'നമ്മുടെ മക്കൾ നന്നായി കാണണമെന്ന് നമ്മളാഗ്രഹിക്കില്ലേ, അതിലെന്താണ് തെറ്റ്? ഞാൻ മുഖ്യമന്ത്രിക്കൊപ്പം'; റിയാസിന് മന്ത്രിസ്ഥാനം നൽകിയതിനെ പരിഹസിച്ച് കെ ബാബു; സഭയെ ബഹളത്തിലാക്കി തൃപ്പൂണിത്തുറ എംഎൽഎയുടെ പരാമർശം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ സിപിഐഎം നേതാവുമായ മുഹമ്മദ് റിയാസിന്റെ മന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസ് എംഎൽഎ കെ ബാബു നടത്തിയ പരാമർശം നിയമസഭയെ ബഹളത്തിലാക്കി. റിയാസിനെ മന്ത്രിയാക്കിയതിൽ താൻ ഒരു കുറ്റവും പറയില്ലെന്നും നമ്മുടെ മക്കൾ നന്നായിക്കാണണമെന്ന് നമ്മൾ ആഗ്രഹിക്കില്ലേയെന്നുമായിരുന്നു കെ ബാബുവിന്റെ പരാമർശം.
'ഞങ്ങളുടെ ഭാഗത്തു നിന്നുള്ളവരുൾപ്പെടെ മുഖ്യമന്ത്രിയുടെ മരുമകനെ മന്ത്രിയാക്കി എന്ന ആക്ഷേപം പറഞ്ഞു. ഞാൻ ആ കാര്യത്തിൽ മുഖ്യമന്ത്രിയോടൊപ്പമാണ്. നമ്മുടെ മക്കൾ നന്നായിക്കാണണമെന്ന് നമ്മൾ ആഗ്രഹിക്കില്ലേ. അതിലെന്താണ് തെറ്റ്? ഞാൻ മുഖ്യമന്ത്രിയുടെ പക്ഷത്താണ്,' കെ ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം ഗവർണറുടെ പ്രസംഗത്തിന് പിന്നാലെയുള്ള നന്ദി പ്രമേയ ചർച്ചയിലായിരുന്നു കെ ബാബുവിന്റെ പരാമർശം.
പ്രസ്താവനയ്ക്ക പിന്നാലെ ഭരണപക്ഷ എംഎൽഎമാർ പ്രതിഷേധവുമായി എഴുന്നേറ്റു. എന്നാൽ ബഹളം കാര്യമാക്കാതെ പ്രസംഗം തുടരുകയായിരുന്നു ബാബു. ബഹളം കൂടിയതോടെ ബാബുവിന് സംസാരിക്കുവാനുള്ള സമയം കഴിഞ്ഞു എന്ന് ഓർമ്മിപ്പിച്ച് സ്പീക്കർ മൈക്ക് അടുത്തയാൾക്ക് നൽകുകയായിരുന്നു.
കെ.ബാബു സർക്കാരിനെ നിശിതമായി വിമർശിക്കുന്നതിൽ തുടക്കത്തിൽ തന്നെ പ്രതിപക്ഷ നിരയിൽ നിന്നും മുൻപന്തിയിലുണ്ട്. മന്ത്രി കെ. രാധാകൃഷ്ണന് ലഭിച്ച വകുപ്പിനെ കഴിഞ്ഞ ദിവസം ബാബു പരിഹസിച്ചിരുന്നു. പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനസമൂഹത്തിന് വേണ്ടിയുള്ളതാണ്. അവരെ ഉയർത്തിയെടുക്കുകയെന്നത് വലിയ കാര്യമാണെന്നും രാധാകൃഷ്ണൻ മറുപടി പറഞ്ഞതോടെ ബാബുവിന് തന്റെ വാക്കുകൾ പിൻവലിക്കേണ്ടി വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ