യോഗത്തിൽ അറിയിച്ചു. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്ന് സർക്കാർ അറിയിച്ചു.
ഇന്ത്യ അഫ്ഗാൻ ജനതയ്‌ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. താലിബാൻ കാബൂൾ പിടിച്ചെടുത്തത് സായുധ മാർഗ്ഗത്തിലൂടെയാണ്, ഇത് ദോഹ ധാരണയ്ക്ക് വിരുദ്ധമാണെന്ന് എസ് ജയശങ്കർ സർവ്വകക്ഷിയോഗത്തിൽ പറഞ്ഞു. ഇന്ന് 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെന്നും വിദേശകാര്യമന്ത്രി പറയുന്നു. ഇവരെ വിമാനത്താവളത്തിലെത്താൻ അനുവദിച്ചില്ല. പത്തു കിലോമീറ്ററിൽ 15 ചെക്ക് പോസ്റ്റുകളാണ് താലിബാൻ ഉണ്ടാക്കിയിട്ടുള്ളത്. അഫ്ഗാൻ ജനതയ്‌ക്കൊപ്പമാണ് ഇന്ത്യയെന്നും ജയ്ശങ്കർ പറഞ്ഞു. വിവിധ കക്ഷി നേതാക്കൾ പാർലമെന്റ് അനക്‌സിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പുതിയ ഭരണകൂടത്തോടും താലിബാനോടുമുള്ള സമീപനം സർക്കാർ വ്യത്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം അഫ്ഗാനിൽ കുടുങ്ങിയവരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് പുറപ്പെട്ട് ഇന്ത്യയിലേത്തി. ഇന്ത്യക്കാർക്ക് പുറമെ അഫ്ഗാൻ, നേപ്പാൾ പൗരന്മാരും ഡൽഹിയിലെത്തും. കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാനമാകും ഈ സർവീസ്. അതിനിടെ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെയും സ്വദേശികളായ ന്യൂനപക്ഷ വിഭാഗങ്ങളെയും ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമം തുടരുന്നതിനിടയിലും ഇന്ത്യയിലേയ്ക്ക് വരാൻ വിമുഖതയുമായി അഫ്ഗാൻ സ്വദേശികൾ.
ഇന്ത്യയിലേയ്ക്ക് വരാനില്ലെന്നും കാനഡയിലേയ്‌ക്കോ യുഎസിലേയ്‌ക്കോ പോകാനാണ് താത്പര്യമെന്നുമാണ് അഫ്ഗാൻ പൗരന്മാർ പറയുന്നത്. നിലവിൽ ഹിന്ദു, സിഖ് വിഭാഗത്തിൽപ്പെട്ട 80ഓളം അഫ്ഗാൻ പൗരന്മാർ കാബൂൾ വിമാനത്താവളത്തിൽ തന്നെ തുടരുന്നുണ്ടെന്നാണ് ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് ചന്ദോക് വ്യക്തമാക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ താലിബാൻ ഭീകരർ അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെയാണ് വിവിധ ലോകരാജ്യങ്ങൾ ഒഴിപ്പിക്കൽ ഊർജിതമാക്കിയത്. മതന്യൂനപക്ഷങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരെയും വലിയ അക്രമമാണ് താലിബാൻ അഴിച്ചു വിട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ യുഎസ് സൈന്യത്തെയും അഷ്‌റഫ് ഗനി സർക്കാരിനെയും സഹായിച്ചവർ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് കാബൂൾ വിമാനത്താവളത്തിലേയ്ക്ക് പാഞ്ഞെത്തിയത്.
കൂടാതെ ആയിരക്കണക്കിന് വിദേശ പൗരന്മാരും അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു. യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിൽ തുടരുന്ന കാബൂൾ വിമാനത്താവളം വഴിയാണ് ദുഷ്‌കരമായ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഓപ്പറേഷൻ ദേവീശക്തി എന്നു പേരിട്ട ഒഴിപ്പിക്കൽ പദ്ധതി പ്രകാരം ഇതിനോടകം 800 പേരെ ഇന്ത്യൻ വ്യോമസേനയും എയർ ഇന്ത്യയും ചേർന്ന് ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ പൗരന്മാർക്കു പുറമെ രാജ്യത്തേയ്ക്ക് വരാൻ താത്പര്യമുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ വിഭാഗങ്ങളെയും കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. സിഖ് വിഭാഗത്തിൽപ്പെട്ട അഫ്ഗാൻ മുൻ പാർലമെന്റംഗങ്ങൾ അടക്കം രാജ്യത്തെത്തുകയും കേന്ദ്രസർക്കാരിനു നന്ദി പറയുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിലേയ്ക്ക് വരാൻ താത്പര്യമില്ലെന്നാണ് ഒരു വിഭാഗം അഫ്ഗാൻ പൗരന്മാർ പറയുന്നത്. ഇന്ത്യയിലേയ്ക്കു വരാൻ നിർബന്ധിച്ചെങ്കിലും ഇവർ രണ്ട് വിമാനങ്ങൽ മിസ് ചെയ്‌തെന്നും യുഎസിലേയ്‌ക്കോ കാനഡയിലേയ്‌ക്കോ പോകാനാണ് താത്പര്യമെന്ന് ഇവർ അറിയിച്ചെന്നുമാണ് ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് ചന്ദോക് അറിയിച്ചത്. ഗുരുദ്വാരാ കർത്തേ പർവനിലുള്ള ഇവരോടു ഉടൻ തന്നെ അന്തിമ തീരുമാനം അറിയിക്കാനാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇവർ തീരുമാനത്തിലെത്താതെ നിൽക്കുന്നത് രക്ഷാപ്രവർത്തനത്തിനു തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ തുടരുന്നത് ദുഷ്‌കരമാണെന്ന് അറിയാമെങ്കിലും ഇന്ത്യയിലേയ്ക്ക് വരാൻ ന്യൂനപക്ഷങ്ങൾ തയ്യാറാകാത്തത് വ്യക്തമായ കാരണങ്ങളോടെയാണെന്നാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. തങ്ങളെ യുഎസിലേയ്‌ക്കോ കാനഡയിലേയ്‌ക്കോ കൊണ്ടുപോകണമെന്നാണ് ഗുരുദ്വാരയിൽ തമ്പടിച്ചിട്ടുള്ള സിഖ് വിഭാഗത്തിന്റെ നേതാക്കളിൽ ഒരാളായ തൽവീന്ദർ സിങ് നേരത്തെ വ്യക്തമാക്കിയത്. 'അമേരിക്കയിലേയ്‌ക്കോ കാനഡയിലേയ്‌കോ പോകണമെന്നു പറയുന്നതിൽ എന്താണ് തെറ്റ്? ഇന്ത്യയിലേയ്ക്ക് കുടിയേറിയവരുടെ അവസ്ഥ ഞങ്ങൾക്കറിയാം. അവിടെ ഒരു തൊഴിലവസരവുമില്ല. പോയവരിൽ പലരും തിരിച്ചു വന്നു, ഇല്ലെങ്കിൽ മറ്റു രാജ്യങ്ങളിലേയ്ക്ക് അവിടെ നിന്നു കുടിയേറി.' ഒരാൾ പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് മികച്ച പരിഗണനയാണ് ഇന്ത്യ നൽകുന്നതെന്നാണ് ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡൻ്് പറയുന്നത്. ഇതിനോടകം തന്നെ നിരവധി ന്യൂനപക്ഷ വിഭാഗങ്ങൾ ഇന്ത്യയിൽ എത്തിയിട്ടുമുണ്ട്. അതേസമയം, മുൻപ് ഒരു സിഖ് സംഘടന ഏർപ്പാടാക്കിയ ചാർട്ടേഡ് വിമാനം കാബൂൾ വിമാനത്താവളത്തിലെത്തിയിരുന്നുവെന്നും എന്നാൽ കാബൂൾ വിമാനത്താവളത്തിനു പുറത്തെത്തിയ നൂറോളം പേർക്ക് വിമാനത്താവളത്തിനുള്ളിലേയ്ക്ക് പ്രവേശനം ലഭിച്ചില്ലെന്നുമാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ചില വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു വിമാനം വന്നിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മറുനാടന് ഡെസ്ക്