- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി അരുൺകുമാറിനും ദീപാ നിശാന്തിനും പൂർണ്ണ സ്വാതന്ത്ര്യകാലം; കോളേജ് അദ്ധ്യാപകർക്ക് രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കി നിയമനിർമ്മാണം; ഗവർണ്ണറുടെ അധികാരങ്ങൾ കവർന്നെടുക്കുമ്പോൾ കോളടിക്കുന്നത് ടീച്ചർമാർക്ക്; ജയകുമാർ കമ്മീഷൻ റിപ്പോർട്ട് പലതും പൊളിച്ചെഴുതുമ്പോൾ
തിരുവനന്തപുരം: ഇനി ദീപാ നിശാന്തിനും അരുൺകുമാറിനും ആരേയും എന്തും പറയാം... ഇടതുപക്ഷ ബുദ്ധി ജീവികൾക്ക് നിലപാട് അരെ കളിയാക്കി വേണമെങ്കിലും വിശദീകരിക്കാം. കോളേജ് അദ്ധ്യാപകർക്ക് രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കി നിയമനിർമ്മാണം വരുന്നു. സർവകലാശാല നിയമപരിഷ്‌കാരത്തിനുള്ള ഉന്നതവിദ്യാഭ്യാസ കമ്മിഷൻ നിർദേശിച്ച അദ്ധ്യാപക പെരുമാറ്റച്ചട്ടത്തിലാണ് ഈ പരിരക്ഷ. യുജിസി സ്‌കെയിലിൽ ശമ്പളം വാങ്ങി കേന്ദ്ര സർക്കാരിനെ വിമർശിച്ചാലും അദ്ധ്യാപകർക്ക് ഇനിയൊന്നും സംഭവിക്കില്ല.
സംസ്ഥാനസർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ട പരിധിയിലാണ് കോളേജ് അദ്ധ്യാപകർ. ഇതു പലപ്പോഴും അദ്ധ്യാപകരുടെ അക്കാദമികമായ സാമൂഹിക ഇടപെടലിനു തടസ്സമുണ്ടാക്കുന്നതായി കമ്മിഷൻ ചൂണ്ടിക്കാട്ടി. 'സർവകലാശാല അദ്ധ്യാപക പെരുമാറ്റച്ചട്ടം-2022' എന്ന പേരിൽ പ്രത്യേക നിയമം നടപ്പാക്കണമെന്നും ഇതു കോളേജ് അദ്ധ്യാപകർക്ക് ബാധകമാക്കണമെന്നുമാണ് ഡോ. എൻ.കെ. ജയകുമാർ അധ്യക്ഷനായ കമ്മിഷന്റെ ശുപാർശ. ഗവർണ്ണറെ പോലും തിരുത്താനുള്ള നിർദ്ദേശം ഈ സമിതി റിപ്പോർട്ടിലുണ്ട്. അത്തരമൊരു സമിതി റിപ്പോർട്ടാണ് അദ്ധ്യാപകർക്ക് സ്വാതന്ത്ര്യം നൽകുന്നത്.
സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം മറികടക്കാൻ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കാനുള്ള ശുപാർശ ജയകുമാർ മുമ്പോട്ട് വയ്ക്കുന്നുണ്ട്. ചാൻസലർ സ്ഥാനത്ത് ഗവർണർ തുടരും. എന്നാൽ, സുപ്രീംകോടതി/ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി മൂന്നംഗ ട്രിബ്യൂണൽ ചാൻസലർക്കു മുകളിലുണ്ടാവും. ചാൻസലറെന്ന നിലയിൽ ഗവർണറെടുക്കുന്ന തീരുമാനം ട്രിബ്യൂണലിന് പുനഃപരിശോധിക്കാം. ട്രിബ്യൂണലിന്റെ തീരുമാനമാകും അന്തിമം. ഇങ്ങനെ ഗവർണ്ണറുടെ അധികാരങ്ങൾ കുറയ്ക്കുന്ന കമ്മീഷനാണ് അദ്ധ്യാപകർക്ക് കൂടുതൽ അവകാശം നൽകുന്നത്.
രാഷ്ട്രീയ-സാമൂഹികപ്രശ്‌നങ്ങളിൽ ലേഖനമെഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന അദ്ധ്യാപകരെ പ്രതികാരനടപടികളിൽനിന്നും സംരക്ഷിക്കാൻ ഇതു സഹായിക്കും. വൈദഗ്ധ്യമുള്ള വിഷയങ്ങളിൽ അദ്ധ്യാപകർക്ക് അക്കാദമികസ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി ലേഖനങ്ങൾ പ്രസിദ്ധീകരിക്കാം. മാധ്യമങ്ങളോടു സംസാരിക്കുകയോ പൊതുപ്രഭാഷണം നടത്തുകയോ ആവാമെന്നും പറയുന്നു. അതായത് ചാനൽ ചർച്ചകളിലും മറ്റും ഇരുന്ന് ആരേയും എന്തും പറയാം ഇനി അദ്ധ്യാപകർക്ക്. കോളേജ് അദ്ധ്യാപകർക്കുള്ള ഈ പരിരക്ഷ പക്ഷേ സ്‌കൂൾ അദ്ധ്യാപകർക്കുണ്ടാകില്ല.
ഇവ സർക്കാരും ജനങ്ങളുമായോ കേന്ദ്ര-സംസ്ഥാന സർക്കാരുകളോ സംസ്ഥാനങ്ങൾ തമ്മിലോ ഏതെങ്കിലും വിദേശരാജ്യങ്ങളുമായോ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതാവാൻ പാടില്ലാത്ത അഭിപ്രായമേ പറയാവൂ എന്നും വിശദീകരിക്കുന്നുണ്ട് പുതിയ മാർഗ്ഗരേഖയിൽ. മതസാഹോദര്യത്തെ ബാധിക്കുന്നതോ മതേതരവിരുദ്ധമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും പെരുമാറ്റച്ചട്ടം അനുശാസിക്കുന്നു. ആസ്തി വെളിപ്പെടുത്തലടക്കം സർക്കാർജീവനക്കാർക്കുള്ള സമ്പാദ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അദ്ധ്യാപകർക്കും ബാധകമാക്കും.
അനുവദിക്കില്ല
* രാഷ്ട്രീയപ്പാർട്ടികളിലോ ജാതി-മതസംഘടനകളിലോ അംഗത്വം
* തിരഞ്ഞെടുപ്പ് വോട്ടുപിടിത്തം, പ്രചാരണത്തിലെ പങ്കാളിത്തം
* വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വീകരിക്കൽ
* വ്യവസായ-വാണിജ്യസ്ഥാപനങ്ങളുടെ ഉടമസ്ഥത
* ബാങ്കുകളുടെയോ കമ്പനികളുടെയോ പ്രചാരണം
* വ്യവഹാരങ്ങളിൽ പങ്കാളിയാവൽ
പെരുമാറ്റദൂഷ്യങ്ങൾ
* തയ്യാറെടുപ്പില്ലാതെ ക്ലാസെടുക്കൽ
* വിദ്യാർത്ഥികളോട് പക്ഷപാതിത്വം
* വിദ്യാർത്ഥികളുടെ മുമ്പിൽ തത്ത്വദീക്ഷയില്ലാത്ത അഭിപ്രായംപറയൽ
* സഹപ്രവർത്തകരുടെ ജാതി, മതം, ലിംഗം തുടങ്ങിയവ ചോദ്യംചെയ്യൽ
* മേൽപറഞ്ഞ പരിഗണനകൾ സ്വന്തം നേട്ടത്തിനായി പ്രയോജനപ്പെടുത്തൽ
* അക്കാദമിക വിഭാഗമോ സർവകലാശാലയോ കൈക്കൊണ്ട തീരുമാനം ലംഘിക്കൽ
* പരീക്ഷാജോലികളിലെ വീഴ്ച
* പി.എസ്.സി. ഏൽപ്പിച്ച ചോദ്യപ്പേപ്പർ തയ്യാറെടുപ്പിലെ വീഴ്ച.
മറുനാടന് മലയാളി ബ്യൂറോ