ജറുസലേം: ഇസ്രയേൽ - ഫലസ്തീൻ സംഘർഷാവസ്ഥയുടെ സുപ്രധാനമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാണിച്ച അസാമാന്യ ധൈര്യവും ആത്മസമർപ്പണവുമാണ് മാർട്ടിൻ അഡ്‌ലെർ പ്രൈസിന് മിഡിൽ ഈസ്റ്റ് ഐയ്യുടെ ഫ്രീലാൻസ് മാധ്യമപ്രവർത്തകയായ മഹ ഹുസ്സൈനിയെ അർഹമാക്കിയത്. ഉപരോധങ്ങളും അധിനിവേശവും നിറഞ്ഞുനിൽക്കുന്ന ജീവിത സാഹചര്യത്തിൽ മാധ്യമപ്രവർത്തനം മഹ ഹുസ്സൈനിക്ക് വെറുമൊരു തൊഴിലല്ല. മറിച്ച് വ്യവസ്ഥാപിതമായി അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ശബ്ദമായി മാറുകയാണ് അവർ.

''സംഘർഷ ഭൂമികളുടെ മാധ്യമപ്രവർത്തകനെന്ന്'' ലോകം അടയാളപ്പെടുത്തിയ പ്രശസ്ത സ്വീഡിഷ് കാമറമാനും ജേർണലിസ്റ്റുമായ മാർട്ടിൻ അഡ്‌ലെറുടെ സ്മരണയ്ക്ക് കഴിഞ്ഞ 2006 മുതൽ റോറി പെക്ക് ട്രസ്റ്റിന് കീഴിൽ മികച്ച ഫീൽഡ് ഫ്രീലാൻസർക്ക് നൽകിവരുന്ന പുരസ്‌കാരമാണ് മാർട്ടിൻ അഡ്‌ലെർ പ്രൈസ്.

അധിനിവേശ ഭൂമികയിലെ മാധ്യമ പത്രപ്രവർത്തനം എത്രത്തോളം ദുഷ്‌കരമെന്നതിന്റെ നേർസാക്ഷ്യമാണ് മഹ ഹുസ്സൈനിയുടെ ജീവിതം. സംഘർഷാവസ്ഥയുടെ വസ്തുതകൾ ആത്മാവ് ചോരാതെ ആവിഷ്‌കരിക്കുന്ന മാധ്യമപ്രവർത്തക''. മാർട്ടിൻ അഡ്‌ലെർ പ്രൈസ് നേടിയ മനുഷ്യാവകാശ പ്രവർത്തക കൂടിയായ മഹ ഹുസ്സൈനിയെ റോറി പെക്ക് ട്രസ്റ്റ് അടയാളപ്പെടുത്തുന്നത്.

ഫലസ്തീൻ ജനതയുടെ പോരാട്ട ചരിത്രങ്ങളും, രാഷ്ട്രീയ വിശകലനവും, സാംസ്‌കാരിക ഉള്ളടക്കങ്ങളും തേടുന്ന മഹ ഹുസ്സൈനി ഈജിപ്ത്തിലെ കെയ്‌റോയിലാണ് ജനിച്ചതെങ്കിലും, പിന്നീട് വളർന്നതും പഠിച്ചതുമെല്ലാം ഗസയിലാണ്. ഗസയിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഉന്നത പഠനം പൂർത്തിയാക്കിയ ഇവർ 2014 ലെ ഫലസ്തീൻ - ഇസ്രയേൽ സംഘർഷം റിപ്പോർട്ട് ചെയ്തുകൊണ്ടാണ് മാധ്യമപ്രവർത്തനത്തിലേക്ക് കടന്നു വന്നത്.

സംഘർഷ- അധിനിവേശ ഭൂമികളിലെ പത്രപ്രവർത്തനം എക്കാലവും സങ്കീർണ്ണതകൾ നിറഞ്ഞതാണ്. പ്രത്യേകിച്ച് ആണധികാര സാമൂഹികക്രമങ്ങളോട് കൂടി പൊരുതേണ്ടി വരുന്ന വനിതാ മാധ്യമപ്രവർത്തകർക്ക്. ഈ പ്രതിസന്ധികളോടൊക്കെ പോരാടിയും, പലതിനെയും തരണം ചെയ്തുമാണ് മഹ ഹുസ്സൈനിയെന്ന മാധ്യമപ്രവർത്തകയുടെയും വളർച്ച. ഭൂരിഭാഗവും ഉപരോധങ്ങളും അധിനിവേശവും നിറഞ്ഞുനിൽക്കുന്ന ജീവിതത്തിൽ മാധ്യമപ്രവർത്തനം മഹ ഹുസ്സൈനിക്ക് വെറുമൊരു തൊഴിലല്ല. മറിച്ച് വ്യവസ്ഥാപിതമായി അടിച്ചമർത്തപ്പെട്ട, പലപ്പോഴും ഇരുട്ടിലാകുന്ന ഒരു ജനതയുടെ ശബ്ദമായി മാറുകയാണ് അവർ.

ഫലസ്തീൻ ഇസ്രയേൽ സംഘർഷത്തിനിടെ ഗസ്സയിലെ സൈനിക ആക്രമണ സന്ദർഭങ്ങളെ പകർത്തി, വാർത്തകളാക്കി ലോകത്തിന് മുന്നിലേക്കെത്തിക്കുന്നതിലൂടെയാണ് മഹ ഹുസ്സൈനിയെന്ന മാധ്യമപ്രവർത്തകയെ ലോകം പരിചയപ്പെടുന്നത്. ഏകദേശം 200ഓളം ഫലസ്തീനികൾക്കും 60ഓളം ഇസ്രയേലികൾക്കും ജീവൻ നഷ്ടപ്പെട്ട ഈ ആക്രമണപരമ്പര ആഴ്ചകളോളം നീണ്ടു പോയിരുന്നു. ഇരകളെയും ദൃക്‌സാക്ഷികളെയും കണ്ട് നിജസ്ഥിതികൾ സ്ഥിരീകരിക്കാനായി പോയ തന്റെ ജീവന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നു എന്ന് റോറി പെക്ക് ട്രസ്റ്റിന് നൽകിയ അഭിമുഖത്തിൽ മഹ ഹുസ്സൈനി പറയുന്നുണ്ട്്. സംഘർഷാവസ്ഥകളെ പോലെത്തന്നെ മാധ്യമപ്രവർത്തന യാത്രയിൽ തരണം ചെയ്യേണ്ടി വന്ന മറ്റൊന്നാണ് യാഥാസ്ഥിതിക സാമൂഹിക ചുറ്റുപാടുകൾ ഉയർത്തുന്ന വെല്ലുവിളികളെന്നും മഹ ഹുസ്സൈനി വ്യക്തമാക്കുന്നു.

2018 ലാണ് മഹ ഹുസ്സൈനി ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്ത സംരംഭമായ മിഡില് ഈസ്റ്റ് ഐയ്യുടെ ഭാഗമാകുന്നത്. പശ്ചിമേഷ്യൻരാജ്യങ്ങളെ ഒപ്പിയെടുക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന ഈ ഓൺലൈൻ ന്യൂസ് ഔട്ലെറ്റിലൂടെ, കഴിഞ്ഞ മൂന്ന് വർഷമായി ഗസ്സയിലെ ജീവിത യാഥാർഥ്യങ്ങളെ കൃത്യമായി വരച്ചിടുന്നുണ്ട് ഈ മാധ്യമപ്രവർത്തക. സംഘർഷം തകർത്തെറിഞ്ഞ ജീവിത സാഹചര്യങ്ങളിലും മേഖലയിലെ ജീവിതത്തിന്റെ സാംസ്‌കാരിക ഉള്ളടക്കങ്ങളെ പിക്ചർ സ്റ്റോറികളായി ഇവർ പുറംലോകത്തേക്ക് എത്തിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.