- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലത്തിന്റെ പേരിനെച്ചൊല്ലി തർക്കം; കൊടുവള്ളിക്കടുത്ത് സ്ഥാപിച്ച നെയിം ബോർഡിനെതിരെ പരാതിയുമായി ഒരു വിഭാഗം; ജാറംകണ്ടി എന്ന പേരിനെ ചൊല്ലി തർക്കം രൂക്ഷമാകുമ്പോൾ
കോഴിക്കോട്: ഒരു പേരിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീർപ്പുമുട്ടുകയാണ് ഒരു പ്രദേശത്തുകാർ. നടമ്മൽപൊയിൽ-നാഗാളികാവ് റോഡിലുള്ള ജാറംകണ്ടി എന്ന സ്ഥലത്തിന്റെ പേരിലാണ് തർക്കം ഉടലെടുത്തത്. ജാറംകണ്ടിയിൽ സ്ഥാപിച്ച സ്ഥലനാമ ബോർഡിനെതിരെ പരാതിയുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്.
കാരാട്ട് റസാഖ് എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും മൂന്നു കോടി രൂപ ചെലവഴിച്ച് നവീകരിച്ച നടമ്മൽപൊയിൽ- നാഗാളികാവ് റോഡിൽ ജാറം കണ്ടിയിൽ സ്ഥാപിച്ച നെയിം ബോർഡിനെതിരെ മുജാഹിദ് വിഭാഗക്കാരാണ് പരാതിയുമായി പിഡബ്യു ഡിയെ സമീപിച്ചത്.
പ്രദേശത്തിന്റെ പേരിനെതിരെ മുജാഹിദ് വിഭാഗക്കാർ നേരത്തെ തന്നെ രംഗത്തുണ്ട്. മുജാഹിദുകൾക്ക് അംഗീകരിക്കാൻ കഴിയാത്ത ജാറം എന്നത് പേരിനൊപ്പം ഉള്ളതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സുന്നി വിഭാഗത്തിലുള്ളവർ വ്യക്തമാക്കുന്നത്. തീവ്ര സലഫിധാര പിന്തുടരുന്ന പ്രദേശത്തെ മുജാഹിദുകൾ അനാവശ്യമായി സ്ഥലത്തിന്റെ പേരിനെച്ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഇവർ പറയുന്നു.
പിഡബ്യു ഡി ബോർഡ് സ്ഥാപിച്ച ദിവസം തന്നെ അത് ആരോ അവിടെ നിന്നും മാറ്റിയിരുന്നു.തുടർന്ന് കൊടുവള്ളി പൊലീസ് ബോർഡ് കണ്ടെത്തുകയും അത് പുനഃസ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് മുജാഹിദ് വിഭാഗക്കാർ പ്രദേശത്തിന്റെ പേരിനെതിരെ പരാതിയുമായി പിഡബ്യു ഡി റോഡ് സെക്ഷനെ സമീപിക്കുകയായിരുന്നു.
മഖ്ബറകൾ (ജാറം)ക്ക് എതിരായതിനാൽ സ്ഥലത്തിന് കാലങ്ങളായുള്ള ജാറംകണ്ടി എന്ന പേര് ഉപയോഗിക്കരുതെന്ന നിലപാടാണ് മുജാഹിദ് വിഭാഗത്തിനെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. പ്രദേശത്തുള്ളവരുടെ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവയിലെല്ലാം ജാറംകണ്ടി എന്ന പേരാണുള്ളത്.
റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകളുടെ ബോർഡുകളിലും കടകളുടെ ബോർഡുകളിലുമെല്ലാം ജാറം കണ്ടി എന്നു തന്നെയാണുള്ളത്. അടുത്തിടെ ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കെട്ടിടത്തിന്റെ ഫലകത്തിലും ജാറംകണ്ടി എന്ന് തന്നെയാണുള്ളത്. ഇത്തരത്തിൽ ഒരുപ്രദേശത്തിന്റെ ഉറച്ചുപോയ പേരിൽ ഇപ്പോൾ അസ്വസ്ഥതപ്പെടുന്നതെന്തിനെന്ന ചോദ്യമാണ് സുന്നി വിഭാഗത്തിൽ പെട്ടവർ ഉയർത്തുന്നത്. എന്നാൽ ജാറം കണ്ടി എന്ന പേര് രേഖകളിൽ എവിടെയും ഇല്ലെന്നാണ് മുജാഹിദുകൾ വ്യക്തമാക്കുന്നത്.
ജാറം എന്ന പേരിനെതിരെ അസ്വസ്ഥരാവുന്നവർ നാളെ തൊട്ടടുത്ത നാഗാളികാവിനും അമ്പലക്കണ്ടിക്കുമെതിരെയുമെല്ലാം രംഗത്തെത്തുമെന്നും അത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നുമുള്ള ആശങ്ക നാട്ടുകാരിൽ ചിലർ പങ്കുവെക്കുന്നുണ്ട്. പ്രദേശത്ത് ഒരു മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് സന്ദർശിക്കാൻ നിരവധി ആളുകൾ ഇവിടെ എത്താറുമുണ്ട്. ഇങ്ങനെയാവാം സ്ഥലത്തിന് ജാറംകണ്ടി എന്ന് പേര് ലഭിക്കാനിടയായത്. ഏതായാലും സ്ഥലത്തിന്റെ പേരിനെച്ചൊല്ലി തർക്കങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ വലിയപ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ കൊടുവള്ളി പൊലീസ് ശ്രദ്ധിക്കുന്നുണ്ട്.