- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് സിറിയക് ജോസഫ് അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു; പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധു കൂടിയാണ് സിറിയക് ജോസഫ്; അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പല തവണ ശ്രമിച്ചത് ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പദവിയിലിരിക്കേ; ഗുരുതര ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ
കോട്ടയം: അഭയ കേസിൽ റിട്ട. ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ. കൊലക്കേസിന്റെ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്നാണ് ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിക്കുന്നത്. കേസിലെ പ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികൾക്ക് വേണ്ടി ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പല തവണ ശ്രമിച്ചത്. അഭയ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നുവെന്നും ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.
കോട്ടയം അരീക്കര അയിക്കരകുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27-നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിധി കേൾക്കാൻ തോമസും ലീലാമ്മയും ജീവിച്ചിരിപ്പിച്ചില്ല. ഇരുവുരം നാലു വർഷം മുൻപ് മരിച്ചു.
സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ നിലപാട്. ഇതിനെതിരെ 1992 മാർച്ച് 31ന് ആക്ഷൻ കൗൺസിൽ രൂപം കൊണ്ടത്. കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.സി. ചെറിയാൻ മടുക്കാനി പ്രസിഡന്റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി രൂപീകരിച്ച ആക്ഷൻ കൗൺസിൽ സെിസ്റ്റർ അഭയയുടെ മരണത്തിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയത്ത് നിരവധി സമരങ്ങൾ നടത്തി.
17 ദിവസം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിൽനിന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നായിരുന്നു പത്തു മാസത്തോളം ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ. അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് 1993 ജനുവരി 30- ന് കോട്ടയം ആർ.ഡി.ഒ കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. ഇതേത്തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കലും ആക്ഷൻ കൗൺസിലും സംസ്ഥാന സർക്കാരിനെ സമീപിക്കുകയായിരുന്നു.
1993 ഏപ്രിൽ 30-നാണു സിബിഐ കേസ് ഏറ്റെടുത്തത്. ഡിവൈ.എസ്പി. വർഗീസ് പി.തോമസിനായിരുന്നു അന്വേഷണച്ചുമതല. ഇദ്ദേഹം വിരമിക്കാൻ ഏതാനും വർഷം മാത്രം ബാക്കിനിൽക്കെ സർവീസിൽനിന്നു രാജിവച്ചു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ, അഭയയുടെ മരണം ആത്മഹത്യയാണെന്ന റിപ്പോർട്ട് നൽകാൻ എസ്പി. വി. ത്യാഗരാജൻ സമ്മർദം ചെലുത്തിയെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ വൻ കോളിളക്കം സൃഷ്ടിച്ചു.
കേസിന്റെ മേൽനോട്ടച്ചുമതലയിൽനിന്ന് ത്യാഗരാജനെ നീക്കണമെന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ 1994 മാർച്ച് 17-ന് ഹൈക്കോടതിയെ സമീപിച്ചു. ഇതിനു പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് ജോമോൻ പുത്തൻ പുരയ്ക്കൽ, എംപിമാരായ ഒ.രാജഗോപാൽ, ഇ.ബാലാനന്ദൻ, പി.സി.തോമസ് എന്നിവർ സിബിഐ ഡയറക്ടർ കെ. വിജയരാമറാവുവിനെ കണ്ടു. തുടർന്ന് 1994 ജൂൺ രണ്ടിനു വി. ത്യാഗരാജനെ കേസിന്റെ മേൽനോട്ടത്തിൽനിന്ന് നീക്കുകയും എം.എൽ ശർമയുടെ നേത്യത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു. വി. ത്യാഗരാജനെ ചെന്നെയിലേക്കു സ്ഥലം മാറ്റി.
2007 മേയിലാണു കേസിൽ മറ്റൊരു വഴിത്തിരിവുണ്ടാകുന്നത്. ജോമോൻ പുത്തൻ പുരയ്ക്കൽ വീണ്ടും നൽകിയ പരാതിയിൽ സിബിഐ ഡൽഹി ക്രൈം യൂണിറ്റ് എസ്പി ആർ.എം.കൃഷ്ണയുടെയും ഡി.വൈ.എസ്പി ആർ.കെ.അഗർവാളിന്റെയും നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തുവാൻ സിബിഐ ഡയറക്ടർ വിജയശങ്കരൻ ഉത്തരവിട്ടു. ഈ സംഘം പതികളെ ബെംഗളുരുവിൽ കൊണ്ടുപോയി ഗ്ലൂരിൽ നാർകോ അനാലിസിസ് പരിശോധനയ്ക്കു വിധേയമാക്കി. ഇതിന്റെ ഫലം ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിലായിരുന്നു ഈ ഉത്തരവ്.
2008 നവംബർ ഒന്നിന് സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുത്തു. ഡിവൈ.എസ്പി നന്ദകുമാർ നായരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ഈ സംഘം നവംബർ 18-നു ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ 2009 ജൂലായ് 17-ന് കുറ്റപത്രം നൽകി. മൂന്നു പ്രതികളും 2011 മാർച്ച് 16-ന് വിടുതൽ ഹർജി നൽകി.
ഈ ഹർജി സിബിഐ കോടതി പരിഗണിക്കുമ്പോൾ പ്രതികൾ വിവിധ കാരണങ്ങൾ പറഞ്ഞു വാദം നെീട്ടിക്കൊണ്ടുപോയത് ഒൻപത് വർഷത്തോളമാണ്. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് 2018 മാർച്ച് ഏഴിനു തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെവിടാൻ കോടതി ഉത്തരവിട്ടു. ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെവിട്ടതിനെതിരേ ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നെങ്കിലും തള്ളിപ്പോയി. പ്രോസിക്യൂഷനാണ് അപ്പീൽ നൽകേണ്ടതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ ഉത്തരവ്.
ഇതിനിടെ, കേസിൽ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്പി. ആയിരുന്ന കെ.ടി. മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ തുടരന്വേഷണം നടത്താൻ സിബിഐയോട് ഹൈക്കോടതി 2014 മാർച്ച് 19 ന് ഉത്തരവിടുകയും ചെയ്തു.
കേസിൽ തുടക്കം മുതൽ ഇന്ന് വിധിവന്നതു വരെ ഒരേ ഊർജത്തോടെ പോരാടിയ വ്യക്തിയാണ് ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോമോൻ പുത്തൻ പുരയ്ക്കൽ. ഇതിനിടെ സഭയുടെ ഭാഗത്തുനിന്ന് പല തവണ അപവാദപ്രചരണവും സമ്മർദവും ഭീഷണിയും നേരിട്ടെങ്കിലും ജോമോൻ പിന്നോട്ടുപോയില്ല. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ തന്നെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് ജോമോൻ വിചാരണയ്ക്കിടെ തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 1993 ഡിസംബറിൽ കോട്ടയത്ത് പൊതുയോഗം നടക്കുന്നതിനിടെ ''അഭയ കേസുമായി മുന്നോട്ടുപോയാൽ നിന്നെ ശരിയാക്കുമെന്നും സഭയ്ക്കെതിരെ കളിച്ചവരാരും രക്ഷപെട്ടിട്ടില്ല'' എന്നും ഫാ. തോമസ് കോട്ടൂർ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജോമോൻ പുത്തൻപുരയ്ക്കലിന്റെ മൊഴി.
മറുനാടന് മലയാളി ബ്യൂറോ