പന്തളം: നിരവധി മോഷണക്കേസുകളിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും പ്രതിയായിരുന്ന മൊട്ട വർഗീസിനെ കൊന്നവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാരകായുധങ്ങളുമായി വാഹനങ്ങൾക്ക് മുകളിൽ കയറി സഹോദരന്റെ ആത്മഹത്യാഭീഷണി. ധരിച്ചിരുന്ന വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് ഭീഷണി മുഴക്കുന്നതിനിടെ കാലു തെന്നി സിമെന്റ് മിക്സർ മെഷിന് മുകളിൽ നിന്ന് വീണ ഇയാളെ പൊലീസും ഫയർഫോഴ്സും ചേർന്ന് ആശുപത്രിയിലാക്കി.

മൊട്ട വർഗിസ് എന്നു വിളിക്കുന്ന വർഗീസ് ഫിലിപ്പിന്റെ അനുജൻ മുളമ്പുഴ വലിയ തറയിൽ ജൂഡി ഫിലിപ്പ് വർഗീസ് (32) ആണ് ഒരു മണിക്കുറോളം ആത്മഹത്യാ ഭീഷണി മുഴക്കിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ കുന്നുക്കുഴി മദ്യവില്പനശാലയ്ക്ക് സമീപത്തായിരുന്നു പ്രകടനം.

മെയ്‌ ഏഴിന് മൊട്ട വർഗീസിനെ കുന്നുക്കുഴി വെൺകുളത്ത് വയലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് മദ്യപിച്ച് ലക്കുകെട്ട് വെള്ളത്തിൽ മൂക്കുംകുത്തി വീണ് മുങ്ങി മരിച്ചതാണെന്നാണ്. ആന്തരികാവയവങ്ങളുടെ പരിശോധനയിൽ മാത്രമേ യഥാർഥ മരണ കാരണം കണ്ടെത്താൻ കഴിയൂ. മരിക്കുന്നതിന് തലേന്ന് വർഗീസും മറ്റു ചിലരുമായി സംഘട്ടനം നടന്നിരുന്നു.

മൊട്ടയെ കൊന്നതാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ജൂഡിയുടെ ആവശ്യം. നേരേത്തേ ഇയാളെ മർദ്ദിച്ചതിന് പൊലീസ് കേസ് എടുത്ത് പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് ഇയാൾ വൈകുന്നേരം ആത്മഹത്യാ ഭീഷണി മുഴക്കിയത്. ആദ്യം ടിപ്പർ ലോറിയുടെ മുകളിൽ ചാടിക്കയറി ഭീഷണി മുഴക്കി. തുടർന്ന് റോഡ് പണിക്ക് സിമെന്റ് മിക്സ് ചെയ്യാൻ കൊണ്ടുവന്ന മിക്സർ മെഷിനിൽ കയറി ആയുധവുമായി വെല്ലുവിളിച്ചു. വസ്ത്രങ്ങൾ ഊരി എറിയുകയും ചെയ്തു.

അടൂരിൽ നിന്നും ഫയർഫോഴ്സും പന്തളം പൊലീസും സ്ഥലത്തെത്തിയെങ്കിലും മിക്സർ മെഷിന്റെ ചില്ലുകൾ പൊട്ടിച്ച് വെല്ലുവിളിച്ചു. ക്രമേണ ഇയാൾ വാഹനത്തിൽ നിന്നും തെന്നിവീഴുകയായിരുന്നു. മാനസിക രോഗത്തിന് ചികിത്സ നടത്തുന്ന ആൾ ആണന്നും ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ മനോരോഗ വിഭാഗത്തിൽ ചികിത്സക്കായി പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.