- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആയിരങ്ങൾ കുടുങ്ങിക്കിടക്കുമ്പോൾ ഈ 31 ന് തന്നെ പട്ടാളപിന്മാറ്റമെന്ന് പ്രഖ്യാപിച്ച് ജോ ബൈഡൻ; ചതിക്കരുതെന്ന് ജി 7 രാജ്യങ്ങൾ; താലിബാൻ സേനയാൽ വലയപ്പെട്ട 20 അംഗ ബ്രിട്ടീഷ് പട്ടാളസംഘത്തെ രക്ഷപ്പെടുത്തിയത് മരുഭൂമിയിൽ നടന്ന അപൂർവ ഓപ്പറേഷനിലൂടെ
കാബൂൾ: എടുത്ത തീരുമാനം മഹാ വിഢിത്തമെന്ന് ലോകമൊന്നാകെ പറയുമ്പോഴും അതിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. നേരത്തേ തീരുമാനിച്ചതുപോലെ ഓഗസ്റ്റ് 31 ന് തന്നെ അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ പട്ടാളം പൂർണ്ണമായി പിൻവാങ്ങുമെന്ന് ജോ ബൈഡൻ വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുവാനുള്ള ഉദ്യമം രണ്ടു ദിവസത്തിനുള്ളിൽ നിർത്തേണ്ടിവരുമെന്ന ആശങ്കയും ഉയർന്നിരിക്കുകയാണ്. അമേരിക്കൻ തീരുമാനം മാറ്റുവാനും, സൈന്യത്തെ പിൻവലിക്കുന്നത് നീട്ടുവാൻ അമേരിക്കയേ പ്രേരിപ്പിക്കുവാനും ലോകരാജ്യങ്ങൾ ഒന്നായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനായി ലോകനേതാക്കളുടെ ഒരു വെർച്വൽ യോഗം ബ്രിട്ടീഷ് പ്രധാനമന്ത്രി നാളെ വിളിച്ചു ചേർത്തിട്ടുണ്ട്. എന്നാൽ, ഈ ആവശ്യത്തിന് അമേരിഃക്ക വഴങ്ങുകയില്ലെന്നാണ് ഇതുവരെ പുറത്തുവരുന്ന സൂചനകൾ. ആറായിരത്തോളം ബ്രിട്ടീഷ് പൗരന്മാരെയും വിവിധ വകുപ്പുകളീൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരന്മാരേയും ബ്രിട്ടനിൽ എത്തിച്ചുകഴിഞ്ഞിട്ടുണ്ട്. ഈയാഴ്ച്ച ഇനിയൊരു 6000 പേരെക്കൂടി എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, അതിന് കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്കൻ നിയന്ത്രണത്തിൽ ആയിരിക്കേണ്ടതുണ്ട്.
അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ താലിബാന്റെ ആത്മഹത്യാ സ്ക്വാഡുകൾ എണ്ണത്തിൽ കുറവുള്ള ബ്രിട്ടീഷ് സൈനികർക്ക് നേരേ അക്രമം അഴിച്ചുവിട്ടേക്കും എന്ന ഭയവും ഉണ്ട്. അതുകൊണ്ടു തന്നെയാണ് സാഹചര്യത്തിനനുസരിച്ച് ലോകജനത ഉണർന്ന് പ്രവർത്തിക്കണമെന്നും അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കണമെന്നും ഇന്നലെയും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടത്. എന്നാൽ, നേരത്തേ പ്രഖ്യാപിച്ചതുപോലെ ഓഗസ്റ്റ് 31 ന് തന്നെ സൈന്യത്തെ പിൻവലിക്കാനാവുമെന്ന് തന്ന് പ്രത്യാശിക്കുന്നതായി ഇന്നലെ ബൈഡൻ വ്യക്തമാക്കി. എന്നാൽ, അഫ്ഗാൻ വിട്ട് അമേരിക്കയിൽ എത്താൻ ആഗ്രഹിക്കുന്ന ഓരോ പൗരനേയും അതിനു മുൻപായി അമേരിക്കയിൽ എത്തിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയത് അല്പം ആശ്വാസത്തിന് വക നൽകുന്നതാണ്.
ജി 7 രാഷ്ട്രങ്ങളുടെ യോഗത്തിലും ഈ ആവശ്യം ബോറിസ് ജോൺസൺ ഉന്നയിക്കുമെന്ന് അറിയുന്നു. പാശ്ചാത്യ സഖ്യരാജ്യങ്ങളെ ആശങ്കയിലാഴ്ത്തരുതെന്ന് കഴിഞ്ഞ ദിവസവും ബ്രിട്ടൻ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അങ്ങനെയൊരു ചർച്ച നടന്നാൽ, അപ്പോൾ അമേരിക്കയ്ക്ക് എന്തു ചെയ്യാനാകുമെന്ന് അവരെ ബോദ്ധ്യപ്പെടുത്തുമെന്നാണ് ഇതുസംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായി ബൈഡൻ പറഞ്ഞത്. ഓഗസ്റ്റ് 31 ന് തന്നെ അമേരിക്കൻ സൈന്യം പിൻവലിയുകയാണെന്ന് ഉറപ്പായാൽ, ഓഗസ്റ്റ് 25 വരെ മാത്രമേ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകാനാകൂ എന്നതാണ് ബ്രിട്ടീഷ് സൈന്യത്തിന്റെ നിലപാട്.
അതിനിടയിൽ കാൻണ്ഡഹാറിലെ മരുപ്രദേശത്ത്താലിബാൻ സൈന്യം വളഞ്ഞുവച്ച ബ്രിട്ടീഷ് സൈനികരെ അതിവിദഗ്ദമായ ഒരു ഓപ്പറേഷനിലൂടെ രക്ഷിച്ചതായ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഏകദേശം ഇരുപതോളം വരുന്ന സൈനികരാണ് പ്രധാന കൂട്ടത്തിൽ നിന്നും വിട്ടുമാറിയപ്പോൾ ഭീകരാൽ പിടിക്കപ്പെട്ടത്. ശത്രുക്കൾ വളഞ്ഞതോടെ ബ്രിട്ടീഷ് സൈനിക ആസ്ഥാനത്തേക്ക് ഇവർ വിവരം കൈമാറുകയായിരുന്നു.
അഫ്ഗാനിൽ പാശ്ചാത്യ ശക്തികളുടെ സൈനിക നടപടികൾ നടക്കുന്ന സമയത്ത് നിരവധി സൈനികർ താവളമടിച്ചിരുന്ന കാണ്ഡഹാർ വിമാനത്താവളം പക്ഷെ ഇപ്പോൾ ഭീകരരുടെ നിയന്ത്രണത്തിൻ കീഴിലായതിനാൽ ഉപയോഗിക്കാൻ ആകുമായിരുന്നില്ല്. അതിനാൽ ഇവർ തൊട്ടടുത്തെ ഒരു മരുപ്രദേശത്തെ രഹസ്യ കേന്ദ്രത്തിലേക്ക് ഒഴിഞ്ഞു മാറി. തങ്ങൾ ഇരിക്കുന്ന സ്ഥലം രഹസ്യകോഡുകളിലൂടെ സൈനികാസ്ഥാനത്തേക്ക് കൈമാറി.
തുടർന്ന് മരുഭൂമിയിൽ ഇറക്കാൻ ഉതകുന്ന തരത്തിലുള്ള യു കെ ഹെർക്കുലീസ് എന്ന ചരക്ക് വിമാനം ഉപയോഗിക്കുവാൻ റോയൽ എയർഫോഴ്സ് തീരുമാനിച്ചു. റഡാറിൽ പതിച്ചാൽ തന്നെ തിരിച്ചറിയാനുതകുന്ന ചിഹ്നങ്ങൾ എല്ലാം തന്നെ വിമാനത്തിൽ നിന്നും നീക്കം ചെയ്തശേഷമായിരുന്നു ഓപ്പറേഷൻ ആരംഭിച്ചത്. പിന്നീട്, നൈറ്റ് വിഷൻ കണ്ണടകൾ ധരിച്ച സൈനികർ അർദ്ധരാത്രി മരുഭൂമിയിൽ അതിവിദഗ്ദമായി ഇ9റങ്ങി. ബ്രിട്ടീഷ് സൈനികരെ അവരുടെ രഹസ്യ താവളത്തിൽനിന്നും രക്ഷപ്പെടുത്തി അവരുമായി തിരിച്ചു പറക്കുകയും ചെയ്തു.
മറുനാടന് ഡെസ്ക്