'സുഖമില്ലാത്ത അമ്മയെ കാണാൻ ഇറങ്ങി 20 മിനിറ്റ് വഴിയിൽ കുടുങ്ങി; കൊട്ടാരക്കര എത്തിയപ്പോഴേക്കും ജീവനോടെ കാണാൻ പറ്റിയില്ല'; വെഞ്ഞാറമൂട് മേൽപ്പാല ആവശ്യത്തിന് കിഫ്ബി തടസം; 2018ൽ തുടങ്ങിയ റോഡ് പണി പോലു തീർന്നില്ല; കിഫ്ബിക്കെതിരെ തുറന്നടിച്ച് കെ ബി ഗണേശ് കുമാർ വീണ്ടും; പിന്തുണച്ച് ഷംസീറും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്കെതിരെ ആഞ്ഞടിച്ച് കെ ബി ഗണേശ്കുമാർ എംഎൽഎ. റോഡു പണികളിൽ ഉണ്ടാകുന്ന കാലതാമസവും ചില പദ്ധതികൾക്ക് അനുമതി നൽകാത്തതുമാണ് ഗണേശിന്റെ വിമർശനങ്ങൾക്ക് പിന്നിൽ. കിഫ്ബി കാരണം റോഡ് പണികൾ മുടങ്ങുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2018ൽ തുടങ്ങിയ റോഡ് പണി പോലും തീർന്നിട്ടില്ല. വെഞ്ഞാറമൂടെ മേൽപ്പാലം എന്ന ആവശ്യത്തിന് കിഫ്ബി തടസം നിൽക്കുന്നുവെന്നും ഗണേശ് ചൂണ്ടിക്കാട്ടി.
പദ്ധിതികളുടെ കാലതാമസം ചൂണ്ടിക്കാട്ടി അദ്ദേഹം വികാരാധീനനാകുകയും ചെയ്തു. സുഖമില്ലാത്ത അമ്മയെ കാണാൻ ഇറങ്ങി താൻ 20 മിനിറ്റ് വഴിയിൽ കുടുങ്ങി. കൊട്ടാരക്കരയിലെ വീട്ടിൽ എത്തിയപ്പോഴേക്കും അമ്മ മരിച്ചിരുന്നു. അതുകൊണ്ട് ജീവനോടെ കാണാൻ സാധിച്ചില്ലെന്നും ഗണേശ് പറഞ്ഞു. കിഫ്ബി കൺസൽട്ടൻസിയെ ഒഴിവാക്കണം എന്നാണ് ഗണേശ് ചൂണ്ടിക്കാട്ടിയത്.
കിഫ്ബിയിൽ കൺസൾട്ടൻസി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ ഉപയോഗിക്കണമെന്ന് ഗണേശ് കുമാർ പറഞ്ഞു. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എൻജിനീയർമാർ പൊതുമരാമത്ത് വകുപ്പിൽ ഉള്ളപ്പോൾ എന്തിന് പുറത്തു നിന്ന് കൺസൾട്ടന്റുമാരെ കൊണ്ടുവരുന്നുവെന്നും ഗണേശ് കുമാർ ചോദിച്ചു. വലിയൊരു ശതമാനം തുക കൺസൾട്ടന്റുമാർ കൊണ്ടുപോകുകയാണെന്നും ഗണേശ് കുമാർ ആരോപിച്ചു. അതേസമയം ഗണേശിന്റെ വിമർശനങ്ങളെ എ എൻ ഷംസീറും പിന്തുണച്ചു. ഇത് പൊതുപ്രശ്നമാണ് എന്നു പറഞ്ഞാണ് ഷംസീർ ഗണേശിനെ പിന്തുണച്ചത്.
പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങൾ കിഫ്ബി മുന്നോട്ട് വച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് കിഫ്ബി കൂടുതൽ തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പും കിഫ് ബിയും സർക്കാരിന്റെ അഭിമാന സ്തംഭങ്ങളാണ്. എം എൽ എമാർ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ എല്ലാ മാനദണ്ഡങ്ങളും മാറ്റാനാകില്ലെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസവും ഗണേശ് കുമാർ കിഫ്ബിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കിഫ്ബിയിൽ അതിവിദഗ്ധരുടെ ബാഹുല്യമാണെന്നും അർഥമില്ലാത്ത വാദങ്ങളുയർത്തി ഇവർ നിർമ്മാണപ്രവർത്തനങ്ങൾ തടയുകയാണെന്നുമാണ് ഗണേശ് കഴിഞ്ഞ ദിവസം ഉയർത്തിയ വിമർശനം. കഴിഞ്ഞ സർക്കാരിൽ കിഫ്ബിയുടെ ആറ് റോഡുകൾ മണ്ഡലത്തിൽ കിട്ടിയപ്പോൾ സന്തോഷംകൊണ്ടു തുള്ളിച്ചാടിയ താൻ ഇപ്പോൾ ജനങ്ങളുടെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്.
30 വർഷത്തെ പ്രവൃത്തിപരിചയമുള്ള പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർമാരെ സ്വകാര്യ കോളേജിൽനിന്നു പണംകൊടുത്തു ബി.ടെക്. പഠിച്ചിറങ്ങിയ കിഫ്ബിയിലെ ഉദ്യോഗസ്ഥർ തിരുത്തുകയാണ്. ഒരു യാഥാർഥ്യബോധവുമില്ലാതെയാണിതെന്നും ധനാഭ്യർഥന ചർച്ചയിൽ അദ്ദേഹം പറഞ്ഞു. ഇങ്ങനെ ജോലിയിലെത്തുന്ന ബി-ടെക്കുകാരുടെ ദിവസശമ്പളം പതിനായിരം രൂപയാണെന്നും ഗണേശ് പറഞ്ഞു.
കിഫ്ബി നിർമ്മാണം ഏറ്റെടുത്ത റോഡുകളിൽ മിക്കതും പാതിവഴിയിൽ കിടക്കുകയാണെന്നും നാട്ടുകാർ വാഴനട്ട് പ്രതിഷേധിക്കുകയാണെന്നും ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു. റോഡുനിർമ്മാണവും മറ്റും പാതിവഴിയിൽ തടസ്സപ്പെടാതിരിക്കാൻ കിഫ്ബിയിൽനിന്നു പൊതുമരാമത്ത് മന്ത്രി തന്റെ അധികാരം തിരിച്ചുപിടിക്കണമെന്ന് എംകെ. മുനീർ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ