-തിരുവനന്തപുരം : ഓർഡിനൻസുകൾ ഒപ്പിടാത്തതിന്റെ പേരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടൽ വേണ്ടെന്ന് സിപിഎമ്മും സർക്കാരും തീരുമാനിച്ചെങ്കിലും, വിടാതെ കടന്നാക്രമിച്ച് സിപിഎം മുഖപത്രമായ ജനയുഗം. ഓർഡിനൻസ് ഒപ്പിടേണ്ട സമയത്തിന് മുമ്പ് അതുചെയ്യാതെ അസാധുവാക്കുകയെന്ന നികൃഷ്ട മാർഗമാണ് ഗവർണർ സ്വീകരിച്ചത്. ഇതിൽ നിന്നും വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ് ഗവർണറെന്ന് പകൽ പോലെ വ്യക്തമാകുന്നു. മാത്രവുമല്ല ഗവർണർ പദവി പാഴാണെന്ന നിലപാട് ഒരിക്കൽകൂടി ശരിയാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ജനയുഗം പറയുന്നു.

കേരളത്തിൽ ബിജെപി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ നികത്തുകയാണ് ഗവർണർ. ഇതിനായി രാജ്ഭവനേയും ഗവർണർ പദവിയേയും ഉപയോഗിക്കുന്നു. ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവർണർ മനസിലാക്കുന്നില്ല. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ കാര്യത്തിൽ പരാതി പറഞ്ഞ ഗവർണർ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയുഗം വിമർശിക്കുന്നു.

ജനയുഗം എഡിറ്റോറിയലിന്റെ പൂർണ രൂപം:

സംഘ്പരിവാറിന്റെ തട്ടകത്തിൽ നിന്ന് കേരള ഗവർണർ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ച് സംസ്ഥാന ഭരണ നിർവഹണം പ്രതിസന്ധിയിലാക്കുന്നതിനുള്ള നീക്കം തുടരുകയാണ്. ഇതിനു മുമ്പ് പലപ്പോഴും അദ്ദേഹം രാജ്ഭവനെ രാഷ്ട്രീയവേദിയാക്കുന്നതിന് ശ്രമിച്ചിരുന്നതാണ്. കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങൾ നീക്കാതെ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കില്ലെന്നു വാശിപിടിച്ച സന്ദർഭമുണ്ടായിട്ടുണ്ട്. എന്നാൽ ഭരണഘടനാപരമായ ബാധ്യതയാണ് നയപ്രഖ്യാപനം ഗവർണർ വായിക്കുക എന്നതിനാൽ, വാശിക്കൊടുവിൽ വഴങ്ങേണ്ടിവന്നതും കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങൾ വായിക്കാതെ ഒഴിവാക്കിയതുമെല്ലാം ആരിഫ് മുഹമ്മദ്ഖാൻ വന്നതിനുശേഷം നടന്നതാണ്. വായിച്ചില്ലെങ്കിലും അത് സഭാരേഖകളിലുണ്ടാകുമെന്നതിനാൽ മുഹമ്മദ് ഖാൻ ജനങ്ങൾക്കു മുന്നിൽ പരിഹാസ്യനാകുകയും ചെയ്തു.

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ജനവിരുദ്ധമായ നടപടികൾക്കെതിരെ സംസ്ഥാനത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കില്ലെന്ന് വാശി പിടിച്ചതും നാം മറന്നിട്ടില്ല. വൈസ് ചാൻസലർ നിയമനത്തിനായുള്ള നടപടി വൈകിപ്പിച്ചതും അടുത്തകാലത്താണ്. സംസ്ഥാന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണത്തെക്കുറിച്ച് കുറ്റം പറഞ്ഞ് നടന്ന ആരിഫ് മുഹമ്മദ് ഖാന് കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധമായി ബിജെപി നേതാവിനെ മാധ്യമവിഭാഗം സെക്രട്ടറിയായി നിയമിച്ച് ഖജനാവിൽ നിന്ന് ശമ്പളം നല്കണമെന്ന് നിർദ്ദേശിക്കുന്നതിൽ ഒരു മടിയുമുണ്ടായിരുന്നില്ല.

സംഘപരിവാർ മുട്ടാളത്തമായി മാറുന്ന ഗവർണർ പദവി ഭരണഘടനാപരമായ പദവിയാണെങ്കിലും അതിന് ഒട്ടേറെ പരിമിതികളുണ്ടെന്ന് മനസിലാക്കാതെ ജനകീയ സർക്കാരിനെതിരെ വടിയെടുക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങൾ ആരിഫ് മുഹമ്മദ്ഖാനെന്ന ഗവർണർക്കുതന്നെ പല തവണയുണ്ടായിട്ടുണ്ട്. മറ്റ് പല സംസ്ഥാന ഗവർണർമാർക്കും ഇതേ അനുഭവമാണുണ്ടായിരുന്നതും. എന്നിട്ടും രാഷ്ട്രീയക്കളി തുടരുകയാണ് അദ്ദേഹം.

കേരളത്തിൽ ബിജെപിക്ക് ജനപ്രതിനിധികളില്ലാത്തതിന്റെ പോരായ്മ നികത്തുവാൻ രാജ്ഭവനെയും ഗവർണർ എന്ന അനാവശ്യ പദവിയെയും ഉപയോഗിക്കുകയാണ് അദ്ദേഹം. ഭരണപ്രതിസന്ധിയാണ് അദ്ദേഹം ലക്ഷ്യംവയ്ക്കുന്നതെങ്കിലും അതിനു സാധ്യമല്ലെന്നതിനാൽ ഭരണ നിർവഹണത്തിൽ തടസങ്ങൾ സൃഷ്ടിക്കുവാനാണ് ശ്രമിക്കുന്നതെന്നുവേണം ഒടുവിലത്തെ അദ്ദേഹത്തിന്റെ നിലപാടിൽ നിന്ന് ഉറപ്പിക്കേണ്ടത്. യഥാസമയം ഒപ്പിടാത്തതിനാൽ 11 ഓർഡിനൻസുകളാണ് കഴിഞ്ഞ ദിവസം അസാധുവായത്. കണ്ണുംപൂട്ടി ഒപ്പിടില്ലെന്നാണ് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞത്. അവിടെയാണ് അദ്ദേഹം രാഷ്ട്രീയക്കളി നടത്തുന്നതെന്ന സംശയം ബലപ്പെടുന്നത്. കാരണം ഈ ഓർഡിനൻസുകളിൽ ഭൂരിപക്ഷവും നേരത്തെ ഗവർണർ അംഗീകരിച്ചവയാണ്.

നിയമവകുപ്പ് തയാറാക്കുകയും മന്ത്രിസഭ അംഗീകരിക്കുകയും ചെയ്യുന്ന ബില്ല് നിയമസഭ വിളിച്ചുകൂട്ടി പാസാക്കുന്നതിന് സാധിക്കാത്ത ഘട്ടത്തിലാണ് അടിയന്തര സാഹചര്യത്തിൽ ഗവർണറുടെ അംഗീകാരത്തോടെ ഓർഡിനൻസുകളായി പുറപ്പെടുവിക്കുന്നത്. പിന്നീട് നിയമസഭാ സമ്മേളനത്തിൽ നിയമമായി പാസാക്കുക, അല്ലെങ്കിൽ പുനർവിളംബരം ചെയ്യുക എന്നതാണ് പതിവ്. ഇപ്പോൾ കണ്ണുംപൂട്ടി ഒപ്പിടില്ലെന്ന് ഗവർണർ വാശിപിടിച്ച ഓർഡിനൻസുകളിൽ പലതും ഗവർണറുടെ അംഗീകാരത്തോടെയാണ് നേരത്തെ പുറപ്പെടുവിച്ചത്. അന്നും വിവാദമുയർത്തുന്നതിന് ഗവർണറുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിരുന്നു. ഒപ്പിടില്ലെന്ന് വാശിപിടിക്കുകയും ചെയ്തു. ആവശ്യത്തിലധികം പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുള്ള പദവിയാണ് ഗവർണർ എന്നത്. അതുകൊണ്ടുതന്നെ മതിയായ വായനയും നിയമപരമായ പരിശോധനയും നടത്തിയ ശേഷമാണ് അദ്ദേഹം നേരത്തെ ഓർഡിനൻസുകൾ അംഗീകരിച്ചത്. ഈ കാരണത്താൽ ഗവർണറുടെ ഇപ്പോഴത്തെ നിലപാട് ദുർബലമാകുന്നു. അല്ലെങ്കിൽ നേരത്തെ അദ്ദേഹം കണ്ണുംപൂട്ടിയാണ് ഒപ്പിട്ടതെന്ന് സമ്മതിക്കേണ്ടിവരും.

2022ലെ കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ്, വ്യവസായ ഏകജാലക ബോർഡും വ്യവസായ ടൗൺഷിപ്പ് വികസനവും തദ്ദേശഭരണ പൊതുസർവീസ് തുടങ്ങിയ 11 ഓർഡിനൻസുകളാണ് ഗവർണറുടെ അനാവശ്യമായ പിടിവാശിയിൽ അസാധുവായത്. പൊതുജനാരോഗ്യവും അധികാരവികേന്ദ്രീകരണവും വ്യവസായ വികസനവും ലക്ഷ്യംവച്ചുള്ള ഭേദഗതി ഓർഡിനൻസുകളാണ് മേല്പറഞ്ഞ മൂന്നെണ്ണവും. ചില ഓർഡിനൻസുകൾ മന്ത്രിസഭ അംഗീകരിച്ച് സമർപ്പിച്ചപ്പോൾ ഒപ്പിടില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും രണ്ടാമതും സർക്കാർ ആവശ്യപ്പെട്ടാൽ ഒപ്പിട്ടുനല്കണമെന്ന അധികാരമേ ഗവർണർക്കുള്ളൂ എന്നതിനാൽ അദ്ദേഹത്തിന് തന്റെ നിലപാട് മാറ്റേണ്ടിവരികയായിരുന്നു. അതുകൊണ്ട് ഇത്തവണ ഒപ്പിടേണ്ട സമയത്തിന് മുമ്പ് അതുചെയ്യാതെ അസാധുവാക്കുകയെന്ന നികൃഷ്ട മാർഗമാണ് സ്വീകരിച്ചത്. ഇതിൽ നിന്നും വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ് ഗവർണറെന്ന് പകൽ പോലെ വ്യക്തമാകുന്നു. മാത്രവുമല്ല ഗവർണർ പദവി പാഴാണെന്ന നിലപാട് ഒരിക്കൽകൂടി ശരിയാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.