- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്ച ശരാശരി കഴിച്ചത് 50 ബർഗർ: കുടിച്ചത് പത്തുലിറ്ററിലധികം കോള: കോവിഡ് ലോക്ഡൗൺ കാലം ജസ്റ്റിൻ എന്ന യുവാവിന് നൽകിയത് 240 കിലോ തൂക്കം: ബെറിയാട്രിക് സർജറിയിലൂടെ യുവാവിന്റെ ജീവൻ രക്ഷിച്ച് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്: അപൂർവ്വ ശസ്ത്രക്രിയയുടെ വിജയ കഥ
തിരുവല്ല: കോവിഡും ലോക്ഡൗണും വരുന്നതിന് മുൻപ് ബംഗളരൂവിൽ ഐടി പ്രഫഷണൽ ആയിരുന്ന ചമ്പക്കുളം സ്വദേശി ജസ്റ്റിന്റെ (32) തൂക്കം 130 കിലോയായിരുന്നു. ലോക്ഡൗൺ തുടങ്ങിയതോടെ ജസ്റ്റിന്റെ തൂക്കം റോക്കറ്റ് പോലെ കുതിച്ചുയർന്നു. വീട്ടിലിരുന്നുള്ള ജോലിയും അമിതമായ ജങ്ക് ഫുഡും ജസ്റ്റിന്റെ തൂക്കം 240 കിലോയിൽ എത്തിച്ചു. സ്വന്തം റൂമിൽ നിന്ന് ബാത്ത്റൂമിലേക്ക് പോലും നടക്കാൻ കഴിയാത്ത അവസ്ഥ. കിതപ്പ് കാരണം നടപ്പ് നിർത്തി. മുട്ടിന്റെ ചിരട്ടകൾക്ക് തേയ്മാനം സംഭവിച്ചു. കിടക്കാനോ ഇരിക്കാനോ നിൽക്കാത്ത അവസ്ഥ.
ഝാർഖണ്ഡിലായിരുന്ന മാതാപിതാക്കൾ എത്തി മകന്റെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി. ഹോർമോൺ വ്യതിയാനമാണ് മകന്റെ അമിത വണ്ണത്തിന് കാരണമെന്ന് കരുതി അവർ തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ ചികിൽസ തേടി. പിന്നെ നടന്നത് രാജ്യത്തെ തന്നെ അപൂർവമായ ബറിയാട്രിക് സർജറിയാണ്. മുൻപും ഇത്തരം ശസ്ത്രക്രിയകൾ രാജ്യത്ത് പലയിടത്തും ലോകത്തും നടന്നിട്ടുണ്ട്. പക്ഷേ, 240 കിലോ തൂക്കമുള്ള യുവാവിനെ സർജറി ചെയ്യുന്നത് ലോകത്ത് തന്നെ അപൂർവമായിരുന്നു.
ആശുപത്രിയിലെ പത്തോളം സപെഷാലിറ്റി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള ചികിൽസയിലുടെ ജസ്റ്റിൻ ജീവിതത്തിലേക്ക് മടങ്ങി. ഇതിന് ജസ്റ്റിന്റെ സഹകരണം കൂടിയുണ്ടായിരുന്നു. ഒരു വർഷത്തിനുള്ളിൽ 110 കിലോയിലേക്ക് ജസ്റ്റിന്റെ തൂക്കം കുറയുമെന്ന് സർജറി നടത്തിയ മെഡിക്കൽ സംഘം പറയുന്നു.
ജസ്റ്റിന്റെ ബോഡിമാസ് ഇൻഡക്‌സ് 75 ആയിരുന്നു. ദിവസേന ബർഗർ പോലെയുള്ള ഭക്ഷ്യവസ്തുക്കളും കോളയടക്കമുള്ള ശീതള പാനീയങ്ങളും കഴിച്ചാണ് ജസ്റ്റിന്റെ ശരീരഭാരം അമിതമായതും ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയിലെത്തിയതും. ബിലിവേഴ്സ് ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗത്തിൽ ഡോ. ഫിലിപ്പ് ഫിന്നിയെ ആണ് ആദ്യം ജസ്റ്റിൻ കണ്ടത്. ജങ്ക് ഫുഡ് കഴിക്കുന്നതല്ലാതെ അമിത വണ്ണമുണ്ടാക്കുന്ന മറ്റു കാരണങ്ങളൊന്നും ഡോക്ടർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിലും മാരകമായ പൊണ്ണത്തടി ജസ്റ്റിന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് മനസിലാക്കി ബെറിയാട്രിക്ക് ശസ്ത്രക്രിയയ്ക്ക് അദ്ദേഹം നിർദേശിച്ചു.
അമിത ഭാരമുള്ള ജസ്റ്റിനെ രക്ഷിക്കാൻ ആശുപത്രിയിലെ മെഡിക്കൽ - നോൺ മെഡിക്കൽ വിഭാഗങ്ങൾ ഒരേ പോലെ പ്രവർത്തിച്ചു. കഴിഞ്ഞ സെപ്റ്റംബർ 10 ന് ആശുപത്രിയിൽ എത്തിയ ജസ്റ്റിനെ 13 ന് അഡ്‌മിറ്റ് ചെയ്തു. ശരീര ഭാരം അൽപമെങ്കിലും കുറയ്ക്കാതെ ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണെന്ന് കണ്ട് അതിനായുള്ള ഒരുക്കം തുടങ്ങി. ശസ്ത്രക്രിയ നടത്തുന്നതിനായി ഓപ്പറേഷൻ ടേബിളും ഉപകരണങ്ങളും വസ്ത്രങ്ങളുമടക്കം എല്ലാ സംവിധാനങ്ങളും പുതുതായി രൂപപ്പെടുത്തേണ്ടി വന്നു. ദിവസേന ഭക്ഷണത്തിലൂടെ ജസ്റ്റിന് കിട്ടിയിരുന്നത് 5000 കലോറിയായിരുന്നു. ജങ്ക് ഫുഡ് സമ്മാനിച്ച ഈ കാലറി എരിച്ചു കളയാനുള്ള ഒരു വ്യായാമമുറകളും ശീ്ലിച്ചിരുന്നില്ല. ഭക്ഷണം കഴിക്കുക, ഇരുന്ന് ജോലി ചെയ്യുക എന്നത് മാത്രമായിരുന്നു ശീലം.
ആശുപത്രി ഡയറക്ടറും സി.ഇ.ഓയുമായ ഡോ. ജോർജ് ചാണ്ടിയുടെ നേതൃത്വത്തിൽ എൻഡോക്രൈനോളജിസ്റ്റ് ഡോ. ഫിലിപ്പ് ഫിന്നി, പി.എം.ആർ കൺസൾട്ടന്റ് ഡോ. തോമസ് മാത്യു, പി.എം.ആർ മേധാവി ഡോ. റോഷിൻ, ഗസ്സ്‌ട്രോ സർജൻ ഡോ. സുജിത്ത് ഫിലിപ്പ്, അനസ്‌തേഷ്യനിസ്റ്റ് ഡോ. ജിൻസി ആൻ, ചീഫ് ഡയറ്റീഷ്യൻ ജ്യോതി കൃഷ്ണ തുടങ്ങി പത്തോളം സ്‌പെഷലിസ്റ്റ് ഡിപ്പാർട്ട്‌മെന്റുകളുടെ സഹകരണത്തോടെസർജറിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ ഇത്രയും ഭാരം കൂടിയ ആളെ ശസ്ത്രക്രിയ ചെയ്യുന്നത് അപൂർവമാണ്. അതു കൊണ്ടു തന്നെ വളരെ അപകട സാധ്യതയും നില നിൽക്കുകയായിരുന്നു. മുൻപ് കാനഡയിൽ 190 കിലോയുള്ള മനുഷ്യനിൽ ഇത്തരം ശസ്ത്രക്രിയ നടന്നിരുന്നു. അത് നടത്തിയ ഡോക്ടറുമായി ഗസ്സ്‌ട്രോ സർജൻ ഡോ. സുജിത്ത് ബന്ധപ്പെട്ട് അവരുടെ ഉപദേശം കൂടി സ്വീകരിച്ചാണ് ജസ്റ്റിന്റെ ശസ്ത്രക്രിയ നടത്തിയത്.
ശ്വാസകോശരോഗ വിഭാഗം കൺസൾട്ടന്റ് ഡോ. ബെൻസിയും കാർഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ടി.യു സക്കറിയായും ചേർന്ന് ജസ്റ്റിന്റെ ശ്വാസ കോശങ്ങളുടെയും ഹൃദയത്തിന്റെയും അവസ്ഥ വിലയിരുത്തി. ഡോ.രവി ചെറിയാൻ ഹൃദയത്തിലെ രക്തധമനികളെ കൊറോണറി ആൻജിയോഗ്രാമിലൂടെ പരിശോധിച്ചു. അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. ആഷു അടക്കമുള്ള സീനിയർ അനസ്‌തെറ്റിസ്റ്റുകളും എൻജിനീയറിങ് വിഭാഗം മേധാവി അജിത്ത് കുരുവിളയും ചേർന്ന് പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തു.
ശസ്ത്രക്രിയയ്ക്ക് മൂന്ന് ആഴ്‌ച്ചകൾക്ക് മുൻപേ തന്നെ വ്യായാമവും ഭക്ഷണവും ക്രമീകരിക്കുന്നതിനായി ജസ്റ്റിനെ അഡ്‌മിറ്റ് ചെയ്തു. പി.എം.ആർ വിഭാഗം മേധാവി ഡോ. റോഷിന്റെയും ഡോ. തോമസ് മാത്യുവിന്റെയും നേതൃത്വത്തിൽ വിദഗ്ദ്ധ ഫിസിയോ തെറാപ്പിസ്റ്റുകളുടെ സംഘം ജസ്റ്റിന് ഫിസിയോ തെറാപ്പി ആരംഭിച്ചു. ചീഫ് ഡയറ്റീഷ്യൻ ജ്യോതി കൃഷ്ണന്റെ നിർദ്ദേശപ്രകാരമുള്ള ഭക്ഷണ ക്രമീകരണം കർശനമായി നടപ്പിലാക്കി. 5000 കലോറിയിൽ നിന്ന് 1000 കലോറിയിലേക്ക് ഭക്ഷണത്തിന്റെ അളവ് കുറച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ശസ്ത്രക്രിയയ്ക്ക് മുൻപേ തന്നെ 16 കിലോ ജസ്റ്റിന് കുറഞ്ഞു. പിന്നെ പ്രത്യേക ഗൗണുകളും പാദരക്ഷയും നിർമ്മിച്ചു. ഒരു മാസത്തെ തീവ്രശ്രമത്തിനു ശേഷം കഴിഞ്ഞ മാസം അഞ്ചിന് ഗസ്സ്‌ട്രോ സർജൻ ഡോ.സുജിത്ത് ഫിലിപ്പിന്റെ നേതൃത്വത്തിൽ ജസ്റ്റിന്റെ ശരീരത്തിൽ അത്യപൂർവമായ ലാപ്രോസ്‌കോപ്പിക്ക് സ്ലീവ് ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയ ആരംഭിച്ച ശേഷം ഓപ്പറേഷൻ ടേബിളിൽ വച്ച് പലതരം തടസങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുൻകൂട്ടി മനസിലാക്കിയിരുന്നു ഡോ. സുജിത്ത്. അതിനാൽ, മൂന്ന് വ്യത്യസ്ത പദ്ധതികളാണ് ഡോക്ടർ രൂപപ്പെടുത്തിയത്. ആദ്യ രണ്ടെണ്ണം ഫലവത്താകാത്തതിനാൽ മൂന്നാമത്തേതാണ് വിജയം കണ്ടത്. ശേഷം തീവ്രപരിചരണ വിഭാഗത്തിലെ ഡോ. ഫിലിപ്പിന്റെയും ഡോ. സാൻജോയുടെയും പരിചരണത്തിൽ ജസ്റ്റിൻ സാവധാനം സാധാരണ നിലയിലേക്ക് മടങ്ങി. ആശുപത്രി വിട്ടെങ്കിലും ജസ്റ്റിനെ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചു വരികയാണ്. വീട്ടിലെത്തിയും ഇദ്ദേഹത്തെ പരിശോധിക്കുന്നു. ആശുപത്രി വിടുമ്പോൾ 35 കിലോ തൂക്കം കുറഞ്ഞിട്ടുണ്ട്. ഒരു വർഷം കൊണ്ട് ചിട്ടയായ വ്യായാമത്തിലൂടെ തൂക്കം 110 കിലോയാക്കി കുറയ്ക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
ഇതിനായി ജസ്റ്റിന്റെ ഭാഗത്ത് നിന്ന് മികച്ച സഹകരണവും ലഭിക്കുന്നു. വ്യായാമവും ഭക്ഷണക്രമവും നിലനിർത്തുക വഴി മാത്രമേ ലക്ഷ്യം സാധിക്കാൻ കഴിയുകയുള്ളു. രണ്ടര ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവ് വന്നത്. ജസ്റ്റിന്റെ ശരീരത്തിൽ ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള ഉപകരണങ്ങളും സ്റ്റെന്റും പ്രത്യേകം ഓർഡർ ചെയ്ത് നിർമ്മിച്ചതാണ് ഇത്രയും ചെലവ് വരാൻ കാരണമായത്.
ഉയർന്ന തോതിലുള്ള പ്രമേഹവും കൊളസ്‌ട്രോളും ജസ്റ്റിനുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇതെല്ലാം സാധാരണ നിലയിൽ ആയെന്ന് ഡോക്ടർമാർ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്