കോട്ടയം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണി തന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകും. ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാതിരിക്കാൻ സഭയിലെ ഒരു വിഭാഗം നടത്തിയ നീക്കങ്ങൾ പൊളിഞ്ഞു. ജോസ് കെ മാണി സ്ഥാനാർത്ഥിയായില്ലെങ്കിൽ രാജ്യസഭാ സീറ്റിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന സിപിഎം നിലപാടാണ് നിർണ്ണായകമായത്. ദീപികയുടെ ഡൽഹി ലേഖകനായ ജോർജ് കള്ളിവയലിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനായിരുന്നു ചിലരുടെ ശ്രമം. എന്നാൽ കേരള കോൺഗ്രസിന് നൽകുന്ന സീറ്റിൽ ജോസ് കെ മാണി മതിയെന്ന് സിപിഎം നിലപാട് എടുത്തതോടെ അത് പൊളിഞ്ഞു.

കത്തോലിക്ക സഭയുടെ പ്രത്യേകിച്ച് പാലാ രൂപതയുടെ താൽപര്യവും കേരള കോൺഗ്രസിന്റെ സഹയാത്രകനായി അറിയപ്പെടുന്ന ജോർജ് കള്ളിവയലിനെ രാജ്യസഭയിലേക്ക് എത്തിക്കുമെന്ന സൂചനകളുണ്ടായിരുന്നു. രാഷ്ട്രീയ വ്യത്യാസം മറന്ന് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളുമായുള്ള സൗഹൃദങ്ങളും രാജ്യാന്തര ബന്ധങ്ങളുമാണ് ജോർജ് കള്ളിവയലിന് ഉണ്ട്. ഇത് സഭയ്ക്ക് കൂടി അനുകൂലമാക്കാനായിരുന്നു ശ്രമം. പാലായിലെ അതിപുരാതന കുടുംബാംഗമായ കള്ളിവയലിന് വേണ്ടി ദീർഘകാലമായി ചരടുവലികൾ നടക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് സിപിഎം ഇടപെട്ടത്. സഭയുമായി നേരിട്ട് ഏറ്റുമുട്ടാൻ ജോസ് കെ മാണിക്ക് കഴിയില്ല. ഇതു മനസ്സിലാക്കിയാണ് ജോസ് കെ മാണിയെ വെട്ടാനുള്ള നീക്കം നടന്നത്.

കേരളാ കോൺഗ്രസ് എം, യുഡിഎഫിൽ നിന്ന് ഇടതുപക്ഷത്തേക്ക് ചുവടുമാറ്റിയപ്പോഴാണ് ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജിവച്ചത്. അന്ന് തന്നെ ജോർജ് കള്ളിവയലിനെ സ്ഥാനാർത്ഥിയായി രാജ്യസഭയിൽ അവതരിപ്പിക്കാനുള്ള നീക്കം നടന്നു. പാലായിൽ ജോസ് കെ മാണി ജയിക്കുമെന്ന വിലയിരുത്തലിലായിരുന്നു അത്. എന്നാൽ പാലായിൽ ജോസ് കെ മാണി തോറ്റു. ഇതോടെ കെ എം മാണിയുടെ മകന് പദവികളില്ലാതെയായി. മാർപ്പാപ്പ കേരളത്തിൽ എത്താനുള്ള സാഹചര്യത്തിൽ പദവി ജോസ് കെ മാണിക്കും നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസ് കെ മാണിയും ആഗ്രഹിച്ചിരുന്നു. എന്നാൽ സഭയെ എതിർക്കാൻ കഴിയാത്ത സാഹചര്യം.

കൈസ്തവ മേഖലകളിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കാൻ പ്രത്യേകിച്ച് ജോസ് കെ മാണിയുടെ വരവോടെ ഇടതുമുന്നണിയുടെ അടിത്തറ മധ്യകേരളത്തിൽ കൂടുതൽ ശക്തമായെന്ന വിലയിരുത്തലാണ് സി പി എം കോട്ടയം ജില്ലാ കമ്മറ്റി. ഈ സാഹചര്യത്തിൽ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ താൽപര്യങ്ങൾക്ക് അപ്പുറം ജോസ് കെ മാണിക്ക് കരുത്ത് പകരാനാണ് സിപിഎം തീരുമാനം. ജോസ് കെ മാണിയെ രാജ്യസഭയിൽ എത്തിച്ച് ഇടതുപക്ഷ ശബ്ദത്തിന് കരുത്തുപകരാനാണ് ശ്രമം.

ജോസ് കെ മാണിയില്ലെങ്കിൽ സീറ്റ് നൽകില്ലെന്ന് സിപിഎം ബന്ധപ്പെട്ട കേന്ദ്രങ്ങളെ എല്ലാം അറിയിച്ചിട്ടുണ്ട്. ദീപിക ഡൽഹി ലേഖകന് സീറ്റ് നൽകണമെന്ന സഭയുടെ പിടിവാശിയിൽ കേരളാ കോൺഗ്രസിലെ വിലയൊരു വിഭാഗം പാർട്ടി നേതാക്കൾക്കും എതിർപ്പാണുള്ളത്. പോപ്പ് കോട്ടയത്തെത്തുമ്പോൾ ജോസ് കെ മാണി സ്‌റ്റേജിൽ വേണം. സ്‌റ്റേജിൽ എത്തിയില്ലെങ്കിൽ അത് കേരളാ കോൺഗ്രസിന് നാണക്കേടെന്ന് അണികൾ തിരിച്ചറിയുന്നു. നിലവിൽ പദവിയില്ലാത്തതിനാൽ പാലായിലും ജോസ് കെ മാണിക്ക് വേദികൾ ഇല്ലാതാവുന്നു. ഇതെല്ലാം സിപിഎമ്മും മനസ്സിലാക്കിയാണ് നിലപാട് എടുത്തത്.

അധികാര മോഹിയെന്ന പേരുദോഷം ഭയന്ന് സഭയെ പിണക്കാതിരിക്കാൻ മാറി നിൽക്കാൻ ജോസ് കെ മാണി ശ്രമിച്ചെങ്കിലും രാജ്യസഭയിലേക്ക് മാണിയുടെ മകൻ മതിയെന്ന സിപിഎം നിലപാട് നിർണ്ണായകമായി. രാജ്യസഭാ സീറ്റീലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 29നാണ്. വോട്ടെണ്ണലും അതേദിവസം നടക്കും. നവംബർ 9ന് വിജ്ഞാപനമിറങ്ങും. 16ന് നാമനിർദ്ദേശ പത്രികാ സമർപണം. സീറ്റ് കേരള കോൺഗ്രസിനുതന്നെയെന്ന് എൽഡിഎഫ് ധാരണ. ഇതു മനസ്സിലാക്കിയാണ് ജോർജ് കള്ളിവയലിന് വേണ്ടി ഒരുകൂട്ടർ രംഗത്തു വന്നത്.

ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എംഎ‍ൽഎമാരായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ. മാണി രാജിവച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് മുന്നോടിയായായിരുന്നു ജോസ്? കെ. മാണിയുടെ രാജി. 2018 ജൂണിലാണ് യു.ഡി.എഫിന്റെ രാജ്യസഭ അംഗമായി ജോസ് കെ. മാണി തെരഞ്ഞെടുക്കപ്പെട്ടത്. ബാർ കോഴ കേസിൽ യു.ഡി.എഫുമായി തെറ്റിയ കെ.എം. മാണിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരള കോൺഗ്രസിന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് നൽകിയത്. യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് എൽ.ഡി.എഫിന്റെ ഭാഗമായ ജോസ് കെ. മാണി എംപി സ്ഥാനം രാജിവെക്കാത്തതിൽ കോൺഗ്രസ് കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു രാജി.