- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മുവിൽ ആക്രമണം നടത്തിയത് ചൈനീസ് ഡ്രോണുകൾ; പൈലറ്റില്ലാ വിമാനങ്ങൾ തൊടുത്തുവിട്ടത് ഇന്ത്യയ്ക്കുള്ളിൽ നിന്നുതന്നെ; ഡ്രോണുകളെ തകർക്കാൻ ഇസ്രയേൽ നിർമ്മിത സ്മാഷ് 2000 പ്ലസുമായി ഇന്ത്യൻ സൈന്യം
ജമ്മു വ്യോമതാവളത്തിലെ ഡ്രോൺ ആക്രമണമാണല്ലോ ഇപ്പോൾ പ്രധാന ചർച്ചാവിഷയം. പുതിയ കാലത്തെ യുദ്ധങ്ങളിലും ഭീകരാക്രമണങ്ങളിലും പ്രധാനപ്പെട്ട ഒരു ആയുധമായി ഡ്രോൺ മാറിക്കഴിഞ്ഞു. അക്രമകാരികളുടെ ഭാഗത്ത് നിന്നുള്ള ആളപകടം ഇല്ലാതാക്കാം എന്നതാണ് ഡ്രോൺ കൊണ്ടുള്ള സ്ഫോടനങ്ങളുടെ പ്രത്യേകത. ഡ്രോൺ എതിരാളികൾ പിടിച്ചെടുത്താലും തകർക്കപ്പെട്ടാലും അയച്ചത് ആരാണെന്ന് മനസിലാകില്ല എന്നതാണ് മറ്റൊരു ഗുണമായി കാണുന്നത്. യുദ്ധമേഖലകളിൽ പൈലറ്റിന്റെ ജീവന് അപകടസാധ്യത ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഡ്രോണുകൾ ഉപയോഗിച്ചിരുന്നത്. അടിസ്ഥാനപരമായി ഡ്രോൺ ഒരു സൈനിക ഉപകരണമാണ്. ഇന്ധനം നീണ്ടുനിൽക്കുന്നതുവരെയോ ചില മെക്കാനിക്കൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നതുവരെയോ പറക്കാൻ കഴിയും എന്നത് ഡ്രോണിന്റെ പ്രത്യേകതയാണ്.
പൈലറ്റില്ലാത്ത വിമാനത്തെയോ ബഹിരാകാശവാഹനത്തെയോ ഡ്രോൺ ആയി സൂചിപ്പിക്കുന്നു. ഡ്രോണിനെ ''ആളില്ലാ ആകാശ വാഹനം'' അല്ലെങ്കിൽ യുഎവി എന്നും വിളിക്കുന്നു. ലളിതമായി പറഞ്ഞാൽ ഡ്രോൺ ഒരു പറക്കുന്ന റോബോട്ടാണെന്ന് സാരം. ഇന്ത്യയിൽ ഇത്ര ഗൗരവകരമായ ഒരു ഡ്രോൺ ആക്രമണം ഇതാദ്യമായാണ്. ജമ്മു കാശ്മീരിലെ ഡ്രോൺ ഉപയോഗിച്ചുള്ള ഇരട്ട സ്ഫോടനത്തിൽ കാറ്റാടി ചിറകുകളിൽ പറക്കുന്ന റോട്ടറി വിങ് ഡ്രോൺ ആണ് ഉപയോഗിച്ചിരിക്കുന്നത്. ചൈനീസ് നിർമ്മിതമായ ഈ ഡ്രോൺ ലക്ഷ്യസ്ഥാനത്തേക്കു പറന്നെത്തുന്നത് ജിപിഎസിന്റെ സഹായത്താലാണ്. പാക്കിസ്ഥാനോ പാക്കിസ്ഥാനിലെ ഭീകര സംഘടനകളോ സ്വന്തമായി ഡ്രോണുകൾ നിർമ്മിക്കുന്നില്ല. എന്നാൽ ലോകത്തെ ഒന്നാം നമ്പർ ഡ്രോൺ നിർമ്മാതാക്കളായ ചൈനയിൽ നിന്ന് പാക്കിസ്ഥാനും പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകൾക്കും ഡ്രോണുകൾ എളുപ്പത്തിൽ ലഭിക്കും. ഉപേക്ഷിക്കപ്പെട്ട പാക്കിസ്ഥാൻ ഡ്രോണുകളിൽ നിന്നും ചൈനയിലെ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
ഡ്രോൺ യുദ്ധങ്ങളുടെ കാലം
ജമ്മുവിൽ ഉപയോഗിച്ച ഇനം ഡ്രോണുകൾക്കു പുറമേ, വൻ ആക്രമണങ്ങൾക്ക് ഉപയോഗിക്കാവുന്ന വിമാനത്തിന്റെ മാതൃകയിലുള്ള ഡ്രോണുകളുമുണ്ട് (ഫിക്സ്ഡ് വിങ് ഡ്രോൺ ആളില്ലാ പറക്കും വിമാനങ്ങൾ). ഇത്തരം 50 ഡ്രോണുകൾ (വിങ് ലൂങ് 2) ചൈനയിൽ നിന്നു പാക്ക് സേന കഴിഞ്ഞ ഡിസംബറിൽ വാങ്ങിയിരുന്നു. ഇവയ്ക്ക് മിസൈലുകൾ വഹിച്ചുവരെ പറക്കാനാവും.
ശത്രു വിമാനങ്ങൾ, മിസൈലുകൾ, ഫിക്സഡ് വിങ് ഡ്രോണുകൾ എന്നിവ കണ്ടെത്താനുള്ള റഡാറുകളും നേരിടാനുള്ള മിസൈൽ കവചവും രാജ്യത്തെ പ്രധാന സേനാ താവളങ്ങളിലുണ്ട്. എന്നാൽ, താഴ്ന്നു പറക്കുന്ന റോട്ടറി വിങ് ഡ്രോണുകൾ റഡാറിന്റെ കണ്ണിൽപ്പെടില്ല. അതിനാൽ, മിസൈലുകൾ ഉപയോഗിച്ച് അവയെ തകർക്കാനാവില്ല. ഡ്രോണുകളെ നേരിടാനുള്ള തോക്ക് (ആന്റി ഡ്രോൺ ഗൺ) ഉപയോഗിച്ച് വെടിവച്ചിടാം. ഇതിൽ വിദഗ്ധ പരിശീലനം നേടിയ എൻഎസ്ജി കമാൻഡോകളെ ജമ്മുവിൽ നിയോഗിച്ചിട്ടുണ്ട്. ഡ്രോണുകളുടെ ജിപിഎസ് സിഗ്നലുകൾ സ്തംഭിപ്പിക്കുന്ന ജാമറുകൾ ചില താവളങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. എന്നിട്ടും ഇരട്ട സ്ഫോടനത്തിലെ ഡ്രോണുകളെ കണ്ടെത്താൻ കഴിയാത്തത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ സുരക്ഷാ വീഴ്ചയാണ്. ഡ്രോൺ ഭീകരാക്രമണത്തെ നിർവീര്യമാക്കാൻ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരും സാങ്കേതികവിദ്യയും പൂർണ്ണമായും ഉപയോഗിക്കണമെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം.
ഡ്രോണുകളെ ലേസർ ആയുധം ഉപയോഗിച്ച് തകർക്കാനുള്ള സാങ്കേതിക വിദ്യ പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ചിട്ടുണ്ട്. ഈ വർഷം അതു പ്രവർത്തന സജ്ജമാകും. മൂന്ന് കിലോമീറ്റർ വരെ ഉയരത്തിൽ പറക്കുന്ന ഡ്രോണുകളെ തകർക്കും. 2020 ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിൽ നടത്തിയ റോഡ് ഷോയിൽ സുരക്ഷയ്ക്കായി ഡിആർഡിഒയുടെ ഡ്രോൺ കവചം ഒരുക്കിയിരുന്നു. അതേ വർഷം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും അതുപയോഗിച്ചു. ഡ്രോണുകളെ തകർക്കാൻ കെൽപുള്ള ഇസ്രയേൽ നിർമ്മിത 'സ്മാഷ് 2000 പ്ലസ്' ആയുധ സംവിധാനം സൈന്യം വൈകാതെ വാങ്ങും.
ആക്രമണം നടത്തിയ രീതി?
ഇന്ത്യയിലേക്ക് ആയുധങ്ങളും ലഹരിമരുന്നും വ്യാജ നോട്ടും കടത്താൻ ക്വാഡ് കോപ്റ്റർ (4 കാറ്റാടി ചിറകുള്ളത്), ഹെക്സാ കോപ്റ്റർ (6) വിഭാഗങ്ങളിലുള്ള ഡ്രോണുകൾ 2019 മുതൽ പാക്കിസ്ഥാൻ ഉപയോഗിക്കുന്നു. അവയിലൊന്നിൽ സ്ഫോടകവസ്തു ഘടിപ്പിച്ചാവാം ജമ്മു താവളം ആക്രമിച്ചത്. അഞ്ച് മുതൽ ആറ് കിലോഗ്രാം വരെ ആർഡിഎക്സ് ചേർത്ത സ്ഫോടകവസ്തു ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിരിക്കുന്നത്.
സ്ഫോടകവസ്തു നിറച്ച ഡ്രോണുകൾ വ്യോമതാവളത്തിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് ആദ്യം കണ്ടെത്തിയത്. എന്നാൽ ആ നിഗമനം ശരിയല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. വ്യാമ താവളത്തിലെ അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്താനായിട്ടില്ല. 400 അടി ഉയരത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ താഴേക്കിട്ട ശേഷം ഇരുട്ടിന്റെ മറവിൽ ഡ്രോണുകൾ തിരികെ പോയിരിക്കാം. രാത്രിയിൽ വന്ന ഡ്രോണുകൾ ഭടന്മാർക്കു കാണാനായില്ല. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രോണുകൾ പറന്നത് വളരെ കുറഞ്ഞ ശബ്ദത്തിലായതിനാൽ അറിയാനും സാധിച്ചില്ല.
ആക്രമണത്തിന് പിന്നിൽ?
ഭീകര സംഘടനയായ ലഷ്കറെ തയിബയെന്നു ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. ചൈനീസ് നിർമ്മിത റോട്ടറി വിങ് ഡ്രോണുകൾ ലഷ്കർ ഭീകരർ വാങ്ങിയതായി ഇന്റലിജൻസിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മുവിൽ അറസ്റ്റിലായ ലഷ്കർ ഭീകരനെ ചോദ്യം ചെയ്യുന്നു. പാക്ക് ചാര സംഘടനയായ ഐഎസ്ഐയുടെ പങ്കും സംശയിക്കുന്നുണ്ട്. എന്നാൽ പാക്കിസ്ഥാനിൽ നിന്നാണ് ഡ്രോൺ എത്തിയതെന്ന് പൊലീസ് കരുതുന്നില്ല. കാരണം അക്രമികൾ ഉപയോഗിച്ചതെന്നു കരുതുന്ന ഡ്രോണിന്റെ ദൂരപരിധി നാല് മുതൽ അഞ്ച് കിലോമീറ്റർ വരെയാണ്. വ്യോമതാവളത്തിൽ നിന്ന് പാക്കിസ്ഥാൻ അതിർത്തിയിലേക്കുള്ള ആകാശദൂരം 14 കിലോമീറ്റർ ആയതിനാൽ, അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോൺ എത്താനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. വ്യോാമതാവളത്തിനു സമീപം ഒളിവിൽ കഴിയുന്ന ഭീകരർ ആവാം പറത്തിവിട്ടത് എന്നാണ് പ്രാഥമിക നിഗമനം.
മറുനാടന് മലയാളി ബ്യൂറോ