- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചനത്തിന് ശേഷം പുനർവിവാഹത്തിന് പോലും സമ്മതിക്കുന്നില്ല; മുന്നണിയിൽ നിന്ന് ഒരിക്കൽ പുറത്താക്കിയവരെ വീണ്ടും പുറത്താക്കുകയെന്ന നടപടി ലോക ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കും; യുഡിഎഫിനെതിരെ ജോസ് വിഭാഗം
തിരുവനന്തപുരം: മുന്നണിയിൽ നിന്ന് ഒരിക്കൽ പുറത്താക്കിയവരെ വീണ്ടും പുറത്താക്കുകയെന്ന നടപടി ലോക ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കുമെന്ന് കേരളാ കോൺഗ്രസ്. അവിശ്വാസ പ്രമേയ ചർച്ച മുതൽ വോട്ടെടുപ്പ് വരെ വിട്ടുനിൽക്കാനുള്ള വിപ്പ് പാർട്ടി നല്കിയിട്ടുണ്ടെന്ന് കേരളാ കോൺഗ്രസ് എം നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടു നിൽക്കാനുള്ള വിപ്പും നൽകിയിട്ടുണ്ട്. ആ വിപ്പ് പാലിക്കപ്പെടാതിരുന്നാൽ അംഗങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ താൻ നിർബന്ധിതനാകുമെന്നും റോഷി പറഞ്ഞു. വിവാഹമോചനത്തിന് ശേഷം പുനർവിവാഹത്തിന് പോലും സമ്മതിക്കുന്നില്ല എന്ന തരത്തിലുള്ള അവസ്ഥയാണ് ഇപ്പോഴത്തേത് എന്ന് യുഡിഎഫ് നിലപാടിനെ പരിഹസിച്ച് എൻ ജയരാജ് എംഎൽഎ അഭിപ്രായപ്പെട്ടു.
വിപ്പ് ലംഘിച്ചാൽ നടപടി എന്നത് നടപടിക്രമത്തിന്റെ ഭാഗമാണ്. അതുകൊണ്ട് നടപടി ഉണ്ടാകും നടപടി ഉണ്ടാകും എന്ന് പി ജെ ജോസഫ് ഇടയ്ക്കിടെ ഓർമ്മിപ്പിക്കേണ്ടതില്ല. ആ നടപടി ആർക്കെതിരെ എന്നതിൽ തർക്കമില്ല. തങ്ങളുടെ കയ്യിൽ രേഖയുണ്ട്. 2016ൽ കെ എം മാണി ലീഡറായും പി ജെ ജോസഫ് ഡെപ്യൂട്ടി ലീഡറായും മോൻസ് ജോസഫ് സെക്രട്ടറിയും റോഷി അഗസ്റ്റിൻ വിപ്പും ആയി തെരഞ്ഞെടുക്കപ്പെട്ട് നിയമസഭാ സ്പീക്കർക്ക് നൽകിയതിനപ്പുറത്തേക്ക് ഒരു രേഖയും നിലവിൽ നിലനിൽക്കുന്നില്ല.
ഈ സാഹചര്യത്തിൽ പാർട്ടി തീരുമാനമെന്ന നിലയിൽ എന്റെ വിപ്പ് അംഗീകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് പോകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇപ്പോഴെന്തിനാണ് നീതിയുടെയും ധാർമ്മികതയുടെയും പ്രശ്നം ഉയർത്തുന്നത്. ഞങ്ങളൊരു തെറ്റും ചെയ്യാതെ ഇരുന്നതല്ലേ. മുന്നണി കീഴ്വഴക്കം പാലിക്കാത്ത സാഹചര്യം ഉണ്ടായിട്ടില്ല. ഞങ്ങളെ മുന്നണിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഈ നീതിയും ധാർമ്മികതയും കണ്ടില്ലല്ലോ. റോഷി അഗസ്റ്റിൻ പറഞ്ഞു.
വിപ്പ് സംബന്ധിച്ച് സംശയിക്കേണ്ട കാര്യമൊന്നുമില്ലെന്ന് എൻ ജയരാജ് പറഞ്ഞു. നിയമസഭയുടെ വൈബ്സൈറ്റിൽ കേരളാ കോൺഗ്രസിന്റെ വിപ്പ് റോഷി അഗസ്റ്റിൻ ആണ്. യുഡിഎഫ് നൽകിയ വിപ്പ് സംബന്ധിച്ചാണെങ്കിൽ തങ്ങൾ യുഡിഎഫിന്റെ എംഎൽഎമാർ അല്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ എന്നും ജയരാജ് പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ