കണ്ണൂർ : മാധ്യമ പ്രവർത്തന രംഗത്ത് നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ മികച്ച ട്രേഡ് യൂണിയൻ നേതാവായ ജയചന്ദ്രന്റെ ആകസ്മിക വിയോഗത്തിൽ കണ്ണൂരിലെ മാധ്യമ ലോകം നടുങ്ങി. മാധ്യമ പ്രവർത്തകരുടെ അവകാശസമരങ്ങൾക്കു മുൻപിൽ എന്നും മുൻനിരയിൽ നിന്നിരുന്ന ജയചന്ദ്രൻ മികച്ച ട്രേഡ് യൂണിയൻ നേതാക്കളിലൊരാളായിരുന്നു. അമിത വേഗതയിൽ സഞ്ചരിച്ച സ്വകാര്യബസ് കാറിലിടിച്ചാണ് ദേശാഭിമാനി ജീവനക്കാരനായ ജയചന്ദ്രൻ ദാരുണമായി മരിച്ചത്.

പാപ്പിനിശ്ശേരി ദേശീയ പാതയിൽ വേളാപുരം പാലത്തിന് സമീപം ബസ് കാറിലിടിച്ച് കണ്ണൂർ ദേശാഭിമാനി സർക്കുലേഷൻ വിഭാഗം ജീവനക്കാരനായ മയ്യിൽ കയരളം കിളിയളത്തെ ഇ ടി ജയചന്ദ്ര (48) ൻ ദാരുണമായി മരിച്ചത്. മാങ്ങാട്ടെ വീട്ടിൽ നിന്ന് ദേശാഭിമാനി ഓഫീസിലേക്ക് വരുമ്പോൾ പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് ജയചന്ദ്രൻ സഞ്ചരിച്ച കാറിലിടിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കാറിനുള്ളിൽ കുടുങ്ങിയ ജയചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കയരളം കിളിയളത്തെ കഥകളി നടൻ പരേതനായ കെ എം രാഘവൻ നമ്പ്യാരുടെയും എളമ്പിലാന്തട്ട യശോദയുടെയും മകനാണ്. മാങ്ങാട്ട് എൽ പി സ്‌കൂൾ പ്രീ പ്രൈമറി അദ്ധ്യാപിക ജ്യോതിയാണ് ഭാര്യ. മക്കൾ: അനഘ ( തലശേരി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി ) , ദേവദർശ് (മാങ്ങാട് എൽപി സ്‌കൂൾ). സഹോദരങ്ങൾ: ശോഭന (കയരളം), രാജൻ (കൊളച്ചേരി), ലളിതകുമാരി ( നാറാത്ത്).
1996 മുതൽ ദേശാഭിമാനി ജീവനക്കാരനാണ്. ബാല സംഘം ജില്ലാ സെകട്ടറി, കണ്ണൂർ ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ്, കണ്ണൂർ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ദേശാഭിമാനി ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയന്റെയും കെ എൻ ഇഎഫിന്റെയും മുൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. ദേശാഭിനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയായിരുന്നു. മൃതദേഹം കണ്ണുർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. കേരള പത്രപ്രവർത്തക യുനിയൻ ജില്ലാ കമ്മിറ്റി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ചു.

മാധ്യമ പ്രവർത്തകരുടെ അവകാശസമരങ്ങൾക്കു മുൻപന്തിയിലുണ്ടായിരുന്ന ട്രേഡ് യൂനിയൻ നേതാവാണ് ജയചന്ദ്രനെന്നു പത്രപ്രവർത്തക യൂനിയൻ ജില്ലാ പ്രസിഡന്റ് എ.കെ ഹാരിസും സെക്രട്ടറി പ്രശാന്ത് പുത്തലത്തും അനുശോചന സന്ദേശത്തിൽ പറഞ്ഞു.