- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുലക്ഷം രൂപയുടെ മണൽകടത്തി എന്നാരോപിച്ച് മണൽ മാഫിയ കോടതി ജീവനക്കാരനെ കേസിൽ കുടുക്കിയ സംഭവം: ജില്ലാ കോടതി ജീവനക്കാരന് ഹൈക്കോടതി ജാമ്യം; കേസ് എടുത്തത് തലസ്ഥാനത്തെ ജില്ലാ ജഡ്ജിയുടെ പേഴ്‌സണൽ ഓഫീസ് അസിസ്റ്റന്റിനെതിരെ
തിരുവനന്തപുരം: മണൽ മാഫിയയുടെ സ്വാധീനത്താൽ പത്തുലക്ഷം രൂപ വിലയുള്ള 100 ലോഡ് മണൽ കടത്തിയെന്നാരോപിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ പേഴ്‌സണൽ ഓഫീസ് അസിസ്റ്റന്റിനെ പ്രതി ചേർത്ത് തലസ്ഥാനത്തെ റൂറൽ പൊലീസ് എടുത്ത കേസിൽ ഓഫീസ് അസിസ്റ്റന്റിന് ഹൈക്കോടതി സ്വാപാധിക ജാമ്യം അനുവദിച്ചു. തലസ്ഥാനത്തെ വഞ്ചിയൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെ പേഴ്‌സണൽ ഓഫീസ് അസിസ്റ്റന്റ് വിളപ്പിൽ വില്ലേജിൽ വെള്ളൈക്കടവ് കാഞ്ഞിരക്കോട് സ്വദേശി രാജേഷിനെ (35) ഏക പ്രതിയാക്കിയായിരുന്നു വിളപ്പിൽശാല പൊലീസ് കേസ് എടുത്തത്.
പ്രതിയെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ രണ്ടാൾ ജാമ്യ ബോണ്ടിന്മേൽ വിട്ടയക്കണം. അന്വേഷണവുമായി സഹകരിക്കണം. പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് യാതൊന്നും റിക്കവറി നടത്തേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മണൽ മോഷണം പോയിട്ടില്ലെന്നും നീക്കം ചെയ്ത മണൽ സമീപത്ത് തന്നെ കിടപ്പുണ്ടെന്നും പൊലീസ് റിപ്പോർട്ടും സർവേ റിപ്പോർട്ടും പ്രകാരം കൃത്യ സ്ഥലം സ്വകാര്യ വ്യക്തിയുടേതല്ലെന്നും സർക്കാർ പുറംപോക്ക് ഭൂമിയാണെന്നും വിലയിരുത്തിയാണ് സ്വാപാധിക ജാമ്യം ഹൈക്കോടതി നൽകിയത്.
എഫ്‌ഐആർ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ പൊലീസ് ഹാജരാക്കിയിരുന്നു. അതേ സമയം പഞ്ചായത്ത് അംഗമുൾപ്പെടെയുള്ളവർ ചേർന്ന് സർക്കാർ പുറംപോക്ക് ഭൂമിയിലൂടെ റോഡ് വെട്ടിയതിന് മണൽ മാഫിയ കോടതി ജീവനക്കാരനെ മാത്രം ഏക പ്രതി ചേർത്ത് വിളപ്പിൽശാല പൊലീസിനെ സ്വാധീനിച്ച് കള്ളക്കേസെടുത്തതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. സർവ്വേ അധികൃതർ വസ്തു അളന്നപ്പോഴാണ് സത്യാവസ്ഥ വെളിപ്പെട്ടത്. മാത്രമല്ല മണൽ കടത്തിക്കൊണ്ടുപോയിട്ടില്ലെന്നും വെട്ടിയ മണൽ സമീപ സ്ഥലത്ത് തന്നെ നിരത്തിയതായും വെളിപ്പെട്ടു.
2020 ഡിസംബർ 20 ഞായറാഴ്ചയാണ് കേസിനാസ്പദമായ മണൽകടത്ത് നടന്നത്. ജോർജ് റെബീറോ മകൻ ജോർജ് റോബിൻസൺ (60) ആണ് ആവലാതിക്കാരൻ. ആവലാതിക്കാരന് 12 ഏക്കറോളം ഭൂമി ഉണ്ട്. കോടതി ജീവനക്കാരൻ വെറും 8 സെന്റ് ഭൂമിയും വീടും മാത്രമാണുള്ളത്. കോടതി ജീവനക്കാരന്റെ വസ്തു വിലയ്ക്ക് ചോദിച്ചിട്ട് വില കൊടുക്കാത്തതിൽ വച്ചുള്ള വിരോധം നിമിത്തമാണ് മറ്റാരൊക്കൊയോ ചെയ്ത കൃത്യങ്ങൾക്ക് തന്നെ ബലിയാടാക്കിയതെന്ന ജീവനക്കാരന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
റോബിൻസണിന്റെ വസ്തുവിൽ കൂടി വാഹനം പോകാൻ കണക്കിന് വഴികൊടുക്കാത്തതിലുള്ള വിരോധം നിമിത്തം ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വസ്തുവിൽ അതിക്രമിച്ച് കയറി ജെസിബി ഉപയോഗിച്ച് മണ്ണ് ഇടിച്ചു മാറ്റി മോഷണം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി 2020 ഡിസംബർ 20 മുതൽ പ്രതി വസ്തുവിൽ അതിക്രമിച്ച് കയറി ജെ സി ബി ഉപയോഗിച്ച് വസ്തുവിന്റെ മദ്ധ്യഭാഗത്ത് കൂടി 4 മീറ്റർ വീതിയിലും 12 അടി താഴ്ചയിലും 150 മീറ്റർ നീളത്തിലും മണ്ണിടിച്ച് മാറ്റി വഴി വെട്ടി ഉദ്ദേശം 100 ലോഡ് മണ്ണ് മോഷണം ചെയ്തു കൊണ്ടു പോയതിൽ വച്ച് ആവലാതിക്കാരന് 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിപ്പിച്ചുവെന്നാണ് പൊലീസിനെ സ്വാധീനിച്ച് എഫ് ഐ ആർ ഇടുവിച്ച് കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചത്. മണൽ മാഫിയ കോടതി ജീവനക്കാരനെതിരെ ഹൈക്കോടതി രജിസ്ട്രാർക്കും വ്യാജ പരാതി അയച്ചിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 447 (വസ്തുവിൽ അതിക്രമിച്ചു കടക്കൽ) , 427 ( നാശനഷ്ടം വരുത്തൽ) , 379 ( മോഷണം) എന്നീ വകുപ്പുകൾ ആണ് എഫ്.ഐ.ആറിൽ ചുമത്തിയിട്ടുള്ളത്. ഇതിൽ വകുപ്പ് 379 ജാമ്യമില്ലാ കുറ്റമാണ്.