- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിയെ നേർവഴിക്ക് നയിക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകനെന്നനിലയിൽ ചെറിയതോതിൽ അധികാരമുപയോഗിക്കുന്നത് കുറ്റമായി കാണാനാവില്ല; അദ്ധ്യാപകനെ കുടുക്കാൻ കോടതിയെ ഉപകരണമാക്കരുത്; കണക്കുതെറ്റിച്ചതിന് രണ്ടാംക്ലാസുകാരിയുടെ ചുമലിൽ ഇടിച്ചെന്ന പരാതിയിൽ അദ്ധ്യാപകന്റെ പേരിലെടുത്ത കേസ് റദ്ദ് ചെയ്തു ഹൈക്കോടതി നടത്തിയത് നിർണായക പരാമർശങ്ങൾ
കൊച്ചി: രണ്ടാം ക്ലാസിലെ കണക്ക് തെറ്റിച്ചതിന് ഏഴുവയസ്സുകാരിയെ മർദ്ദിച്ചെന്ന കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി. അദ്ധ്യാപകൻ മർദ്ദിച്ചുവെന്നത് കെട്ടിച്ചമച്ച കേസെന്ന് തെളിഞ്ഞതിനെ തുടർന്നാണ് കോടതി നടപടി. അദ്ധ്യാപകനെ കുടുക്കാൻ വേണ്ടിയാണ് ഇത്തരമൊരു കേസ് എന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു.കണക്കുതെറ്റിച്ചതിന് രണ്ടാംക്ലാസുകാരിയുടെ ചുമലിൽ ഇടിച്ചെന്ന പരാതിയിൽ ആണ് അദ്ധ്യാപകന്റെ പേരിൽ കേസ് എടുത്തത്. കേസിനാസ്പദമാക്കിയ വിവരങ്ങൾ തീരെ ദുർബലമാണെന്ന് വിലയിരുത്തിയ കോടതി അദ്ധ്യാപകനെ കുടുക്കാൻ കോടതിയെ ഉപകരണമാക്കുന്നത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.
വിദ്യാർത്ഥിയെ നേർവഴിക്ക് നയിക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകനെന്നനിലയിൽ ചെറിയതോതിൽ അധികാരമുപയോഗിക്കുന്നത് കുറ്റമായി കാണാനാവില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ പറഞ്ഞു. കോഴിക്കോട് കുന്നമംഗലം സ്വദേശി രാജന്റെ ഹർജി അനുവദിച്ചാണിത്.2015 നവംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. നല്ലൂർ നാരായണ എൽ.പി. സ്കൂളിലെ രണ്ടാംക്ലാസുകാരിയുടെ കണക്ക് തെറ്റിയതിന് അദ്ധ്യാപകൻ ചുമലിൽ ഇടിച്ചെന്നാണ് ആക്ഷേപം. കൈ വേദനിക്കുന്നെന്ന് കുട്ടി വീട്ടിൽ പറഞ്ഞപ്പോഴാണ് രക്ഷിതാക്കൾ കാര്യം അന്വേഷിച്ചത്.
പിതാവിന്റെ പരാതിയിൽ ഫറോക്ക് പൊലീസ് കേസെടുത്തു. വിദ്യാർത്ഥിനിയെ ഡോക്ടറെ കാണിച്ചെങ്കിലും പരിശോധനയ്ക്കുശേഷം വിട്ടയയ്ക്കുകയായിരുന്നെന്ന് കോടതി വിലയിരുത്തി. അദ്ധ്യാപകൻ കുട്ടിയെ ശിക്ഷിക്കാൻ ചൂരലോ മറ്റോ ഉപയോഗിച്ചെന്ന് വാദമില്ല. കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയ ദിവസത്തേതല്ല മെഡിക്കൽ റിപ്പോർട്ട്. കോടതിയിൽ അന്തിമറിപ്പോർട്ട് കൊടുത്ത തീയതിയിലെ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയിട്ടുള്ളത്. രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലാക്കുന്നത് അദ്ധ്യാപകരെ ചുമതലയേൽപ്പിച്ചാണ്. അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥിയെ നേർവഴിക്ക് നയിക്കാനും അദ്ധ്യാപകൻ ആ അധികാരം വിനിയോഗിക്കുന്നതിൽ തെറ്റില്ലെന്ന് കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്.
അദ്ധ്യാപകൻ അനിയന്ത്രിതമായ ക്ഷോഭിച്ച് വിദ്യാർത്ഥിക്ക് പരിക്കുപറ്റുംവിധം ശിക്ഷിച്ചാൽ അത് ശിക്ഷാർഹമാവും. ഇവിടെ ശിക്ഷ കുട്ടിക്ക് സഹിക്കാവുന്നതിനപ്പുറമാണെന്നതിന് രേഖകളില്ല. കുട്ടി വല്ലാതെ കരഞ്ഞെന്നോ വീട്ടിൽ കൊണ്ടുപോയാക്കേണ്ടിവന്നെന്നോ സാക്ഷിമൊഴിയില്ല. കണക്കിൽ കുട്ടിയുടെ ശ്രദ്ധ ഉറപ്പാക്കാൻ ചുമലിൽതട്ടുകമാത്രമാണ് ചെയ്തതെന്നാണ് അദ്ധ്യാപകന്റെ വാദം. വിദ്യാർത്ഥിയെ നേർവഴിക്ക് നയിക്കാൻ അദ്ധ്യാപകൻ ശ്രമിച്ചതിൽ ദുരുദ്ദേശ്യം കാണാനാവില്ല. അദ്ധ്യാപകന്റെ പേരിലെ കേസ് ദുരുദ്ദേശ്യത്തോടെയാണെന്നുവേണം കരുതാൻ. അത്തരമൊരു ഗൂഢാലോചനയ്ക്ക് കോടതിനടപടികൾ ദുരുപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ