- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുടുംബകലഹം മൂലം ഒറ്റയ്ക്കൊരു വീട്ടിൽ കഴിയുന്ന പതിനാറുകാരിയുടെ കഥ മാധ്യമങ്ങളിൽ വന്നപ്പോൾ സംരക്ഷണമൊരുക്കാൻ മത്സരിച്ചത് ആരോഗ്യമന്ത്രിയും കലക്ടറും; ഏറ്റെടുത്ത് ബാലികാ മന്ദിരത്തിലാക്കിയ പെൺകുട്ടിയുടെ തുടർ പഠനം ഇരുളിൽ; പരാതി കേൾക്കാൻ കലക്ടർക്ക് കാണാൻ സമയമില്ല; ആരോഗ്യമന്ത്രിയുടെ പിഎ ആട്ടിയോടിച്ചു: നാരങ്ങാനത്തെ ജാസ്മിന്റെ ജീവിതം ഇരുളിൽ
പത്തനംതിട്ട: പിതാവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം പോയി. കുടുംബപ്രശ്നം കാരണം മാതാവും ഉപേക്ഷിച്ചു. നാരങ്ങാനത്തെ വീട്ടിൽ ഒറ്റയ്ക്കായി പോയ ജാസ്മിൻ എന്ന പെൺകുട്ടിയുടെ കദനകഥ മാധ്യമങ്ങൾ നേരത്തേ വാർത്തയാക്കിയിരുന്നു. മൂന്നു വനിതകൾ ഭരിക്കുന്ന ജില്ലയിൽ പതിനാറുകാരിക്ക് സുരക്ഷയില്ലെന്ന വാർത്ത കണ്ട് അവൾക്ക് സംരക്ഷണമൊരുക്കാൻ മത്സരമായിരുന്നു.
കലക്ടർ നേരിട്ട് ചെന്ന് കുട്ടിയെ ഏറ്റെടുക്കുന്നു. ആരോഗ്യമന്ത്രി ബാലികാമന്ദിരം സന്ദർശിച്ച് കുട്ടിക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. പത്താം ക്ലാസിൽ മികച്ച വിജയം നേടിയ ആ കുട്ടിയുടെ ജീവിതം ഇപ്പോൾ ഇരുളിലാണ്. പരാതി പറയാൻ കലക്ടറെ സമീപിച്ചപ്പോൾ മന്ത്രിയോട് പറഞ്ഞാൽ മതിയെന്ന് നിർദ്ദേശം. മന്ത്രിയുടെ ഓഫീസിൽ ചെന്നപ്പോൾ പിഎ ആട്ടിയോടിച്ചുവെന്നും പരാതി.
വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചതിനെപ്പറ്റി പരാതി പറയാനാണ് ജാസ്മിനും മാതാവും കലക്ടറേറ്റിൽ ചെന്നത്. അവിടെ നിന്ന് മന്ത്രിയുടെ ഓഫീസിലേക്ക് പറഞ്ഞു വിട്ടു. ഇവി നിന്ന് ആട്ടിയോടിക്കപ്പെട്ടു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാതാവും പിതാവും ഉപേക്ഷിച്ച ജാസ്മിൻ തനിച്ച് ഒരു വീട്ടിൽ കഴിയുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി, ജില്ലാ കലക്ടർ, ആരോഗ്യമന്ത്രി എന്നിങ്ങനെ മൂന്നു വനിതകൾ ജില്ല ഭരിക്കുമ്പോഴാണ് ഒരു പെൺകുട്ടിക്ക് അരക്ഷിതാവസ്ഥയിൽ കഴിയേണ്ടി വന്നത്. വാർത്ത വന്നതിന് പിന്നാലെ പെൺകുട്ടിക്ക് സംരക്ഷണമൊരുക്കാൻ മത്സരമായി. ജില്ലാ കലക്ടർ ചെന്ന് പെൺകുട്ടിയെ ഏറ്റെടുത്തിന് പിന്നാലെ ആരോഗ്യമന്ത്രിയും ഇടപെട്ടു.
ആദ്യം ജില്ലാ കലക്ടർ ഏറ്റെടുത്തുവെന്ന് വാർത്ത നൽകിയ പിആർഡിക്ക് ഏതാനും മിനുട്ടുകൾക്കുള്ളിൽ അത് തിരുത്തേണ്ടി വന്നു. ഇടപെട്ടത് മന്ത്രിയാണെന്നും അവിടെ നിന്നുള്ള നിർദേശ പ്രകാരമാണ് ജില്ലാ കലക്ടർ പോയതെന്നുമായി വാർത്ത. കൈയടി നേടാനുള്ള മത്സരമാണ് അന്ന് കണ്ടത്. ആ സമയത്ത് ജാസ്മിന് പുനരധിവാസവും സംരക്ഷണവുമൊക്കെ കിട്ടി. പക്ഷേ, ഇപ്പോൾ ഈ കുട്ടിയുടെ അവസ്ഥ അതിദയനീയമാണ്.
വനിതാ ശിശു വികസന വകുപ്പും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകളും ചേർന്ന് വൻതുക ചെലവിട്ട് സംസ്ഥാന വ്യാപകമായി ബാലാവകാശ വാരാചരണം സംഘടിപ്പിക്കുന്ന സമയത്ത് തന്നെയാണ് ഈ വകുപ്പകളുടെ പൊള്ളത്തരം വ്യക്തമാക്കുന്ന തരത്തിൽ ജാസ്മിന്റെ അനുഭവം.
മാധ്യമ വാർത്തകളെ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ നിർബന്ധ പൂർവം ഇലന്തൂരിൽ പ്രവർത്തിക്കുന്ന ബാലികാ ഭവനിൽ ആക്കിയ കുട്ടിയുടെ തുടർ വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാം ഏറ്റെടുക്കാമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. എന്നാൽ, ഉയർന്ന മാർക്ക് നേടി പത്താം ക്ലാസ് വിജയിച്ച കുട്ടിക്ക് പ്ലസ് വണ്ണിന് അഡ്മിഷൻ വാങ്ങി നൽകിയില്ല. സിബിഎസ്ഇ സിലബസിൽ പഠിച്ചിരുന്ന കുട്ടിക്ക് ഓൺലൈൻ ക്ലാസ് അറ്റന്റ് ചെയ്യുന്നത് തടഞ്ഞ് പഠനം മുടക്കിയെന്നും പരാതിപ്പെടുന്നു.
ഇതിന് ശേഷം പരിപാലിക്കാൻ യാതൊരു വരുമാനവുമില്ലാത്ത മാതാവ് മിനിക്ക് കുട്ടിയെ ഏൽപ്പിച്ചു കൊടുത്തുവത്രേ. പ്ലസ് വണിന് അഡ്മിഷൻ ലഭിക്കാതിരുന്നതിനെ തുടർന്ന് വിദൂര വിദ്യാഭ്യാസത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി കേരളാ സിലബസിൽ പഠനം തുടരാൻ ശ്രമിക്കുമ്പോഴാണ് കെഎസ്ഇബിയുടെ ഇരുട്ടടി കിട്ടിയത്. ഇവർ താമസിക്കുന്ന വീട്ടിലെ വൈദ്യുതി അഞ്ചു ദിവസത്തോളം വിഛേദിക്കപ്പെട്ടു. കനത്ത മഴയിൽ ഏറെ ഭയന്നാണ് ജാസ്മിൻ മാതാവ് മിനിക്കൊപ്പം ഇവിടെ കഴിയുന്നത്. വൈദ്യുതി വിഛേദിച്ചതിനെ തുടർന്ന് പരാതി പറയാൻ ജില്ലാ കലക്ടറെ കാണാൻ ചെന്നപ്പോൾ മന്ത്രി വീണാ ജോർജിനെ കാണാനായിരുന്നുവത്രേ നിർദ്ദേശം.
ഇതനുസരിച്ച് സെന്റ് പീറ്റേഴ്സ് ജങ്ഷനിലെ എംഎൽഎ ഓഫീസിലെത്തിയെങ്കിലും മന്ത്രിയെ കാണാൻ അനുവദിക്കാതെ പിഎ ഓടിച്ചു വിട്ടെന്നും ജാസ്മിൻ പറയുന്നു. അർധ പട്ടിണിയിലും പഠനം മെഴുകുതിരിയുടെ വെളിച്ചത്തിൽ തുടരുന്ന ജാസ്മിന് പക്ഷെ തനിക്ക് നീതി നിഷേധിച്ചവരോട് പരാതിയില്ല. തന്റെയും മാതാവിന്റെയും എല്ലാ ദുരിതങ്ങൾക്കും കാരണക്കാരനായ പിതാവ് ജോൺ ജോസഫ് മാത്യു എന്ന പ്രമോദിനെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാത്ത പൊലീസിനോടും വനിതയായ ജില്ലാ പൊലീസ് മേധാവിയോടും മാത്രമാണ് പരാതി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്