- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാമനോട് ഒന്നും തോന്നല്ലേ, മാമന് ഇപ്പോൾ അങ്ങ് ഉത്തരേന്ത്യയിലും പിടിയുണ്ട് മക്കളെ'; കരിക്കിൽ വൈറലായ ചന്ദ്രബോസ് മാമന് നീതി തേടി ട്വിറ്ററിൽ വൈറൽ ഹാഷ് ടാഗ്; 'മുസ്ലിം വിവാഹത്തിന് പങ്കെടുത്തതിന് ആർഎസ്എസ് കാര്യവാഹക് ആയ ചന്ദ്രബോസിനെ ക്രൂരമായി മർദ്ദനം, ഇത് നടന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ' എന്ന പറഞ്ഞ് പ്രചരണം; കേരളത്തിൽ സൂപ്പർഹിറ്റായ ആക്ഷേപഹാസ്യം വ്യാജവാർത്തയാവുമ്പോൾ
തിരുവനന്തപുരം: 'മാമനോട് ഒന്നും തോന്നല്ലേ മക്കളേട' - അടുത്തകാലത്തായി സൈബർ ലോകത്ത് മലയാളികൾ ഏറെ ചിരിച്ചത് ഈ ഒറ്റ ഡയലോഗിലാണ്. സൈബർ ലോകത്ത് വൈറലായ കരുക്കു സീരീസിന്റെ കല്ല്യാണക്കഥയിൽ ഏറ്റവും ഹിറ്റായ കഥാപാത്രം. മലയാളികൾ തലകുത്തി മറിഞ്ഞു ചിരിച്ച ഈ കഥാപാത്രം അങ്ങ് ഉത്തരേന്ത്യയിൽ എത്തുമ്പോൾ അൽപ്പം സീരിയസാണ്. കാരണം ഇവിടുത്തെ ആക്ഷേപഹാസ്യം ട്വിറ്ററിൽ കേരളത്തിന് എതിരായ വ്യാജപ്രചരണം നടത്താനുള്ള ആയുധമായി മാറുകയാണ്.
ജസ്റ്റിസ് ഫോർ ചന്ദ്രബോസ് എന്ന ഹാഷ്ടാഗിൽ എന്ന പേരിൽ കരിക്ക് വെബ് സീരീസിലെ കഥാപാത്രം സൈബർ ലോകത്ത് വൈറലാണ്. സീരിയിൽ അർജുൻ രത്തൻ അവതരിപ്പിച്ച ചന്ദ്രബോസ് എന്ന കഥാപാത്രമാണ് മറ്റൊരു വിധത്തിൽ ട്വിറ്ററിൽ പ്രചരിക്കുന്നത്. ഒരു മുസ്ലിം വിവാഹത്തിന് പങ്കെടുത്തതിന് ആർഎസ്എസ് കാര്യവാഹക് ആയ ചന്ദ്രബോസിനെ ക്രൂരമായി മർദിച്ചുവെന്നും ഇത് നടന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്.
#JusticeforChandraboss എന്ന ഹാഷ്ടാഗിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. ഇത് പ്രചരിപ്പിക്കുന്നത് ആർഎസ്എസ് പ്രവർത്തകരാണ് എന്ന രീതിയിൽ കളിയാക്കി ചിലരുടെ ട്വീറ്റുകളുടെ സ്ക്രീൻഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഇത് കുറച്ചുകാലമായി സൈബർ ഇടത്തിൽ കേരളത്തിന് എതിരെ നടക്കുന്ന പ്രചരണങ്ങളുടെ ഭാഗമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഈ ചിത്രത്തിൽ കാണുന്ന ട്വീറ്റുകൾ പങ്കുവെച്ചവരുടെ അക്കൗണ്ടുകൾ തിരഞ്ഞപ്പോൾ അതിൽ @ScarlettEarth എന്ന അക്കൗണ്ടും @life_of_ram എന്ന ട്വിറ്റർ അക്കൗണ്ടും മലയാളികളുടേതാണ് എന്ന് വ്യക്തമായി. ഇവർ രണ്ട് പേരും പ്രസ്തുത ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്. മാത്രവുമല്ല ആക്ഷേപഹാസ്യപരമായാണ് ഇത് പങ്കുവെച്ചതെന്നും അവർ പറയുന്നു. തങ്ങളുടെ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ വലിയ രീതിയിൽ കളിയാക്കലുകളും വിമർശനങ്ങളും ഭീഷണികളും ഇവർ നേരിടുന്നുണ്ടെന്ന് പിന്നീട് വന്ന അവരുടെ ട്വീറ്റുകളിൽ നിന്ന് വ്യക്തമാണ്. സ്ക്രീൻഷോട്ടിലുള്ള ഹിന്ദി ഹേ മേരാ രാഷ്ട്ര ഭാഷ എന്ന അക്കൗണ്ട് ഇപ്പോൾ നിലവിലില്ല.
രാഷ്ട്രീയമായി നേരിടുന്നതിന് പരസ്പരം കളിയാക്കുന്ന രീതി സോഷ്യൽ മീഡിയയുടെ സ്വഭാവമാണ്. പരസ്പരം വ്യക്തിഹത്യ ചെയ്യുന്ന രീതി. അത്തരം രാഷ്ട്രീയ കളിയാക്കലുകളുടെ തുടർച്ചയെന്നോണമാണ് ചന്ദ്രബോസിന്റെ ചിത്രവും പ്രചരിക്കുന്നത്. ഇയാൾ ആർഎസ്എസ് പ്രവർത്തകനാണെന്നും മുസ്ലിം വിവാഹത്തിൽ പങ്കെടുത്തതിന് ക്രൂരമർദനമേറ്റയാളാണെന്നുമുള്ള വാക്കുകൾ ഈ മലയാളം വെബ്സീരീസിനെ കുറിച്ച് പരിചയമില്ലാത്ത മറ്റൊരാളെ തെറ്റിദ്ധരിപ്പിക്കുന്നതും വർഗീയ വിദ്വേഷ പ്രചാരണത്തിന് വരെ ഇടയാക്കിയിട്ടുണ്ട്.
അറിഞ്ഞോ അറിയാതെയോ നിരവധിയാളുകൾ ഈ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. അതിൽ വലിയൊരു വിഭാഗം മലയാളികൾ തന്നെയാണെന്നതും ശ്രദ്ധേയമാണ്. മലയാളികളല്ലാത്ത ഹിന്ദുത്വ, ബിജെപി, ആർഎസ്എസ് രാഷ്ട്രീയ നിലപാടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ബിജെപി, ജയ് സംഘ്, ആർഎസ്എസ്, അമിത് ഷാ തുടങ്ങിയ പേരുകൾ ടാഗ് ചെയ്താണ് ഈ ട്വീറ്റ് പ്രചരിപ്പിച്ചത്. ഇത് കേരളത്തിലെ സർക്കാറിനെതിരായ ആസൂത്രിത പ്രചരണത്തിന്റെ കൂടി ഭാഗമാണ്.
കരിക്ക് സീരീസുകൾ പരിചയമുള്ളവർക്ക് തീർച്ചയായും ഇതിന്റെ വസ്തുത തിരിച്ചറിയാൻ സാധിക്കുമെങ്കിലും മറ്റു ഭാഷക്കാരിൽ ചിലർ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തേക്കാമെന്ന മുന്നറിയിപ്പും വ്ന്നിട്ടുണ്ട്. ഇതിന് മുമ്പും സമാനമായ സംഭവങ്ങൾ തെറ്റിദ്ധാരണ പരത്തും വിധത്തിൽ സൈബർ ഇടങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ട്രോൾ സംഘ് എന്ന ലോഗോ ചന്ദ്രബോസിന്റെ ചിത്രത്തിലുണ്ട്. അത് പക്ഷെ ആ പോസ്റ്റിന്റെ വസ്തുത എല്ലാവർക്കും മലയാളികൾ അല്ലാത്തവർക്ക് മനസ്സിലാകില്ലെന്നതാണ് ആപത്തായി മാറുന്നത്.
മറുനാടന് ഡെസ്ക്