പത്തനംതിട്ട: യുഡിഎഫിൽ നിന്ന് മറുകണ്ടം ചാടിയ വനിതാ അംഗത്തെ പ്രസിഡന്റാക്കി കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചു. കോൺഗ്രസിൽ തനിക്ക് കിട്ടാതെ പോയത് എൽഡിഎഫനൊപ്പം ചേർന്ന് തിരിച്ചു പിടിച്ചിരിക്കുകയാണ് ജിജി സജി.

കോന്നി ബ്ലോക്ക് ഭരണം പോയതോടെ അടൂർ പ്രകാശിന്റെ അപ്രമാദിത്വത്തിന് ഒരിക്കൽ കൂടി തിരിച്ചടിയേറ്റു. യുവ എംഎൽഎ കെയു ജനീഷ്‌കുമാറിന് ഗ്ലാമർ വർധിക്കുകയും ചെയ്തു. അധികാരത്തിലേറി ആറു മാസം തികഞ്ഞതിന് പിന്നാലെ യുഡിഎഫിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ അവിശ്വാസത്തിലൂടെ പുറത്താക്കിയത് ജിജി സജിയുടെ സഹായത്തോടെയായിരുന്നു.

വരണാധികാരിയായ കോന്നി ഡിഎഫ്ഓ ശ്യാം മോഹൻലാലിന്റെ ചുമതലയിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഎം ഏരിയാ കമ്മിറ്റി അംഗം വർഗീസ് ബേബിയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി ജിജി സജിയുടെ പേര് നിർദ്ദേശിച്ചത്. മറ്റൊരു ഏരിയാ കമ്മിറ്റിയംഗം തുളസീമണിയമ്മ പിന്താങ്ങി. യുഡിഎഫ് പക്ഷത്തു നിന്നും മുൻ പ്രസിഡന്റ് എംവി അമ്പിളിയുടെ പേരാണ് വന്നത്.

വോട്ടെടുപ്പിൽ ജിജി സജിക്ക് ഏഴും അമ്പിളിക്ക് ആറും വോട്ട് ലഭിച്ചു. ആകെ 13 അംഗങ്ങളാണുള്ളത്. കോവിഡ് ബാധയെ തുടർന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന എൽഡിഎഫിലെ കൈപ്പട്ടൂർ ഡിവിഷൻ അംഗം നീതു ചാർളി പ്രത്യേകം തയാറാക്കിയ മുറിയിൽ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്ത് മടങ്ങി. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ജിജി സജിയെ തന്നെ എൽഡിഎഫ് പ്രസിഡന്റാക്കാൻ തീരുമാനിച്ചത്.

ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. സിപിഎമ്മിലെ തുളസീ മണിയമ്മയെ പ്രസിഡന്റാക്കുമെന്നാണ് കരുതിയിരുന്നത്. അവസാന നിമിഷം ഉണ്ടായ ജിജിയുടെ സ്ഥാനാർത്ഥിത്വം ഏവരെയും അമ്പരപ്പിച്ചു. മറ്റൊരു ലക്ഷ്യത്തോടെയാണ് ജിജിക്ക് സിപിഎം പ്രസിഡന്റ് സ്ഥാനം നൽകിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന പരാതി പ്രകാരം ജിജി സജി അയോഗ്യയാകാൻ സാധ്യതയുണ്ട്.

ഇങ്ങനെ വന്നാൽ സിപിഎമ്മിന് ഉണ്ടാകുന്ന നാണക്കേട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ജിജിയെ തന്നെ പ്രസിഡന്റാക്കിയത്. ജിജിക്ക് അയോഗ്യത ലഭിച്ചാൽ അവർ പ്രതിനിധീകരിച്ചിരുന്ന ഇളകൊള്ളൂർ ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും. അപ്പോൾ വിജയിച്ച് ഭൂരിപക്ഷം നേടി ഭരിക്കാൻ കഴിയുമെന്നാണ് സിപിഎം കണക്കു കൂട്ടുന്നത്. ഇതേ പ്രതീക്ഷയിലാണ് യുഡിഎഫും. ഉപതെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിഞ്ഞാൽ ഭരണം തിരികെ പിടിക്കാമെന്ന ആത്മവിശ്വാസവും അവർക്കുണ്ട്.