- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് അരുൺ മിശ്ര സുപ്രീംകോടതിയുടെ പടിയിറങ്ങി; ആറ് വർഷത്തെ സംഭവബഹുലമായ നീതിന്യായ സേവനത്തിന് വിരാമം; വിരമിക്കുന്നതിന് തൊട്ടുമുമ്പ് നൽകിയത് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെ ശിവലിംഗം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ; പരുഷമായ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അഭ്യർത്ഥന
ന്യൂഡൽഹി: വിരമിക്കുന്നതിന് തൊട്ട് മുമ്പ് സുപ്രീം കോടതി മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് അരുൺ മിശ്ര നടത്തിയത് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെ ശിവലിംഗം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ. ഭക്തർ ആരും തന്നെ ശിവലിംഗത്തിൽ തൊടാനോ തഴുകാനോ പാടില്ലെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ബെഞ്ച് മുന്നോട്ടുവെച്ചത്. ജസ്റ്റിസ് ബി.ആർ. ഗവായ്, കൃഷ്ണ മുരാരി, അരുൺ മിശ്ര എന്നിവിരടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ജസ്റ്റിസ് മിശ്രയുടെ ഔദ്യോഗിക ജീവിതത്തിലെ അവസാനത്തെ ഉത്തരവാണ് ഇത്. 2014 ജൂലൈയിൽ സുപ്രീം കോടതി ജസ്റ്റിസ് ആയി ചുമതലയേറ്റ അരുൺ മിശ്ര ആറ് വർഷത്തെ സംഭവബഹുലമായ നീതിന്യായ സേവനത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ പടിയിറങ്ങിയത്.
ഭക്തരും സന്ദർശകരും ശിവലിംഗത്തിൽ സ്പർശിക്കുന്നില്ലെന്ന് ക്ഷേത്രപൂജാരിമാരും പുരോഹിതരും അധികൃതരും ഉറപ്പു വരുത്തണം എന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഭസ്മാഭിഷേകത്തിന് ഉപയോഗിക്കുന്ന ഭസ്മത്തിന്റെ പി.എച്ച്. മൂല്യം നിർണയിക്കേണ്ടതാണ്. ശിവലിംഗത്തിന് കേടുപാടുകൾ ഉണ്ടാവാതെ സംരക്ഷിക്കാനുള്ള മികച്ച മാർഗങ്ങൾ നടപ്പിലാക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. നെയ്യ്, വെണ്ണ, തേൻ തുടങ്ങിയവ ശിവലിംഗത്തിൽ തേച്ചു പിടിപ്പിക്കുന്നത് ശിവലിംഗം ദ്രവിക്കുന്നതിനിടയാക്കും. ചെറിയ അളവിലുള്ള ശുദ്ധമായ പാൽ മാത്രമേ ശിവലിംഗത്തിൽ ഒഴിക്കാവൂ എന്നും ഭക്തർക്ക് നേർച്ചയായി അർപ്പിക്കാനായി ശുദ്ധമായ പാൽ നൽകണമെന്നും കോടതി ക്ഷേത്ര കമ്മിറ്റിക്ക് നിർദ്ദേശം നൽകി. പൂജ നടപടിക്രമങ്ങൾ 24 മണിക്കൂർ സമയവും ക്യാമറയിൽ പകർത്തണം. ഈ ദൃശ്യങ്ങൾ ആറു മാസമെങ്കിലും സൂക്ഷിച്ചുവെക്കണം. ഏതെങ്കിലും പൂജാരി ഈ നിർദ്ദേശങ്ങൾ ലംഘിച്ചാൽ അയാൾക്കെതിരെ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
മഹാകാലേശ്വർ ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ തേയ്മാനത്തെക്കുറിച്ച് പഠിക്കാൻ നേരത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ളവരെ ഉൾക്കൊള്ളിച്ച് വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. 2019 ജനുവരിയിൽ സമിതി നടത്തിയ പരിശോധനയിൽ ശിവലിംഗത്തിന് ദ്രവീകരണമുണ്ടെന്നും അത് തുടരുന്നുണ്ടെന്നും സമിതി കണ്ടെത്തി. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വിദഗ്ധ സമിതി ക്ഷേത്രം എല്ലാവർഷവും സന്ദർശിക്കണണെന്നും ശിവലിംഗത്തിന്റെ തേയ്മാനം തടയാൻ സ്വീകരിച്ച നടപടികൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയം 2021 ജനുവരിയിൽ പരിഗണിക്കുന്നതിനായി മാറ്റി.
ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏക സ്വയംഭൂ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രം. അഞ്ച് നിലകളിലായുള്ള ക്ഷേത്രത്തിൽ മൂന്നാം നിലയിലുള്ള നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ. ഭസ്മ ആരതിയാണ് മഹാകാലേശ്വര ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. എല്ലാ ദിവസവും പുലർച്ചെ ശിവലിംഗത്തിൽ ആരതി നടത്തും. അഭിഷേകത്തിനു ശേഷം ശിവലിംഗം ഭസ്മം കൊണ്ട് പൊതിയും.
2014 ജൂലൈയിൽ സുപ്രീം കോടതി ജസ്റ്റിസ് ആയി ചുമതലയേറ്റ അരുൺ മിശ്ര ആറ് വർഷത്തെ സംഭവബഹുലമായ നീതിന്യായ സേവനത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ പടിയിറങ്ങിയത്. ഏറ്റവും ഒടുവിൽ പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യക്കേസിൽ ഒരു രൂപ ശിക്ഷ വിധിച്ചത് അടക്കം വലിയ ചർച്ചയായിരുന്നു. തന്റെ പരുഷമായ വാക്കുകൾ പ്രത്യക്ഷത്തിലോ അല്ലാതെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ഒരുക്കിയ വിരമിക്കൽ യാത്രയയപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര. കോവിഡ് കാരണം വെർച്യൽ ആയിട്ടാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
മറുനാടന് ഡെസ്ക്