തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80 ശതമാനം മുസ്ലിം വിഭാഗങ്ങൾക്കും 20 ശതമാനം ക്രിസ്ത്യൻ അടക്കം ഇതര വിഭാഗങ്ങൾക്കും എന്നത് നീതി നിഷേധമെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ആ പരാതികളിൽ കഴമ്പുണ്ടെന്ന വാദമാണ് ഹൈക്കോടതി ഇന്ന് ശരിവച്ചത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തിൽ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. 80% മുസ്‌ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നതായിരുന്നു 2015ൽ സർക്കാർ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.

ഈ നീതിനിഷേധ അനുപാതം തിരുത്താൻ ക്രൈസ്തവ പിന്നോക്കാവസ്ഥ പഠനറിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും തുല്യനീതി നടപ്പിലാക്കാൻ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ മാത്രം മതിയെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ കഴിഞ്ഞ വർഷാവസാനം വ്യക്തമാക്കിയിരുന്നു.

2011 ഫെബ്രുവരി 22ന് ഇറക്കിയ ന്യൂനപക്ഷക്ഷേമ ഉത്തരവിലാണ് ആദ്യമായി 80:20 അനുപാതം ഇടംപിടിച്ചത്. തുടർന്നിങ്ങോട്ട് മാറിമാറി ഭരിച്ച സർക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഇറക്കിയ എല്ലാ ക്ഷേമപദ്ധതികളിലും ഈ അനുപാതം തുടർന്നതാണ് ചോദ്യംചെയ്യപ്പെട്ടത്.
80:20 അനുപാതം യാതൊരു പഠനവും നടത്താതെയാണെന്ന് 2019 ഒക്ടോബർ 14ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള നീതിരഹിത അനുപാതം നിർത്തലാക്കി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്ഷേമപദ്ധതികളിൽ തുല്യനീതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് സിബിസിഐ ലെയ്റ്റി കൗൺസിൽ നേരത്തെ ആവശ്യപ്പെട്ടത്.

വിശുദ്ധ മദർ തെരേസ സ്‌കോളർഷിപ്പ്, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് എന്നിവ കേൾക്കുമ്പോൾ ക്രൈസ്തവർക്കുള്ള പദ്ധതികളാണെന്ന് തോന്നുമെങ്കിലും ഇവയിൽപോലും 80:20 അനുപാതമാണുള്ളത്. പിന്നോക്കാവസ്ഥ മാത്രമല്ല, വളർച്ചാനിരക്കിലെ കുറവുൾപ്പെടെ നിരവധിയായ ഒട്ടേറെ ഘടകങ്ങൾ ന്യൂനപക്ഷക്ഷേമപദ്ധതി പ്രഖ്യാപനങ്ങൾക്ക് മാനദണ്ഡമാക്കണമെന്നും 80:20 എന്ന നീതിനിഷേധം ഉടൻ തിരുത്തണമെന്നും ആവശ്യമുയർന്നിരുന്നു.

2006 നവംബർ 30ന് കേന്ദ്രസർക്കാരിൽ സമർപ്പിച്ച സച്ചാർ റിപ്പോർട്ടിൽ 80:20 അനുപാതമില്ല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തുമില്ലാത്ത 80:20 അനുപാതം കേരളത്തിൽ അടിച്ചേൽപ്പിച്ചിട്ടുള്ള ന്യായീകരണം അംഗീകരിക്കാനാവില്ലെന്നായിരുന്നു സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി
ഷെവലിയാർ വി സി.സെബാസ്റ്റ്യൻ ആവർത്തിച്ചുപറഞ്ഞിട്ടുള്ളത്.

ഇതരസംസ്ഥാനങ്ങളിലെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവർത്തനങ്ങൾ പാഠമാക്കി മാറ്റങ്ങൾക്കു തയ്യാറാകുവാൻ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് തയ്യാറാകണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചിരുന്നില്ല,

കോടതി ഉത്തരവ് മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതിന് പിന്നാലെ

സി പി എം സ്വതന്ത്രനായി മലപ്പുറം താനൂരിൽ നിന്ന് തുടർച്ചയായ രണ്ടാം തവണയും വിജയിച്ച വി അബ്ദു റഹിമാൻ ജലീലിന് പകരം ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയാകുമെന്ന് ആയിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ഗസറ്റ് വിജ്ഞാപനം വന്നപ്പോൾ ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു

ഒന്നാം പിണറായി മന്ത്രിസഭയിൽ കെ ടി ജലീൽ ആയിരുന്നു ന്യൂനപക്ഷക്ഷേമം കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകൃതമായതിനു ശേഷം പാലൊളി മുഹമ്മദ്കുട്ടി (ന്യൂനപക്ഷ സെൽ), മഞ്ഞളാംകുഴി അലി, കെ ടി ജലീൽ എന്നിവർ ആയിരുന്നു ന്യൂനപക്ഷ വകുപ്പ് മന്ത്രിമാർ.

ന്യൂനപക്ഷ വകുപ്പ് ഒരു മതവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം പ്രാധാന്യം നൽകുന്നതായി സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകൾ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് അമ്പത് ശതമാനത്തോളം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് കണക്കുകൾ. ഇതിൽ തന്നെ മുസ്ലിങ്ങളേക്കാൾ എണ്ണത്തിൽ കുറവ് ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർ ആയതിനാൽ തങ്ങൾക്ക് നീതി നടപ്പാക്കി കിട്ടുന്നില്ലെന്നാണ് ക്രൈസ്തവ വിഭാഗങ്ങളുടെ ആവശ്യം. അതുകൊണ്ടു തന്നെ ഇത്തവണ ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ വിഭാഗത്തിന് നൽകണമെന്ന് പരസ്യമായും രഹസ്യമായും ആവശ്യം ഉയർന്നിരുന്നു.

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80 ശതമാനം മുസ്ലിം, 20 ശതമാനം ക്രിസ്ത്യൻ ഉൾപ്പെടെ ഇതരവിഭാഗങ്ങൾക്കെന്ന നീതിനിഷേധ അനുപാതം തിരുത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. അതേസമയം, സംസ്ഥാനത്ത് ന്യൂനപക്ഷ സംവരണത്തിൽ വിവേചനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത് 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ക്രൈസ്തവ വിഭാഗത്തിനുമാണ്. ഇത് മതവിവേചനമാണെന്ന് ആയിരുന്നു ബിജെപി നേതാവായ പി കെ കൃഷ്ണദാസ് ഉന്നയിച്ച ആരോപണം.

കോടതി വിധി ഇങ്ങനെ

വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തിൽ ആനുകൂല്യങ്ങൾ അനുവദിക്കാൻ നിർദ്ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ ജനസംഖ്യാ കണക്ക് ഇതിനു പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ രീതിയിൽ വേർതിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണ്. സർക്കാർ ആനുകൂല്യങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാ അനുപാതത്തിൽ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാരൻ ഉയർത്തിയത്. പൊതുവായ പദ്ധതികളിൽ 80% വിഹിതം മുസ്‌ലിം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാർസി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്.

ക്രിസ്ത്യൻ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറൻസ് സർക്കാർ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതും പരിഗണനയിൽ എടുത്താണ് കോടതി നടപടി