- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസുമായി ഉള്ള ഒത്തുതീർപ്പിൽ നിന്ന് ജോജു ജോർജിനെ പിന്തിരിപ്പിച്ചത് സിപിഎം; ഉപരോധ സമരത്തിനിടെ ജോജു മനഃപൂർവം പ്രകോപനം സൃഷ്ടിക്കുക ആയിരുന്നു; മാന്യൻ ചമയേണ്ടെന്നും ഷൂട്ടിങ് കോൺഗ്രസ് തടഞ്ഞാലോ എന്നും കെ.ബാബു എംഎൽഎ
കൊച്ചി: കോൺഗ്രസുമായുള്ള ഒത്തുതീർപ്പിൽ നിന്നും നടൻ ജോജു ജോർജ്ജിനെ പിന്തിരിപ്പിച്ചത് സിപിഐഎം ആണെന്ന് കെ ബാബു എംഎൽഎ. ഉപരോധ സമരത്തിനിടെ ജോജു ജോർജ്ജ് മനഃപൂർവ്വ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും മാന്യത ചമയേണ്ടെന്നും എംഎൽഎ പറഞ്ഞു. ഒരു സിപിഎം എംഎൽഎയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പു വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് ചർച്ച നടക്കാതെ പോയതെന്നും ബാബു പറഞ്ഞു. റോഡ് ഉപരോധിച്ചതിനെതിരെ രംഗത്തെത്തിയ ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ തകർത്ത കേസിൽ ആറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മാസ്‌ക് ധരിക്കാത്തതിൽ പൊലീസ് ജോജുവിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും എംഎൽഎ ചോദിച്ചു. സിനിമ ഷൂട്ടിങ് പലതും ഗതാഗതം തടസ്സപ്പെടുത്തി നടത്താറുണ്ട്. റോഡിൽ സിനിമ ഷൂട്ടിങ് നടത്തില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചാൽ എന്താകും അവസ്ഥ. ഫാൻസി നമ്പർ പ്ലേറ്റ് കാറിൽവെച്ചതിൽ മോട്ടോർ വാഹന വകുപ്പ് ജോജുവിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും കെ ബാബു പറഞ്ഞു.വാഹനം തകർത്ത കേസിൽ ജോജു ജോർജ്ജ്-കോൺഗ്രസ് ഒത്തു തീർപ്പ് ശ്രമങ്ങളിൽ നിന്ന് ജോജു പിന്മാറുന്നതായി തോന്നുന്നുവെന്ന് കഴിഞ്ഞ ദിവസം എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു. സംഭവിച്ച കാര്യങ്ങളിൽ ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെയെന്നാണ് മുഹമ്മദ് ഷിയാസ് പറഞ്ഞത്.
ജോജുവിന്റെ അഭിഭാഷകന് മറുപടിയായിട്ടാണ് ഷിയാസ് ഇക്കാര്യം അറിയിച്ചത്.കോൺഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകൻ നൽകിയത്. ജോജുവിനെതിരെ നേതാക്കളും പ്രവർത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണം. നേതാക്കൾ നടത്തിയ വ്യക്തിപരമായ പരാമർശങ്ങളും പിൻവലിക്കണം. പൊതുജനമധ്യത്തിൽ ആരോപിച്ച കാര്യങ്ങൾ പൊതുമധ്യത്തിൽ തന്നെ പ്രസ്താവനയിലൂടെ പിൻവലിക്കണം തുടങ്ങിയ കാര്യങ്ങളാണ് ജോജു മുന്നോട്ടു വച്ചിരിക്കുന്നത്. വിഷയത്തിൽ നേതാക്കൾ ഒത്തുതീർപ്പിനായി സമീപിച്ചിരുന്നെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വ്യക്തിപരമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആരോപണങ്ങൾ പിൻവലിച്ചാൽ ഒത്തുതീർപ്പിന് ഇനിയും സാധ്യതകളുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ