കോഴഞ്ചേരി: മീഡിയാ വൺ ചാനലിന്റെ സംപ്രേഷണം നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരായ സ്റ്റേ നീക്കിയതിന്റെ പേരിൽ ഹൈക്കോടതി ജഡ്ജി എൻ. നഗരേഷിനെതിരേ ശക്തമായ സൈബർ ആക്രമണം നടക്കുകയാണ്. വിധിയിൽ ഋഗ്വേദകാലത്തെ അത്രി സംഹിത അടക്കം പരാമർശിച്ചതോടെ വിധിക്കെതിരെ വിമർശനം ഉയർന്നത്. കോൺഗ്രസ് നേതാവായ ഡോ. സരിൻ ഉൾപ്പെടെയുള്ളവർ അദ്ദേഹം അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ പ്രസ്താവനയുമായി രംഗത്തുണ്ട്. പരിഷത്തിന്റെ വാർത്ത വന്ന പത്രക്കട്ടിങ് അടക്കം പോസ്റ്റ് ചെയ്ത് നഗരേഷിനെ കുറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

110-ാമത് ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിന്റെ ഞായറാഴ്ച നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് നഗരേഷ് ആണ്. ഗോവാ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയാണ് ഉദ്ഘാടനം നിർവഹിച്ചത്. നഗരരേഷിന്റെ പ്രസംഗത്തിന്റെ സംഗ്രഹം ഇങ്ങനെ:

ഹിന്ദുമതത്തിന് ഒന്നിലധികം വ്യാഖ്യാനങ്ങൾ ഉണ്ട്. ഭാരതത്തിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. അവരുടെ അഭിപ്രായം ആണ് ഹിന്ദുമതം. ഒരു മതത്തിന് ഒരു പുസ്തകം വേണം. ഒരു ആചാര്യ സംഹിത പാലിക്കണം. ആ അർത്ഥത്തിൽ ഹിന്ദു ഒരു മതമല്ല, ഹിന്ദുവിന് ഒരു പുസ്തകം ഇല്ല. ഏതു വിശ്വാസിക്കും യഥാർഥ ഹിന്ദുവാകാം. ഹിന്ദു എന്നു പറഞ്ഞാൽ ദൈവത്തിലും പുനർജന്മത്തിലും വിശ്വസിക്കുന്നവരാണ്. വിഗ്രഹ ആരാധന ഉള്ളവരും ഇല്ലാത്തവരും ഹിന്ദു മതസംസ്‌കാരത്തിൽ ഉണ്ട്. ഹിന്ദു ഒരു വിശ്വാസമാണ്. ഒരു ജീവിതമാണ്.

ഒരു ജീവിത രീതിയാണ്. ഇന്ന് ലോകം ധാരാളം വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനെല്ലാം പരിഹാരം കാണാൻ ലോകരാജ്യങ്ങൾ ഭാരതത്തെ നോക്കുകയാണ്. അത് ഹ്രസ്വകാല വെല്ലുവിളി ആയ കോവിഡ് ആയാലും ദീർഘകാല വെല്ലുവിളികളായ ആഗോള താപനവും മതതീവ്രവാദമായാലും.ലോകാരോഗ്യ സംഘടന ആഗോള താപനത്തെ പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണ്.

മത തീവ്രവാദം ലോകമെമ്പാടും ശക്തിപ്പെടുന്നു. ഇതിനെല്ലാം പരിഹാരമാർഗമായി ലോകരാജ്യങ്ങൾ ഭാരതത്തെയാണ് ഉറ്റുനോക്കുന്നത്. ഇതിനൊക്കെ പരിഹാരം ഭാരതീയ ദർശനമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.