സെഞ്ചൂറിയൻ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ മുൻനിരയെ തുടക്കത്തിൽ വീഴ്‌ത്താനായെങ്കിലും ബോളിങ്ങിനിടെ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് പരുക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സിലെ 11ാം ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞതിനു ശേഷമാണു ബുമ്രയുടെ വലതുകാലിന്റെ ഉപ്പൂറ്റിക്കു പരുക്കേറ്റത്. മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ ബുമ്രയെ പിൻവലിക്കേണ്ടിവന്നത് ഇന്ത്യയ്ക്കു തിരിച്ചടിയായി.

പന്ത് എറിഞ്ഞതിനു ശേഷമുള്ള ഫോളോത്രൂവിലായിരുന്നു അപകടം. വേദനകൊണ്ടു പുളഞ്ഞ ബുമ്രയ്ക്ക് ഉടൻ വൈദ്യസഹായം ലഭ്യമാക്കി. ഇതിനുശേഷം ടീം ഫിസിയോയ്‌ക്കൊപ്പം ബുമ്ര മൈതാനം വിട്ടു. പേസർമാർക്കു മികച്ച പിന്തുണ ലഭിക്കുന്ന സെഞ്ചൂറിയനിലെ വിക്കറ്റിൽ ബുമ്രയ്ക്കു തുടർന്നു പന്തെറിയാനായില്ലെങ്കിൽ ഇന്ത്യയ്ക്കു കനത്ത തിരിച്ചടിയാകും.

ബൗളിംഗിനിടെ കാൽക്കുഴക്ക് പരുക്കേറ്റ ബുമ്ര മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. മത്സരത്തിൽ തന്റെ ആറാം ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞശേഷമുള്ള ഫോളോ ത്രൂവിലാണ് വലതു കാൽക്കുഴ തിരിഞ്ഞത്. വേദനകൊണ്ട് നിലത്തിരുന്ന ബുമ്ര പിന്നീട് ടീം ഫിസിയോ നിതിൻ പട്ടേലിനൊപ്പം മുടന്തി മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. കാലിൽ ആംഗിൾ സ്ട്രാപ്പും ടേപ്പും ചുറ്റിയാണ് ബുമ്ര ഡ്രസ്സിങ് റൂമിൽ ഇരുന്നത്.

ബുമ്രയുടെ വലതു കാൽക്കുഴയിൽ വേദനയുണ്ടെന്നും ബുമ്രയ്ക്ക് പകരം ശ്രേയസ് അയ്യർ ഫീൽഡിംഗിനിറങ്ങിയെന്നും ബിസിസിഐ ട്വീറ്റ് ചെയ്തു. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്‌ത്തിയ ബുമ്ര ദക്ഷിണാഫ്രിക്കയെ പേസ് കൊണ്ടും സീം കൊണ്ടും വിറപ്പിച്ചിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ദക്ഷിണാഫ്രിക്കൻ നായൻ ഡീൻ എൽഗാറിനെ വീഴ്‌ത്തിയ ബുമ്ര കൂടുതൽ അപകടകാരിയാകുമെന്ന് കരുതിയിരിക്കെയാണ് കാൽക്കുഴക്ക് പരിക്കേറ്റ് മടങ്ങിയത്. മത്സരത്തിൽ 5.5 ഓവർ എറിഞ്ഞ ബുമ്ര 12 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.

2018ൽ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബുമ്ര ഇന്ന് രാജ്യാന്തര ക്രിക്കറ്റിൽ ആരും ഭയക്കുന്ന ബൗളറാണ്. ഇന്ത്യക്കായി ഇതുവരെ 25 ടെസ്റ്റിൽ 102 വിക്കറ്റെടുത്ത ബുമ്ര അതിവേഗം 100 വിക്കറ്റ് ക്ലബ്ബിലെത്തുന്ന ഇന്ത്യൻ പേസറാണ്.

അതേ സമയം മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സിൽ 327 റൺസിന് പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കൻ ടോപ് ഓർഡറിനെ എറിഞ്ഞിട്ടു. ദക്ഷിണാഫ്രിക്ക നിലവിൽ നാല് വിക്കറ്റിന് 102 റൺസ് എന്ന നിലയിലാണ്. നായകൻ ഡീൻ എൽഗർ, എയ്ഡൻ മാർക്രം, പീറ്റേഴ്‌സൺ, റാസെ വാൻഡർ ദസ്സൻ എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടീസിന് നഷ്ടമായത്. ബാവുമ, ക്വിന്റൺ ഡി കോക്ക് എന്നിവരാണ് ക്രീസിൽ.