- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാക്കൾ എന്തുകൊണ്ട് ഇവരെ കാണാതെ പോയി; അർണബിന് വേണ്ടി വാദിക്കുന്നവരോട് മുമ്പ് അറസ്റ്റിലായ മാധ്യമ പ്രവർത്തകരുടെ കാര്യം ഓർമ്മിപ്പിച്ച് വിമർശകർ
റിപബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫും എം.ഡിയുമായ അർണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിനെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വരെ മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി. എന്നാൽ ഇതിന് മുമ്പ് ബിജെപി സർക്കാരുകൾ പല ഘട്ടങ്ങളിലായി നിരവധി മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സമയങ്ങളിൽ ഈ നേതാക്കൾ എന്തുകൊണ്ട് മൗനം പാലിച്ചു എന്ന ചോദ്യം രാജ്യത്തെ മാധ്യമ പ്രവർത്തകരുടെ ഇടയിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഉയരുകയാണ്.
അർണബിനെതിരെ നടന്നിരിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും മഹാരാഷ്ട്രാ സർക്കാർ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറുകയാണെന്നും പറഞ്ഞ് കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രകാശ് ജാവദേക്കറും സ്മൃതി ഇറാനിയും സംഭവത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവർക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നത്.
അർണബിന് വേണ്ടി തൊണ്ടപൊട്ടി വാദിക്കുന്ന കേന്ദ്രമന്ത്രിമാർ, ബിജെപി സർക്കാരുകൾ നിരവധി മാധ്യമപ്രവർത്തകരെ ഒരുകാരണവുമില്ലാതെ അറസ്റ്റ് ചെയ്തപ്പോൽ എന്തുകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ രംഗത്തെത്തിയില്ല എന്നാണ് ഇവർക്കെതിരെ ഉയർന്നുവരുന്ന ചോദ്യം. അടുത്തിടെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി നിരവധി മാധ്യമപ്രവർത്തകരെയാണ് ബിജെപി സർക്കാർ അറസ്റ്റ് ചെയ്തിട്ടുള്ളത്.
അടുത്തിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകർ
1. സിദ്ദിഖ് കാപ്പൻ
ഹാത്രാസിൽ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴാണ് അഴിമുഖം. കോമിലെ റിപ്പോർട്ടറായ സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ അഞ്ചിനായിരുന്നു കാപ്പന്റെ അറസ്റ്റ്. സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു.എ.പി.എയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
2. കിഷോർ ചന്ദ്ര വാങ്ഖൈം
ബിജെപി നേതാവിന്റെ ഭാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിച്ചതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി മണിപ്പൂരി മാധ്യമപ്രവർത്തകനായ വാങ്ഖെയെ ഈ വർഷം ഒക്ടോബറിൽ അറസ്റ്റ് ചെയ്തത്. ഇത് രണ്ടാം തവണയാണ് വാങ്ഖൈം റസ്റ്റിലാകുന്നത്. 2018 ലും ആർഎസ്എസ്, മുഖ്യമന്ത്രി എൻ. ബിരേൻ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരെ അഭിപ്രായം പറഞ്ഞതിന് ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 2019 ൽ ഹൈക്കോടതി അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ റദ്ദാക്കിയിരുന്നു
3. പ്രശാന്ത് കനോജിയ
സ്വതന്ത്ര മാധ്യമപ്രവർത്തകനായ കനോജിയയെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ടുതവണ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് തവണയും അദ്ദേഹത്തിന്റെ ട്വീറ്റുകളുടെ പേരിൽ സർക്കാർ ‘രാജ്യദ്രോഹം' കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് കേസുകളിലും കോടതി അദ്ദേഹത്തെ വിട്ടയക്കാൻ ഉത്തരവിട്ടു.
4. രാജിബ് ശർമ്മ
ജില്ലാ വനം ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 2020 ജൂലൈ 16 നാണ് അസമീസ് ജേണലിസ്റ്റും ഡി.വൈ 365 ന്റെ ലേഖകനുമായ ശർമ്മയെ അറസ്റ്റ് ചെയ്തത്. കന്നുകാലി കള്ളക്കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ബന്ധത്തെക്കുറിച്ച് ശർമ്മ അന്വേഷിക്കുകയായിരുന്നു. ശർമ്മയുടെ അറസ്റ്റിന് പിന്നാലെ വിമർശനങ്ങൾ ഉയർന്നതോടെ മാധ്യമപ്രവർത്തകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു.
5. ധവാൽ പട്ടേൽ
ഗുജറാത്തിയിലെ ഒരു ന്യൂസ് പോർട്ടലിന്റെ എഡിറ്ററായ ധവാൽ പട്ടേലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി മെയ് ആദ്യം അറസ്റ്റ് ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെക്കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ആഴ്ചകൾക്ക് ശേഷം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
6. നരേഷ് ഖോഹാൽ
ഹരിയാനയിലെ ഒരു ഹിന്ദി ദിനപത്രത്തിന്റെ ഫോട്ടോ ജേർണലിസ്റ്റായ ഖോഹൽ മെയ് 7 ന് അയൽവാസികൾ കല്ലെറിഞ്ഞ വിവരം പ്രാദേശിക പൊലീസിനെ അറിയിച്ചതിന് പിന്നാലെയാണ് അറസ്റ്റിലായത്. ശല്യമുണ്ടാക്കിയെന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു എന്നും ആരോപിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനുശേഷം, സർക്കാർ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ അറസ്റ്റ് ഉചിതമല്ല എന്ന് കണ്ടെത്തി.
7. രാഹുൽ കുൽക്കർണി
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനും പ്രമുഖ മറാത്തി വാർത്താ ചാനലായ എ.ബി.പി മജ്ഹയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമായ കുൽക്കർണിയെ ഏപ്രിലിലാണ് അറസ്റ്റുചെയതത്. കുടിയേറ്റ തൊഴിലാളികൾക്കായുള്ള പാസഞ്ചർ ട്രെയിനിനെക്കുറിച്ച് ‘വ്യാജ വാർത്ത' പ്രചരിപ്പിച്ചെന്നും ഇദ്ദേഹത്തിന്റെ വാർത്ത കാരണം ബാന്ദ്ര സ്റ്റേഷനിൽ ആളുകൾ തടിച്ചുകൂടിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് നാലുമാസത്തിനുശേഷം അദ്ദേഹത്തെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി.
8. രാജീവ് ശർമ്മ
രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടുന്ന ഒരു ‘സ്പൈ റിങ്ങിന്റെ' ഭാഗമാണെന്ന് പറഞ്ഞ് സെപ്റ്റംബറിൽ ഡൽഹി പൊലീസ് സ്വതന്ത്ര മാധ്യമപ്രവർത്തകനും വിദേശ നയ കമന്റേറ്ററുമായ ശർമയെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ശർമ്മയുടെ അറസ്റ്റിനെ മാധ്യമപ്രവർത്തകരുടെ സംഘടനകൾ ചോദ്യം ചെയ്തു.
9. സെവാങ് റിഗ്സിൻ
സ്റ്റേറ്റ് ടൈംസിന്റെ ലേഖകൻ റിഗ്സിൻ സെപ്റ്റംബർ 5 നാണ് അറസ്റ്റിലായത്. ലഡാക്കിൽ നിന്നുള്ള ബിജെപി എംപിക്കെതിരെ റിഗ്സിൻ മോഡറേറ്റ് ചെയ്യുന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ ഒരാൾ പ്രസാതാവന നടത്തിയെന്നാരോപിച്ചായിരുന്നു എംപി റിഗ്സിനെതിരെ പരാതി നൽകിയത്. ഗ്രൂപ്പിൽ 34,000 അംഗങ്ങളുണ്ട്. റിഗ്സിന് അന്നുതന്നെ ജാമ്യം ലഭിക്കുകയും ചെയ്തു.
അതേസമയം, ഒക്ടോബർ മാസത്തിൽ മോദി സർക്കാരിനെതിരെ ആഗോള മാധ്യമ സംഘടന രംഗത്തെത്തിയിരുന്നു. കൊവിഡിനെ മറയാക്കി സർക്കാർ മാധ്യമപ്രവർത്തകർക്ക് മേൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തിയെന്നും പകർച്ചവ്യാധി പടർന്നതിനുശേഷം മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തുന്ന കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ സമയത്ത് 55 ഓളം മാധ്യമപ്രവർത്തകരെ സർക്കാർ ഉന്നമിട്ടിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ പ്രകാരം മാധ്യമപ്രവർത്തകർക്ക് മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിൽ വർദ്ധനവ് ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
അർണബിന് വേണ്ടി അമിത്ഷാ വരെ
അതേസമയം അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്ത് വന്നിരുന്നു. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് ഷാ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'കോൺഗ്രസും സഖ്യകക്ഷികളും കൂടി ജനാധിപത്യത്തെ നാണംകെടുത്തി. റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിക്കെതിരെ സംസ്ഥാന ഭരണകൂടം അധികാര ദുർവിനിയോഗം ചെയ്യുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങൾക്കു നേരെയുള്ള കടന്നാക്രമണമാണിത്. ഇത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു. സ്വതന്ത്രമാധ്യമങ്ങൾക്ക് നേരെയുള്ള ഈ ആക്രമണം എതിർക്കപ്പെടണം'- അമിത് ഷാ ട്വീറ്റ് ചെയ്തു.
നേരത്തെ അർണബിന്റെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകറും രംഗത്തെത്തിയിരുന്നു. അർണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ മന്ത്രി, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേകറിന്റെ പ്രതികരണം. ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.
2018ൽ ആർക്കിടെക്റ്റ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അർണബിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്റീരിയർ ഡിസൈനറായ ആൻവി നായിക്കിനെയും മാതാവ് കുമുദ് നായിക്കിനെയും 2018 മേയിലാണ് അലിബാഗിലെ അവരുടെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൻവി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സ്ഥീരികരിച്ചിരുന്നു. എന്നാൽ കുമുദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടി മരിച്ചെന്നാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ആൻവി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.
ആൻവിയുടെ ആത്മഹത്യ കുറിപ്പിൽ അർണബ് അടക്കം മൂന്നു കമ്പനികളുടെ ഉടമകൾ വലിയ തുകകൾ നൽകാനുണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു കടുത്ത തീരുമാനം എടുക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. അർണബ് ഗോസ്വാമി, ഫിറോസ് ഷെയ്ക്, നിതീഷ് സർദ എന്നിവർ യഥാക്രമം 83 ലക്ഷം, നാലു കോടി, 55 ലക്ഷം എന്നിങ്ങനെ വലിയ തുകകൾ നൽകാനുണ്ടെന്നാണ് പറയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ആൻവി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും കോൺട്രാക്ടർമാർക്ക് പണം നൽകാത്തതിന്റെ പേരിൽ നിരവധി ഭീഷണികൾ ഉണ്ടായിരുന്നെന്നും കണ്ടെത്തി. എന്നാൽ താൻ പണം മുഴുവൻ നൽകിയെന്നു പറഞ്ഞ് അർണബ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
2019ൽ ആരോപണവിധേയകർക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നു കാണിച്ച് റയിഗഡ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. തുടർന്ന് 2020 മേയിൽ അർണബ് 83 ലക്ഷം രൂപ തന്റെ പിതാവിനു നൽകാനുണ്ടെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അതിനാൽ കേസ് വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആൻവിയുടെ മകൾ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ സമീപിച്ചു. തുടർന്ന് കേസ് സിഐഡി വിഭാഗത്തെ ഏൽപ്പിക്കുകയായിരുന്നു. നിലവിൽ പൊലീസിനൊപ്പം എത്തിയ സിഐഡി സംഘമാണ് അർണബിനെ അറസ്റ്റു ചെയ്തത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചാനൽ ചർച്ചയിൽ അധിക്ഷേപിച്ചത്, സന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ സമൂഹത്തിൽ സംഘർഷത്തിനു കാരണമാകുംവിധം റിപ്പോർട്ട് ചെയ്തു തുടങ്ങിയ കേസുകളും അർണബിനെതിരെയുണ്ട്. അർണബിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതു തടഞ്ഞ ബൊംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജി നിലവിൽ സുപ്രീം കോടതിയിലാണ്. ഇതിനു പുറമേ ടിആർപി റേറ്റിങ്ങിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മുംബൈ പൊലീസുമായി അർണബ് ഇടഞ്ഞു നിൽക്കുന്നതിനിടയിലാണ് ഈ അറസ്റ്റ്.
മറുനാടന് ഡെസ്ക്