ന്യൂഡൽഹി: കുറ്റപത്രം നൽകുന്ന സമയത്ത് എല്ലാ പ്രതികളുടെയും അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ ബാധ്യത അല്ലെന്ന് സുപ്രീം കോടതി. അറസ്റ്റ് ഏതെല്ലാം സാഹചര്യത്തിൽ വേണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിനു വിരുദ്ധമായാണ് പലപ്പോഴും കീഴ്ക്കോടതികൾ പ്രവർത്തിക്കുന്നതെന്ന് ബെഞ്ച് വിലയിരുത്തി. ക്രിമിനൽ നടപടിച്ചട്ടം 170 അനുസരിച്ച കുറ്റപത്രം പരിഗണിക്കുന്നതിന് അറസ്റ്റ് നിർബന്ധമായും രേഖപ്പെടുത്തണമെന്ന് കീഴ്ക്കോടതികൾ നിർദ്ദേശിക്കുന്ന സാഹചര്യമുണ്ട്. സിആർപിസി 170ാം വകുപ്പിലെ കസ്റ്റഡി എന്ന വാക്ക് കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കണം എന്ന് അർഥമാക്കുന്നില്ലെന്ന് സുപ്രീം കോടതി വിശദീകരിച്ചു.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് എതിരായ അപ്പീലിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഋഷികേശ് റോയി എന്നിവരുടെ ഉത്തരവ്.വ്യക്തിയെ കസ്റ്റഡിയിൽ എടുക്കാതെ കുറ്റപത്രം രേഖപ്പെടുത്താൻ ആവില്ലെന്ന നിരീക്ഷണമാണ് വിചാരണകോടതി സ്വീകരിച്ചത്. എല്ലാ കേസിലും അറസ്റ്റ് നിർബന്ധമില്ല. ഭരണഘടനപ്രകാരം വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

നിയമപരമായി നിലനിൽക്കുന്നതുകൊണ്ടു മാത്രം ഒരു കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടതില്ല. പ്രതി ഒളിവിൽ പോവുമെന്നോ സമൻസ് ലംഘിക്കുമെന്നോ അന്വേഷണ ഉദ്യോഗസ്ഥർക്കു തോന്നാത്ത കേസുകളിൽ അറസ്റ്റ് അനിവാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ കേസിലും അറസ്റ്റ് രേഖപ്പെടുത്തുന്നതിലൂടെ വ്യക്തികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും അപരിഹാര്യമായ ക്ഷതമാണ് ഉണ്ടാവുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായി വരുമ്പോൾ, കുറ്റകൃത്യം ഹീനസ്വഭാവത്തിലുള്ളതാവുമ്പോൾ, സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുള്ളപ്പോൾ, പ്രതി ഒളിവിൽ പോവാനിടയുള്ളപ്പോൾ എന്നീ സാഹചര്യങ്ങളിലാണ് അറസ്റ്റ് രേഖപ്പെടുത്തേണ്ടതുള്ളൂവെന്ന് കോടതി പറഞ്ഞു. ഏഴു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.